അമിതാഭ് ബച്ചൻ

പതിവ് തെറ്റിക്കാതെ അമിതാഭ് ബച്ചൻ 'ജൽസ'ക്ക് മുന്നിൽ ആരാധകരെ കണ്ടു; ആശുപത്രിയിലായെന്ന വാർത്തകൾക്ക് ചിരിയോടെ മറുപടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജ വാർത്തകളുമാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നത്. 83-കാരനായ താരം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, ഈ ഞായറാഴ്ച തന്റെ പതിവ് രീതി തെറ്റിക്കാതെ മുംബൈയിലെ തന്‍റെ 'ജൽസ' എന്ന ബംഗ്ലാവിന് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഈ വർത്തകളെയെല്ലാം അദ്ദേഹം പാടെ തള്ളിക്കളഞ്ഞു. തന്റെ പ്രിയപ്പെട്ട ആരാധകരെ നേരിൽ കണ്ട്, മുഖത്ത് നിറഞ്ഞ ചിരിയോടെ അദ്ദേഹം എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു.

ഞായറാഴ്ച രാവിലെ മുതൽ തന്നെ ബിഗ് ബിയെ ഒരു നോക്ക് കാണാൻ ജൽസയുടെ മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. ഏറെ ഊർജ്ജസ്വലനായി കാണപ്പെട്ട താരം, വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് തനിക്കായി പ്രത്യേകം തയാറാക്കിയ വേദിയിൽ വന്ന് ആരാധകരെ കൈവീശി കാണിച്ചു. ജനക്കൂട്ടത്തിന് നേരെ ഫ്ലൈയിങ് കിസ്സുകൾ നൽകിയും, കൈകൾ കൂപ്പി നന്ദി അറിയിച്ചും അദ്ദേഹം ഏറെ നേരം അവിടെ ചെലവഴിച്ചു. കൊവിഡ് ലോക്ക്ഡൗൺ കാലത്തൊഴികെ പതിറ്റാണ്ടുകളായി മുടങ്ങാതെ തുടരുന്ന ഈ 'ഞായറാഴ്ച ദർശനം' കാണാൻ എത്തിയവർക്ക് അദ്ദേഹം ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന ബോധ്യം നൽകുന്നതായിരുന്നു ആ കൂടിക്കാഴ്ച. കടുത്ത ചൂട് കാരണം കാത്തുനിന്ന ഒരു ആരാധകൻ തളർന്നുവീണെങ്കിലും ഉടൻ തന്നെ ആവശ്യമായ വൈദ്യസഹായം നൽകി അദ്ദേഹത്തെ സുഖപ്പെടുത്തി.

തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ബച്ചൻ പരോക്ഷമായി പ്രതികരിച്ചിരുന്നു. ആളുകൾ എന്തൊക്കെയോ വിളിച്ചുപറയുകയാണെന്ന രീതിയിലുള്ള ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. നിലവിൽ സിനിമകളിൽ സജീവമായ താരം, രജനികാന്തിനൊപ്പം അഭിനയിച്ച 'വേട്ടയൻ' എന്ന ചിത്രത്തിലൂടെ തമിഴിലും, 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. കൽക്കിയിലെ അശ്വത്ഥാമാവ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു, ഇതിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags:    
News Summary - Amitabh Bachchan, as usual, met fans in front of 'Jalsa'; responded with a smile to the news of his hospitalization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.