മറയാത്ത ഓർമ്മയായി സുശാന്ത്; ആറാം ചരമവാർഷികത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി ശ്വേത സിങ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആറാം ചരമവാർഷികത്തിൽ നടന്റെ ഓർമ്മകളും അദ്ദേഹം മുറുകെപ്പിടിച്ച മൂല്യങ്ങളും പങ്കുവെച്ച് സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള വൈകാരികമായ ഒരു കുറിപ്പാണ് ശ്വേത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ മരണശേഷവും അദ്ദേഹം ജനഹൃദയങ്ങളിൽ ചെലുത്തിയ സ്വാധീനം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ശ്വേതയുടെ വാക്കുകൾ.

ശനിയാഴ്ച രാത്രിയാണ് സുശാന്തിന്റെ ചിത്രങ്ങൾക്കൊപ്പം ശ്വേത കുറിപ്പ് പങ്കുവെച്ചത്. വർഷങ്ങൾ കടന്നുപോയെങ്കിലും തന്റെ സഹോദരൻ ആളുകളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നുണ്ടെന്ന് ശ്വേത കുറിച്ചു. ആറ് വർഷങ്ങൾ, സമയം കടന്നുപോയി, എങ്കിലും ചില ആത്മാക്കൾ സമയത്തേക്കാൾ വലുതായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഭായിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, അദ്ദേഹം നമ്മെ എങ്ങനെ വിട്ടുപോയി എന്നല്ല, മറിച്ച് അദ്ദേഹം എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നാണ് ഞാൻ ഓർക്കുന്നതെന്ന് ശ്വേത കുറിച്ചു.

സുശാന്തിന്റെ കൗതുകത്തെയും കാരുണ്യത്തെയും കുറിച്ച് ശ്വേതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, കുട്ടിക്കാലത്തെപ്പോലെയുള്ള അദ്ദേഹത്തിന്റെ കൗതുകം, ജീവിതത്തോടും നക്ഷത്രങ്ങളോടും പ്രപഞ്ചത്തോടും മനുഷ്യ മനസ്സിന്റെ രഹസ്യങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം എന്നിവയാണ് ഞാൻ ഓർക്കുന്നത്. ആളുകൾ ആരായാലും അവരെ അന്തസ്സോടെ പരിഗണിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്.

സ്‌നേഹം സമയത്തിന്റെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും ശ്വേത കൂട്ടിച്ചേർത്തു. ഭൗതികശരീരം നമ്മുടെ കാഴ്ചയിൽ നിന്ന് മറഞ്ഞാലും ഒരു നല്ല ആത്മാവിന്റെ സ്വാധീനം എണ്ണമറ്റ ജീവിതങ്ങളിലൂടെ തുടർന്നുകൊണ്ടേയിരിക്കും. ദേഷ്യത്തിന് പകരം ദയയും, അജ്ഞതയ്ക്ക് പകരം അറിവും, നിരാശയ്ക്ക് പകരം പ്രതീക്ഷയും തിരഞ്ഞെടുക്കുമ്പോഴെല്ലാം സുശാന്ത് പ്രതിനിധീകരിച്ച മൂല്യങ്ങൾ ജീവിക്കുകയാണെന്നും അവർ പറഞ്ഞു.

ദുഃഖമല്ല, മറിച്ച് അദ്ദേഹം ജീവിച്ച മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നതാണ് സുശാന്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയെന്ന് ശ്വേത പറഞ്ഞു. ശ്വേത പങ്കുവെച്ച ചിത്രങ്ങളിൽ സുശാന്തിനെ ശ്രീരാമനായി ചിത്രീകരിക്കുന്ന ഒരു എ.ഐ ചിത്രവും ഉൾപ്പെട്ടിരുന്നു. സംവിധായകൻ നിതേഷ് തിവാരിയുടെ രാമായണം സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ, സുശാന്ത് ശ്രീരാമന്റെ വേഷം ചെയ്താൽ എങ്ങനെയിരിക്കുമെന്ന ആരാധകരുടെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ശ്വേത, ഈ ആധുനിക യുഗത്തിൽ ഭായിയേക്കാൾ മനോഹരമായി മറ്റാർക്കും ശ്രീരാമനെ അവതരിപ്പിക്കാൻ കഴിയില്ല എന്ന് കുറിച്ചിരുന്നു. 

Tags:    
News Summary - Sushant is an unforgettable memory; Sister Shweta Singh writes an emotional note on the sixth death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.