വര- സൂര്യജ എം.

കടൽ

ഇന്നലെ വിരുന്നുപോന്ന

കടലിനെ

മീനിനെ കീറി പുറത്തെടുക്കുന്നു

അടുക്കളമുറ്റത്ത് അമ്മ.

അത്ഭുതം കാണാൻ

കുഞ്ഞുമക്കൾ,

കാക്കകൾ, പൂച്ചകൾ

ശ്രദ്ധയോടെ ഇരിക്കുന്നു.

ഒരു മീനിൻ്റെ

ചെകിളപ്പൂക്കൾക്കിടയിൽ

ചുവപ്പ് വിട്ടുമാറാത

കടൽ ഒളിച്ചിരിക്കുന്നു.

മറ്റൊന്നിൻ്റെ വായിൽ

മണൽത്തരിയോളം

ചെറുതായി

കടൽ പതുങ്ങിയിരിക്കുന്നു.

അഴുകിതുടങ്ങിയ

ഒരു മീനിൻ്റെ

തുറിച്ചുവന്ന കണ്ണിൽ

ഒരു തിരമാലയോളം

വലുപ്പത്തിൽ

നീലക്കടൽ ഇളകി മറിയുന്നു.

തിളച്ചു മറിഞ്ഞ

ചട്ടിയിൽ ഉപ്പുരസത്തോളം

വെന്ത മീനുകൾ

വയറ്റിൽ ഒരു കടലോളം

പ്രക്ഷുബ്ധമാവുന്നു.

വിരുന്നുവന്ന കടൽ

പതിയെ പതിയെ

കടങ്കഥയോളം കുറുകി

കവിതയിലൊളിക്കുന്നു

Tags:    
News Summary - kadal poem by ajesh p

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.