ബോളിവുഡ് താരമായ ആമിർ ഖാന്റെയും മുൻ ഭാര്യ റീന ദത്തയുടെയും മകളാണ് ഇറ ഖാൻ. സമൂഹമാധ്യമങ്ങളിൽ നിറ സാന്നിധ്യമായ ഇറ, തന്റെ പിതാവിനോടും സഹോദരൻ ജുനൈദ് ഖാനോടുമുള്ള അടുപ്പത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. കുട്ടിക്കാലത്തുതന്നെ താൻ ഒരു സെലിബ്രിറ്റിയാണെന്ന കാര്യം തിരിച്ചറിഞ്ഞിരുന്നുവെന്നും, ആമിറിന്റെ മകളായതിനാൽ ആളുകൾ സമീപിക്കുന്ന രീതി വ്യത്യസ്തമായിരുന്നുവെന്നും ഇറ ഓർക്കുന്നു. കുട്ടിയെന്ന നിലയിൽ തന്നെ സംരക്ഷിക്കാൻ എപ്പോഴും ആമിറിന്റെ കരുതലുണ്ടായിരുന്നുവെന്നും ഇറ പറയുന്നു.
“ആരെങ്കിലും മുൻ ധാരണയോടെ എന്നെ വിലയിരുത്തിയെന്ന് കരുതുന്നില്ല. എന്നാൽ എന്റെ പിതാവ് ആരെന്ന് അറിയാവുന്നവർ എന്നോട് കൂട്ടുകൂടാൻ വരാറുണ്ടായിരുന്നു. എപ്പോഴും കരുതലുള്ള പിതാവാണ് അദ്ദേഹം. കുട്ടിക്കാലം മുതൽ നീന്തൽ അറിയാമെങ്കിലും, അദ്ദേഹമെന്നെ നീന്താൻ അനുവദിച്ചിരുന്നില്ല. ബീച്ചിൽ പോകുമ്പോൾ കടലിലിറങ്ങും. പരമാവധി അരക്കൊപ്പം വെള്ളത്തിൽ ഇറങ്ങാൻ മാത്രമേ സമ്മതിക്കാറുള്ളൂ.
ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലും അദ്ദേഹം അമ്മക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തിയിരുന്നു. സ്കൂളിൽ എന്നെ ആരെങ്കിലും ശല്യപ്പെടുത്തുന്നുണ്ടോ, പഠനം ശരിയായ രീതിയിൽ നടക്കുന്നില്ലേ എന്നെല്ലാം അദ്ദേഹം അന്വേഷിക്കാറുണ്ടായിരുന്നു. എനിക്കും ജുനൈദിനുമൊപ്പം ബോർഡ് ഗെയിമുകൾ കളിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഞങ്ങൾ മൂവരും ഒരുമിച്ച് ധാരാളം സമയം പങ്കിട്ടു” - ഇറ പറഞ്ഞു.
സഹോദരൻ ജുനൈദിനൊപ്പവും നല്ല നിമിഷങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്ന് ഇറ പറഞ്ഞു. “സ്കൂൾ കാലത്ത് ജുനൈദുമായി വഴക്കിടുമായിരുന്നു. പലതിലും അവന്റെ താൽപര്യത്തിന് വിരുദ്ധമായിരുന്നു എന്റേത്. എന്നാൽ അവൻ കോളജിൽ പ്രവേശനം നേടി വീട്ടിൽനിന്ന് മാറിനിന്നതോടെ വഴക്കിടൽ നിന്നു. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തത് അപ്പോഴാണ്. ചിന്തിക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും അത് വലിയൊരു മാറ്റമായിരുന്നു”, ഇറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.