ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ദുൽഖർ സൽമാൻ വോട്ട് രേഖപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. താരം വോട്ട് ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് മലയാളി താരം എങ്ങനെ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തു എന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസക്കാരനായ ദുൽഖർ, അവിടെയാണ് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാൽ ഇതിനെച്ചൊല്ലി വിഭിന്നമായ അഭിപ്രായങ്ങളാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള ഇടങ്ങളിൽ ഉയരുന്നത്. ദുൽഖർ കേരളത്തെ ഉപേക്ഷിച്ചോ എന്ന രീതിയിലുള്ള വിമർശനങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, ചെന്നൈയിൽ സ്ഥിരതാമസമായ ഒരാൾ അവിടെ വോട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന ചോദ്യവുമായി ആരാധകരും രംഗത്തുണ്ട്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദുൽഖർ കേരളത്തിൽ വോട്ട് ചെയ്തിരുന്നു. പിന്നീട് വോട്ടർ പട്ടികയിൽ മാറ്റം വരുത്തിയാണ് തമിഴ്‌നാട്ടിൽ പേര് ചേർത്തതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ദുൽഖർ പഠിച്ചതും വളർന്നതും കുടുംബത്തോടൊപ്പം കഴിയുന്നതും ചെന്നൈയിലാണെന്നും അതുകൊണ്ടുതന്നെ അവിടുത്തെ വിലാസത്തിലാണ് വോട്ട് ചെയ്യേണ്ടതെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു. എവിടെയാണെങ്കിലും അദ്ദേഹം തന്റെ ജനാധിപത്യപരമായ കടമ നിർവഹിച്ചുവെന്നതിനെ പോസിറ്റീവായി കാണണമെന്നും കമന്റുകളുണ്ട്.
അതേസമയം, തമിഴ് സിനിമാ ലോകത്തെ പ്രമുഖരും രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി. രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ രൂപീകരിച്ച ശേഷം ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയ് നീലങ്കരിയിലാണ് വോട്ട് ചെയ്തത്. സൂപ്പർ താരം രജനികാന്ത് മകൾ സൗന്ദര്യയ്ക്കൊപ്പം സ്റ്റെല്ലാ മേരിസ് സ്കൂളിലെത്തി വോട്ട് ചെയ്തു. കമൽഹാസനും ശ്രുതി ഹാസനും ആൽവാർപേട്ടിലും നടൻ അജിത് തിരുവാണ്മിയൂരിലും വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.