കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുന്ന മമ്മുട്ടി

സിനിമയിൽ മുഖ്യമന്ത്രി ആയിട്ടുണ്ട്, എന്നാൽ യഥാർഥ മുഖ്യമന്ത്രിയായിരിക്കുക നല്ല ബുദ്ധിമുട്ടാണെന്ന് മമ്മൂട്ടി; കൊച്ചിയിൽ വി.ഡി. സതീശന് സ്വീകരണം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എമാർക്കും കൊച്ചി പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ അപ്രതീക്ഷിത അതിഥിയായി നടൻ മമ്മുട്ടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. സിനിമ മേഖലയിൽ നിന്നു നടൻ കൂഞ്ചാക്കോ ബോബനും പരിപാടിക്കെത്തിയിട്ടുണ്ട്. മികച്ച നേതൃത്വം നൽകാൻ സതീശനാകട്ടെ എന്ന് ആശംസിച്ച മമ്മൂട്ടി വി.ഡി സതീശനെ പൊന്നാട അണിയിച്ചു.

വേദിയിൽ സംസാരിച്ച മമ്മൂട്ടി സിനിമയിൽ താൻ നിരവധി തവണ മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും എന്നാൽ യഥാർഥ ജീവിതത്തിൽ അത് ഏറെ പ്രയാസമേറിയ പണിയാണെന്നും പറഞ്ഞു. 'ഞാൻ പഠിച്ച കോളജിൽ സതീശൻ പഠിച്ചിട്ടുണ്ട്. ഞാൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണ്' -മമ്മൂട്ടി പറഞ്ഞു.

പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, എം.എൽ.എ.മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമാതോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്ക് സ്വീകരണം നൽകും. ജില്ലയിൽ നിന്നുള്ള ആറന്മുള എം.എൽ.എ. അബിൻ വർക്കി, പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടി എന്നിവർക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമായി തന്റെ നിയോജകമണ്ഡലമായ പറവൂരിൽ എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിലും സ്വീകരണം നൽകുന്നുണ്ട്. നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

Tags:    
News Summary - 'I have become a Chief Minister in films, but it is not like that, it is very difficult to become a real Chief Minister'; Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.