ലാറ ദത്ത

‘കൈകേയി ഇല്ലായിരുന്നെങ്കിൽ രാമായണം ഉണ്ടാകുമായിരുന്നില്ല, അവൾക്ക് ഒരു ദിവ്യനിയോഗമുണ്ടായിരുന്നു’; തന്റെ കഥാപാത്രം വില്ലത്തിയല്ലെന്ന് ലാറ ദത്ത

നല്ലതും ചീത്തയും തമ്മിലുള്ള പോരാട്ടമായാണ് രാമായണം പൊതുവെ വിലയിരുത്തപ്പെടാറുള്ളതെങ്കിലും, ഈ ഇതിഹാസത്തിൽ രണ്ടും ഒരുപോലെ ഒന്നുചേരുന്ന കഥാപാത്രങ്ങൾ വളരെ കുറവാണ്. നിതീഷ് തിവാരിയുടെ പുതിയ ചിത്രമായ 'രാമായണ'ത്തിൽ കൈകേയിയായി വേഷമിടുന്ന നടി ലാറ ദത്ത, തന്റെ കഥാപാത്രം കാലങ്ങളായി നിലനിൽക്കുന്ന 'ദുഷ്ടയായ രണ്ടാനമ്മ' എന്ന ലളിതമായ വിശേഷണത്തിനപ്പുറമുള്ളതാണെന്ന് വ്യക്തമാക്കുന്നു.

‘വളരെ സൂക്ഷ്മതയോടെയാണ് നിതീഷ് കൈകേയിയെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭരതനേക്കാൾ കൂടുതൽ കൈകേയി രാമനെ സ്‌നേഹിച്ചിരുന്നു എന്ന് പല പതിപ്പുകളിലും കാണിച്ചിട്ടുണ്ട്. രാമൻ എപ്പോഴും അവളുടെ പ്രിയപ്പെട്ടവനായിരുന്നു’ ചിത്രത്തിലും കുട്ടിക്കാലം മുതൽ തന്നെ എല്ലാ ഭക്ഷണത്തിന്റെയും ആദ്യത്തെ ഉരുള കൈകേയി സ്വന്തം മകനായ ഭരതന്റെ എതിർപ്പുകളെ വകവെക്കാതെ മൂത്ത മകൻ രാമന് നൽകുന്നത് കാണാൻ സാധിക്കും.

രാമൻ അയോധ്യയുടെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ കൈകേയി ഒരിക്കലും എതിർത്തില്ലെന്നും, അതവൾക്ക് വലിയ സന്തോഷമുള്ള നിമിഷമായിരുന്നുവെന്നും ലാറ ഓർമിപ്പിക്കുന്നു. രാമന്റെ രാജ്യഭിഷേകത്തിനായി ഏറ്റവും മികച്ച ആഭരണങ്ങളും വസ്ത്രങ്ങളും സ്വയം തിരഞ്ഞെടുക്കുന്ന കൈകേയിയെ ചിത്രത്തിൽ കാണാം. എന്നാൽ ഇതിനെല്ലാം മാറ്റം വരുന്നത് മന്ഥര രംഗപ്രവേശം ചെയ്യുമ്പോഴാണ്. മന്ഥരയാണ് കൈകേയിയുടെ ചിന്തകളിൽ സ്വാധീനം ചെലുത്തുകയും തുടർന്ന് രാമന് 14 വർഷത്തെ വനവാസം ലഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നത്.

‘മന്ഥര ഇല്ലായിരുന്നെങ്കിൽ കൈകേയിയുടെ കഥാപാത്രത്തിന്റെ ആഴം പൂർണ്ണമാകില്ലായിരുന്നു. ഈ രണ്ട് കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവർ തമ്മിലുള്ള ബന്ധത്തിന് വലിയ ആഴമുണ്ട്. മന്ഥര സ്വാർത്ഥയും കപടവുമായിരുന്നിരിക്കാം, എന്നാൽ കൈകേയിയുടെ മേൽ അവൾക്കുണ്ടായിരുന്ന സ്വാധീനം വലുതാണ്. അതൊരു സങ്കീർണ്ണമായ ബന്ധമാണ്’ ലാറ പറയുന്നു. പുരുഷന്മാർ മാത്രമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരേയൊരു പെൺകുട്ടിയായിരുന്നു കൈകേയി. പ്രസവസമയത്ത് അവൾക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. വളർത്തിയത് മന്ഥരയായിരുന്നു. അതിനാൽ മന്ഥര വെറുമൊരു പരിചാരിക മാത്രമല്ല, പലവിധത്തിൽ മാതൃതുല്യയായ വ്യക്തിയായിരുന്നു.

