അമിത വ്യായാമം വിനയായി?; ടെലിവിഷൻ താരത്തിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി ആത്മസുഹൃത്ത്

മുംബൈ: കോമഡി പരമ്പരയായ 'ഭാബിജി ഘർ പർ ഹെ'യിലൂടെ ആസ്വാദക ലക്ഷങ്ങളെ കീഴടക്കിയ ടെലിവിഷൻ താരം ദീപേഷ് ഭാന്റെ(41) മരണത്തിൽ വെളിപ്പെടുത്തലുമായി ആത്മസുഹൃത്ത്. ശനിയാഴ്ചയാണ് ദീപേഷ് കുഴഞ്ഞുവീണ് മരിച്ചത്. ജനപ്രിയ പരമ്പരയായ എഫ്.ഐ.ആറിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നില്ലെന്നും മരണം ഞെട്ടിച്ചെന്നും മരണവിവരം ട്വീറ്റ് ചെയ്ത് നടി കവിത കൗശിക് പറഞ്ഞിരുന്നു. ഭാര്യയും ഒരുവയസ്സുള്ള മകനും ദീപേഷിനുണ്ട്.

'41 വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ യാത്ര പറയുമെന്നു ഒരിക്കൽ പോലും കരുതിയില്ല'–ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നു.

'ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാൻ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്‌തു. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവർ മികച്ച രീതിയിൽ പൂർത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടിൽനിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി'– ആസിഫ് ഷെയ്ഖ് പറഞ്ഞു.

ദീപേഷിന്റെ അമ്മ കഴിഞ്ഞ വർഷമാണ് മരിച്ചത്. നാൽപത്തിയാറാം വയസ്സിൽ കന്നഡ നടൻ പുനീത് രാജ്കുമാർ, നാൽപതാം വയസ്സിൽ ബോളിവുഡ്, സീരിയൽ നടൻ സിദ്ധാർഥ് ശുക്ല, ഗായകൻ കെ.കെ എന്നിവർക്കു പിന്നാലെ നാൽപത്തിയൊന്നുകാരനായ ദീപേഷ് ഭാനും അകാലത്തിൽ മരിച്ചത് ആരാധകർക്ക് വലിയ ആഘാതമായിരുന്നു. ശാരീരികമായി മികച്ച ആരോഗ്യമുള്ള മനുഷ്യരുടെ പെട്ടെന്നുള്ള വിടവാങ്ങൽ ഡോക്ടർമാരേയും അമ്പരപ്പിക്കുന്നുണ്ട്. പുനീത് രാജ്കുമാറും അമിത വ്യായാമം ചെയ്തതായുള്ള റിപ്പോർട്ടുകൾ അക്കാലത്ത് പുറത്തുവന്നിരുന്നു.

Tags:    
News Summary - Aasif Sheikh reveals Deepesh Bhan death shocked everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.