ചിത്രീകരണം: സൂര്യജ എം.
പൂമ്പാറ്റകളെക്കുറിച്ചും ശവശരീരങ്ങളെക്കുറിച്ചും മാത്രം
മഞ്ഞ നിറത്തിലുള്ള പൂമ്പാറ്റകളെക്കുറിച്ച്
നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്
അപ്പോൾ
ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു
ഇപ്പോൾ ചുമരിൽ തൂങ്ങുന്ന ഈ ചിത്രമുണ്ടല്ലോ !
ഒരു കുഞ്ഞു ചിറകൊച്ചയിൽ ഇത്രയും കാറ്റോ എന്ന്
ഞാൻ അത്ഭുതപ്പെട്ട
ഒരു നിമിഷമാണത്
ആ നിമിഷ൦ ഞാനും അവയും ഒരുമിച്ചായിരുന്നുവെന്ന
നീട്ടിവെപ്പാണത്
നീ
അതിൽ ഒരു
പൂമ്പാറ്റയായിരുന്നു
ഏത് ആൾക്കൂട്ടത്തിലും
ഒറ്റക്കിരിക്കാനാവുമെന്ന്
എന്നെ പഠിപ്പിച്ച
അവരുണ്ടല്ലോ
അധികമാകാശമുയരത്തിലേക്ക് പറന്നു പോകാൻ ഇഷ്ടപ്പെടുന്നില്ലയെന്ന
ഉറപ്പിക്കലോടെ
ഉയരങ്ങളുടെ പ്രമാദിത്വത്തെ
എത്രയെളുപ്പമാണവർ അടയാളപ്പെടുത്തുന്നത് !
ഞാൻ പറയും
എന്‍റെ ഓരോ കവിതയും ഓരോ
മഞ്ഞപ്പൂമ്പാറ്റയാണെന്ന്!
ശ്വാസവായുവിനായി ഏന്തി വലിഞ്ഞ്
ചിറകിട്ടടിച്ച്
മണ്ണിൽ നിന്ന് ഇത്തിരിപ്പൊങ്ങി
അത് ജീവൻ നിലനിർത്തിപ്പോരുകയാണ് !
ചിലപ്പോൾ ഞാനോർക്കുന്നുണ്ട്
ഞാൻ
അതിലൊന്നായിരുന്നെങ്കിൽ !
കൂട്ടക്കൊല നടന്നിടത്ത്
തലങ്ങും വിലങ്ങും കിടക്കുന്ന ശവശരീരങ്ങളുടെ ചുണ്ടുകളിൽ
ഉമ്മ വച്ചേനെ !
ജീവൻ നിലച്ചു പോയ ചുണ്ടുകൾ എന്‍റെ സ്വപ്നക്കുഴലുകൾ
തട്ടുമ്പോൾ
എത്രയാനന്ദിക്കുമെന്നോ !
ഒരു മനുഷ്യനായിരിക്കുന്നതിലധികമാണോ
ആ സന്തോഷത്തിന്‍റെ അതിരുകൾ !
ആണെങ്കിൽഎനിക്കതുമതി
പൂമ്പാറ്റയോ കവിയോ
എന്നത് എന്നെയും കുഴക്കില്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.