'ഇപ്പോൾ റോളിനെക്കുറിച്ച് ചോദിക്കില്ല, ഷൂട്ടിങ് ലൊക്കേഷനാണ് ചോദിക്കാറ്'; മുംബൈയിലെ റോഡുകളുടെ അവസ്ഥയിൽ രോഷം പ്രകടിപ്പിച്ച് സുധ ചന്ദ്രൻ

മുംബൈയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് നിരാശ പ്രകടിപ്പിക്കുകയാണ് നർത്തകിയും നടിയുമായ സുധ ചന്ദ്രൻ. 'നമ്മൾ ജോലിക്ക് പോകാൻ പുറപ്പെടുന്നു. പക്ഷേ ട്രാഫിക് ബ്ലോക്കും മോശം റോഡുകളും കാരണം സെറ്റിലെത്തുമ്പോഴേക്കും ക്ഷീണിതനും അസ്വസ്ഥനുമാകും. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ വഷളാക്കുന്നു. ബി.പിയും തൈറോയ്ഡ് നിലയും വർധിക്കുകയും സമ്മർദം മറ്റൊരു തലത്തിലെത്തുകയും ചെയ്യുന്നു. ഇത് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല' -സുധ ചന്ദ്രൻ പറഞ്ഞു.

റോഡുകളുടെ അവസ്ഥ തന്റെ ജോലിയെയും ബാധിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. 'ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഒരിക്കലും സെറ്റിൽ വൈകി എത്താറില്ല. എന്നാൽ ഈ കാലത്ത് റോഡുകളുടെ അവസ്ഥ കാരണം ഞാൻ എപ്പോഴും അര മണിക്കൂർ അല്ലെങ്കിൽ 45 മിനിറ്റോളം വൈകുന്നു. ഇത് എന്റെ നിർമാതാവിന് വലിയ നഷ്ടം വരുത്തുന്നുണ്ട്. ജോലി വൈകുമ്പോൾ അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. നിങ്ങളുടെ മനസ്സിലും സമ്മർദം വർധിക്കുന്നു. നമ്മളതിൽ വളരെ അസ്വസ്ഥരാകുകയാണ്. 20-25 മിനിറ്റ് ഒരു സ്ഥലത്ത് കുടുങ്ങിക്കിടക്കുക, നിങ്ങൾക്ക് മറ്റെവിടെയും പോകാനോ ബദൽ മാർഗം സ്വീകരിക്കാനോ പോലും പറ്റില്ല. ഒരു വർഷത്തിലേറെയായി ഞാൻ മാധ് ദ്വീപിലേക്ക് മാറിയിട്ട്. പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല' -അവർ പറയുന്നു.

'നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്, എന്നാലും ഗതാഗതം നിയന്ത്രിക്കാൻ ആരും ഇല്ല എന്നതാണ് പ്രശ്നം. ഒരു ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടില്ല. അതുമൂലം നിരവധി ആളുകൾക്ക് പ്രത്യേകിച്ച് ദിവസ വേതനക്കാർക്കും സാങ്കേതിക വിദഗ്ധർക്കും ജോലി നഷ്ടപ്പെടുന്നു. ഇപ്പോൾ ജോലി തെരഞ്ഞെടുക്കുമ്പോൾ എന്റെ റോളിനെക്കുറിച്ച് ഞാൻ ചോദിക്കുന്നില്ല, മറിച്ച് ഷൂട്ടിങ് ലൊക്കേഷനെക്കുറിച്ചാണ് ചോദിക്കാറ്. സാഹചര്യം വളരെ മോശമായി. യാത്രയുടെ അസൗകര്യം കാരണം എനിക്ക് ഒരുപാട് വർക്കുകൾ വേണ്ട എന്ന് പറയേണ്ടിവരുന്നു' സുധ ചന്ദ്രൻ പറയുന്നു.

'നമ്മുടെ ക്ഷമ പരീക്ഷിക്കുന്നതിലേക്ക് എത്തുന്നതിന് മുമ്പുതന്നെ നമ്മൾ ഇതിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. യാത്രക്കാരിൽ വളരെ മുതിർന്ന പൗരന്മാരുണ്ട്. നിരവധി അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവരുണ്ട്. ആളുകൾ അവർക്ക് ആവശ്യമുള്ളിടത്തേക്ക് എങ്ങനെ യാത്ര ചെയ്യും? ഉണരേണ്ട സമയമാണിത്' -സുധ അഭിപ്രായപ്പെട്ടു.

'വികസനം പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുപോലെതന്നെ നിയന്ത്രണവും പ്രധാനമാണ്. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കണം. എനിക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ എങ്ങനെ ജോലി ചെയ്യും. അഭിനേതാക്കളെന്ന നിലയിൽ സെറ്റുകൾ എവിടെ സ്ഥാപിക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശിക്കാൻ കഴിയില്ല. അത് നിർമാതാക്കളുടെ തീരുമാനമാണ്. അവർ അവരുടെ പണത്തിന്റെ വലിയൊരു ഭാഗം പ്രോജക്റ്റ് നിർമിക്കാൻ ചെലവഴിക്കുന്നു. ജീവിത സാഹചര്യങ്ങൾകൊണ്ട് നമ്മൾക്ക് വീട്ടിൽ തന്നെ തുടരാൻ കഴിയില്ല. നാമെല്ലാവരും ദിവസ വേതന തൊഴിലാളികളാണ്. ഇത് നിരാശാജനകമായി മാറിയിരിക്കുന്നു.' സുധ ചന്ദ്രൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sudhaa Chandran expresses frustration over the state of Mumbai roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.