അമിതാഭ് ബച്ചൻ

‘രക്ഷപ്പെട്ടു’; ബോംബ് ഭീഷണികൾക്കിടയിൽ അമിതാഭ് ബച്ചന്റെ എക്സ് പോസ്റ്റ്

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ മുംബൈയിലെ പ്രശസ്തമായ വസതിയായ ‘ജൽസ’ക്ക് പുറത്ത് വെടിവെയ്പ്പ് നടത്താൻ ലോറൻസ് ബിഷ്ണോയ് സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നടത്തിയ നിർണ്ണായക നീക്കത്തിലാണ് വൻ ആക്രമണ പദ്ധതി പൊളിച്ചുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് ഗാംഗിലെ രണ്ട് പ്രമുഖ ഷൂട്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജലന്ധർ സ്വദേശിയായ വികാസ് താക്കൂർ എന്ന വിക്കി, പഞ്ചാബിലെ തരണ്‍ തരണ്‍ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്.

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ മിന്നൽ നീക്കത്തിലൂടെ രണ്ട് വലിയ ഗൂഢാലോചനകളാണ് തടഞ്ഞിരിക്കുന്നത്. ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയെ കവർച്ചാ ലക്ഷ്യത്തോടെ വെടിവെച്ചു കൊല്ലാനും, മുംബൈയിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുമായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഡൽഹിയിലെ ആക്രമണത്തിന് നേതൃത്വം നൽകാനാണ് വികാസ് താക്കൂർ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് പദ്ധതി നടപ്പിലാക്കാൻ ദീപക് സിങ്ങും ഒപ്പം ചേരുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം വികാസിനെയും തുടർന്ന് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെയും പൊലീസ് പിടികൂടുകയായിരുന്നു.

1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ പണ്ട് നടത്തിയ ഒരു പ്രസ്താവനയാണ് അദ്ദേഹത്തെ ലക്ഷ്യമിടാൻ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കൃത്യമായ ഗൂഢാലോചനയും പ്രതികൾക്ക് നിർദേശം നൽകിയ വിദേശത്തുള്ള മറ്റ് സംഘാംഗങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടയിൽ അമിതാഭ് ബച്ചൻ തന്റെ സോഷ്യൽ മീഡിയയിൽ യാതൊരു വിശദീകരണവുമില്ലാതെ ബച്ച് ഗയേ (രക്ഷപ്പെട്ടു) എന്ന് മാത്രം കുറിച്ചത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ അമിതാഭ് ബച്ചന് ഇമെയിൽ വഴി മൂന്ന് തവണ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഒക്ടോബർ 23നാണ് ആദ്യ ഭീഷണി എത്തിയത്. തുടർന്ന് നവംബർ 6നും നവംബർ 12നും വീണ്ടും ഭീഷണികൾ ലഭിച്ചു. നവംബർ 6ലെ ഇമെയിലിൽ ‘ഖാലിസ്താൻ’ പരാമർശങ്ങളും, മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന ഗായകൻ ദിൽജിത് ദോസഞ്ചിന്റെ കച്ചേരിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. ഭീഷണികളെ തുടർന്ന് പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും മുൻകരുതലിന്റെ ഭാഗമായി മുംബൈ പൊലീസ് അമിതാഭ് ബച്ചന്റെ ‘ജൽസ’ക്ക് മുന്നിൽ സുരക്ഷ ശക്തമാക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ ഒന്നിന് ആരാധകരെ കാണാൻ എത്തിയ താരം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും, സുരക്ഷാ മുൻകരുതലെന്ന നിലയിലായിരുന്നു അത്.

പിടിയിലായ പ്രതികളിൽ വികാസ് താക്കൂറിന് 2019 മുതൽ തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ട്. പ്രായപൂർത്തിയാകാത്ത കാലത്ത് പിടിച്ചുപറി കേസിൽ പ്രതിയായ ഇയാൾ, പിന്നീട് അധോലോക കുറ്റവാളി അൻമോൽ ബിഷ്ണോയ്, അനിൽ പണ്ഡിറ്റ്, രൺദീപ് മാലിക് തുടങ്ങിയവരുടെ സംഘത്തിനായി പ്രവർത്തിച്ചു വരികയായിരുന്നു. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുക, ആയുധങ്ങൾ എത്തിക്കുക, കവർച്ചക്കായി ലക്ഷ്യങ്ങൾ നിരീക്ഷിക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ചുമതലകൾ.

മറ്റൊരു പ്രതിയായ ദീപക് സിങ് കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവറായും സഹായിയായും ജോലി ചെയ്തിരുന്നയാളാണ്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ് ഇയാളെ ക്രിമിനൽ ലോകത്തിലേക്ക് നയിച്ചത്. ഒക്ടോബർ മൂന്നിന് അമൃത്സറിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മാദ് സന്ധുവിന്റെ കൊലപാതകക്കേസിലും ദീപക് പ്രതിയാണ്. ഈ കൊലപാതകത്തിന് ശേഷമാണ് ഇയാൾ മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ആയുധ നിയമപ്രകാരം കേസെടുത്തിട്ടുള്ള പൊലീസ്, ഇരുവരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags:    
News Summary - Amitabh Bachchan's Cryptic Post Amid Security Threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.