യുദ്ധക്കളത്തിൽ വെച്ച് ഒരിക്കൽ ദശരഥനെ രക്ഷിച്ചപ്പോൾ, രാജാവിന്റെ വാക്ക് പാലിക്കാമെന്ന് അദ്ദേഹം അവൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അന്നത് വെറുമൊരു കടമ മാത്രമായാണ് താൻ കണ്ടതെന്ന് ലാറ പറയുന്നു. കൈകേയിയുടെ കൈപിടിക്കാൻ ദശരഥൻ എത്തിയപ്പോൾ, അന്നത്തെക്കാലത്ത് രാഷ്ട്രീയ സഖ്യങ്ങൾക്കായി മാത്രം വിവാഹങ്ങൾ നടന്നിരുന്നതിനാൽ, തന്റെ മകൾ ഒരു രാജാവിന്റെ മൂന്നാമത്തെ രാജ്ഞിയാകാൻ അവളുടെ പിതാവ് ആഗ്രഹിച്ചിരുന്നില്ല ലാറ വ്യക്തമാക്കുന്നു. അങ്ങനെയാണ് മൂത്തവനാണോ ഇല്ലയോ എന്നത് നോക്കാതെ കൈകേയിയുടെ മകൻ തന്നെ അയോധ്യയുടെ സിംഹാസനത്തിൽ ഇരിക്കുമെന്ന് ദശരഥൻ അവളുടെ പിതാവിന് വാഗ്ദാനം നൽകിയത്.

ഒരു അമ്മയെന്ന നിലയിലുള്ള സ്‌നേഹത്തിനും, തന്റെ മകന്റെ ജന്മാവകാശം സംരക്ഷിക്കേണ്ട ഒരു അമ്മയുടെ കടമക്കുമിടയിൽ അവൾ പെട്ടുപോയി. അയോധ്യയെപ്പോലെയുള്ള വലിയൊരു രാജ്യത്ത്, അന്തർനാടകങ്ങളും കൊട്ടാര രാഷ്ട്രീയവും അരങ്ങേറുമ്പോൾ അവൾ തന്റെ മകനുവേണ്ടി പോരാടിയില്ലെങ്കിൽ, ജനനസമയത്ത് ഉറപ്പുനൽകിയ അധികാരം അവന് നഷ്ടപ്പെടുമായിരുന്നു. അഭിനയിക്കാൻ ഏറെ സങ്കീർണ്ണമായൊരു കഥാപാത്രമാണിത് ലാറ പറയുന്നു. തന്റെ കഥാപാത്രത്തിന് മാന്യത നൽകാനാണ് താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അവൾ എപ്പോഴും ഒരു വില്ലത്തിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ചിന്തിച്ചാൽ, രാമനെക്കൊണ്ട് രാവണനെ വധിപ്പിച്ച് ഭൂമിയിൽ സമാധാനവും വിശ്വാസവും പുനഃസ്ഥാപിക്കുക എന്ന ദിവ്യമായ ലക്ഷ്യത്തോടെയാണ് അവൾ ജനിച്ചത് എന്ന് മറ്റൊരു പതിപ്പിലുണ്ടെന്ന് ലാറ പറയുന്നു.

ഏറ്റവും തെറ്റിധരിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളാണ് കൈകേയിയെന്നും അവൾ ഇല്ലായിരുന്നെങ്കിൽ രാമായണം ഉണ്ടാകുമായിരുന്നില്ലെന്നും ലാറ അവകാശപ്പെടുന്നു. ‘അല്ലെങ്കിൽ രാമൻ അയോധ്യയുടെ രാജാവാകുമായിരുന്നു, മറ്റേതൊരു രാജാവിനെയും പോലെ ഭരിക്കുമായിരുന്നു, അതായിരിക്കുമായിരുന്നു അദ്ദേഹത്തിന്റെ ചരിത്രം. എന്നാൽ അദ്ദേഹം കാട്ടിലേക്ക് അയക്കപ്പെട്ടതുകൊണ്ടാണ് സീതാപഹരണം ഉൾപ്പെടെയുള്ള എല്ലാ സംഭവങ്ങളും ഉണ്ടായത്. കഥയിലെ അത്രയധികം നിർണ്ണായകമായ ഒരു കഥാപാത്രമാണ് അവൾ’ എന്നാൽ താൻ എടുത്ത തീരുമാനങ്ങളിൽ പിന്നീട് പശ്ചാത്തപിക്കുന്നുണ്ടെങ്കിലും, താൻ ചെയ്ത കാര്യങ്ങൾ മന്ഥരയെ സ്വാധീനിച്ചതുകൊണ്ടല്ല, മറിച്ച് തനിക്ക് അവകാശപ്പെട്ടത് മാത്രമാണ് ചോദിച്ചതെന്ന ഉറച്ച ബോധ്യത്തിലാണ് കൈകേയിയെന്നും ലാറ വിശദീകരിക്കുന്നു.

Tags:    
News Summary - Lara Dutta Opens Up About Playing Complex Character Kaikeyi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.