സിനിമ എല്ലാ കാലത്തും ഇങ്ങനെയാണ്; ഇപ്പോഴത്തെ വെളിപ്പെടുത്തൽ വെറും ഷോ -ശാരദ, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ നടിമാരുടെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന താരങ്ങളായ ശാരദയും ഷീലയും. റിപ്പോർട്ടിനു പിന്നാലെ ഇപ്പോൾ വരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്നായിരുന്നു ശാരദയുടെ പ്രതികരണം. ഹേമ കമ്മിറ്റി അംഗം കൂടിയാണ് ശാരദ.
എല്ലാ കാലത്തും സിനിമയിൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തെൻറ കാലത്ത് ആളുകൾ അതെ കുറിച്ച് മിണ്ടിയില്ല. അഭിമാനത്തെ കരുതിയും ഭയവും മൂലം ആളുകൾ അതെല്ലാം മൂടിവെച്ചു. എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറ എല്ലാം തുറന്നുപറയാൻ തയാറായി എന്നും ശാരദ പറഞ്ഞു.
എല്ലാവരും ഇപ്പോൾ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണ്. ഹേമ മേഡത്തോട് ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ശാരദ പറഞ്ഞു.
സിനിമയിൽ തനിക്ക് ദുരനുഭവം നേരിട്ടിട്ടില്ലെന്നും അങ്ങനെയുള്ളവർ തുറന്നു പറയണമെന്നായിരുന്നു ഷീലയുടെ പ്രതികരണം. സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് അത് തുറന്നുപറയാൻ അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഡബ്ല്യു.സി.സിയെ കുറിച്ച് അഭിമാനമാണെന്നും അതിലെ അംഗങ്ങൾ സിനിമ മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും ഷീല കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റിയെ നിയമിച്ച് സ്ത്രീകൾക്ക് തുറന്ന് സംസാരിക്കാൻ അവസരമൊരുക്കിയ സർക്കാറിനെയും ഷീല അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.