വിൽപനക്കായി മലപ്പുറത്ത് കടയിലെത്തിച്ച ചെണ്ടുമല്ലി പൂക്കൾ
മലപ്പുറം: അത്തം പിറന്നതോടെ പൂക്കടകളിലാകെ പ്രതീക്ഷയുടെ നറുമണം വിടർന്നു. പൂക്കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തോവാള, മധുര, തെങ്കാശി, ദിണ്ടിഗൽ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. ആവശ്യക്കാരേറുന്നതോടെ ഇതരസംസ്ഥാനങ്ങളിലെ കൃഷിക്കാർ ഇനിയും വില വർധിപ്പിക്കും. ഇത് കേരളവിപണിയിലും പ്രതിഫലിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും റെസിഡന്റ്സ് അസോസിയേഷനുകളിലെയും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ പൂക്കളുടെ വില കുതിച്ചുയരും.
ഏറ്റവുമധികം വിറ്റുപോകുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലികക്ക് കിലോക്ക് 150 രൂപ മുതലാണ് വില. വാടാമല്ലി-200 രൂപ, വിവിധ തരം റോസാപ്പൂക്കൾ 400-500, ജമന്തി 500-600, അരളി 550, ആസ്ട്ര 600 എന്നിങ്ങനെയാണ് മറ്റു പൂക്കളുടെ വില. മുല്ലപ്പൂവിന് കിലോക്ക് 1200 രൂപയാണ് നിലവിലെ വില. ഓണം അടുക്കുന്നതോടെ ഇത് ഇരട്ടിയായി വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തരിശുഭൂമികൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെയും കാർഷിക കൂട്ടായ്മകളുടെയും മറ്റും നേതൃത്വത്തിൽ തദ്ദേശീയമായി നടത്തിയ നാടൻ പൂക്കൃഷി വിളവെടുപ്പുകൾ ഇത്തവണ മലയാളിക്ക് സ്വന്തം നാട്ടിലെ പൂക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ട്. തിരുവോണം അടുക്കുന്നതോടെ പൂവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
മലപ്പുറം: ഓണത്തിന് സ്വാദിഷ്ഠമായ ഓണസദ്യ വീട്ടുമുറ്റത്തെത്തിക്കുന്ന സംവിധാനവുമായി കുടുംബശ്രീ. ഓണത്തിന് ഗുണമേന്മയുള്ള, കലർപ്പില്ലാത്ത തനത് ഓണസദ്യ രുചികൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം; ഇതിലൂടെ കുടുംബശ്രീ കഫേ കേറ്ററിങ് യൂനിറ്റുകൾക്ക് അധിക വരുമാനവും. ഓണസദ്യ ഓർഡറുകൾ മുൻകൂട്ടി സ്വീകരിക്കുന്നതിനുള്ള സംവിധാനവും നിലവിൽ വന്നു. കുടുംബശ്രീ കഫേ, കേറ്ററിങ് യൂനിറ്റുകൾ വഴി മുൻകൂട്ടി ഓർഡറുകൾ ബ്ലോക്ക്തല കാൾ സെന്ററുകളിലൂടെ സ്വീകരിച്ച്, ഓർഡറുകൾ വിവിധ യൂനിറ്റുകൾക്ക് ലഭ്യമാക്കി വിപണനം നടത്തുന്ന രീതിയാണ് നടപ്പാക്കുക.
വിവിധ സ്ഥാപനങ്ങൾ, ഓഫിസുകൾ, സ്കൂളുകൾ, മറ്റ് ഇൻസ്റ്റിറ്റ്യൂഷനൽ സദ്യ ഓർഡറുകളാണ് കുടുംബശ്രീ ആദ്യഘട്ടത്തിൽ എടുത്ത് സപ്ലൈ ചെയ്യാൻ ഉദ്ദേശിക്കുന്നത്. മിനിമം അഞ്ചിൽ കൂടുതലുള്ള സദ്യക്കാണ് ഓർഡറുകൾ സ്വീകരിക്കുക. ജില്ലയിലെ 15 ബ്ലോക്കുകളിലും കാൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഓരോ ബ്ലോക്കിലെയും കാൾ സെന്റർ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ഓർഡർ നൽകിയാൽ സദ്യ പറയുന്ന ദിവസം കൃത്യസമയത്തുതന്നെ സ്ഥലത്തെത്തും. ജില്ലയിൽ 40ഓളം സംരംഭകരാണ് ഓണസദ്യ വിപണനത്തിന്റെ ഭാഗമായിട്ടുള്ളത്. പ്രഥമൻ ഉൾപ്പെടെ 14 വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യക്ക് 180 രൂപയായാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചത്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വിതരണം സൗജന്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.