പ്രകാശ് രാജ്
‘ആർക്കാണ് സിനിമകളെ തടയാൻ കഴിയുക?’; വിലക്കുകൾക്ക് മറുപടിയുമായി പ്രകാശ് രാജ്
രാഷ്ട്രീയത്തിൽ ശബ്ദമുയർത്താൻ തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ സിനിമാ ലോകത്ത് വിവാദ നായകനായിരുന്നു നടൻ പ്രകാശ് രാജ്. ടോളിവുഡിൽ നിന്ന് മാത്രം എട്ട് തവണ വിലക്കേറ്റ നടൻ. ഇപ്പോൾ എക്സിൽ അദ്ദേഹത്തിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണങ്ങളും പതിവാണ്. തന്നെ വിലക്കണമെന്ന് പറയുന്നവർക്ക് മറുപടി നൽകിയ അദ്ദേഹം, വാരണാസിയിൽ തന്നെ അഭിനയിപ്പിച്ചതിന് എസ്.എസ്. രാജമൗലിയെ വരെ ചോദ്യം ചെയ്യുകയാണെന്ന് വെളിപ്പെടുത്തി.
‘ഞാൻ കെജിഎഫിൽ അഭിനയിച്ചപ്പോൾ അവർക്ക് എന്നെ അഭിനയിപ്പിച്ചതിൽ പ്രശ്നമുണ്ടായിരുന്നു. ആ സിനിമ എത്ര പണം ഉണ്ടാക്കി, ഇപ്പോൾ എന്ത് ചെയ്യും? പ്രകാശ് രാജിനെ വിലക്കൂ എന്ന് നിങ്ങൾ പറഞ്ഞു, എന്നിട്ടും ദൃശ്യം 3 അതിലും കൂടുതൽ കലക്ഷൻ നേടി. ആർക്കാണ് സിനിമകളെ തടയാൻ കഴിയുക? പരമാവധി ഞാൻ നിർമിക്കുന്ന സിനിമകളെ തടയാൻ കഴിയും. ഞാൻ പ്രധാനമായും ഒരു നടനാണ്. ഞാൻ ഇപ്പോൾ വാരണാസിയിലാണ്. എക്സിൽ എന്നെ സിനിമയിൽ അഭിനയിപ്പിച്ചതിന് രാജമൗലിയെ ചോദ്യം ചെയ്യുകയാണ്. ആർക്കാണ് അത് വിലക്കാൻ കഴിയുക?"തന്റെ ജോലി കണ്ടവർക്കും ഇഷ്ടപ്പെട്ടവർക്കും തന്നോട് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാവരും ഒരുപോലെ ആകണമെന്നില്ലാത്ത ഒരു ജീവിതം നയിക്കുന്നത് മനോഹരമല്ലേ? ഇങ്ങനെ ജീവിക്കുക, സത്യസന്ധനായിരിക്കുക, അതിനൊപ്പം വരുന്ന പ്രശ്നങ്ങളെ നേരിടുക എന്നതാണ് ഞാൻ. അതിൽ എന്താണ് തെറ്റ്? ഞാൻ അതിക്രമങ്ങൾ ചെയ്തിട്ടുണ്ടോ, മോഷ്ടിച്ചിട്ടുണ്ടോ? എന്റെ ജോലി കൊണ്ട് എന്നെ വിലയിരുത്തൂ. ഞാൻ ജയിലിലല്ല, കൃത്യ സമയത്ത് വന്ന് പോകാൻ. അതാണ് ഒരു കലാകാരൻ പ്രവർത്തിക്കുന്ന രീതി. അഞ്ച് ഭാഷകളിൽ ജോലി ചെയ്ത് യാത്ര ചെയ്യുമ്പോൾ ഇത് സംഭവിക്കും പ്രകാശ് രാജ് പറഞ്ഞു.
2008ൽ തെലുങ്ക് സിനിമാ വ്യവസായത്തിൽ നിന്ന് വിലക്കേറ്റ ആദ്യത്തെ നടനായി മാറിയത് പ്രകാശ് രാജാണ്. കരിയറിലുടനീളം വിവിധ കാരണങ്ങളാൽ എട്ട് തവണയാണ് അദ്ദേഹം വിലക്കിന് വിധേയനായത്. ഷൂട്ടിങ് ഷെഡ്യൂളുകൾ മുടക്കുന്നു, സെറ്റിൽ വൈകി എത്തുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള പ്രധാന പരാതികൾ. ജൽസ, കാന്ത്രി, പരുഗു തുടങ്ങിയ വലിയ സിനിമകളുടെ നിർമാതാക്കൾ അദ്ദേഹം സെറ്റിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് പരാതിപ്പെട്ടിരുന്നു.
2021ൽ നടന്ന മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (എംഎഎ) തിരഞ്ഞെടുപ്പിൽ പ്രകാശ് രാജ് വിഷ്ണു മഞ്ചുവിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. കർണാടകയിൽ ജനിച്ചതിനാൽ തെലുങ്ക് സിനിമയിൽ 'പുറത്തുനിന്നുള്ളവൻ' ആണെന്നായിരുന്നു എതിർ പ്രചാരണം.
ചിരഞ്ജീവി ഉൾപ്പെടെയുള്ള പ്രമുഖരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പിൽ തോറ്റ അദ്ദേഹം ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചിരുന്നു. എന്നിരുന്നാലും ഇതൊന്നും തന്റെ കരിയറിനെ ബാധിച്ചില്ലെന്ന് പ്രകാശ് രാജ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി ഇപ്പോഴും തിരക്കുള്ള നടനായി അദ്ദേഹം തുടരുന്നു. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലും അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നതാണ് അതിന് തെളിവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.