രബീന്ദ്രസംഗീത പശ്ചാത്തലത്തിലെ ബംഗാൾ ഓണം

കേരളത്തിൽ പഠിച്ചുവളർന്ന് രാഷ്ട്രീയ നേതൃസ്ഥാനത്തെത്തുകയും പിന്നീട് ബംഗാളിന്റെമരുമകനായി മാറുകയും ചെയ്തയാളാണ് ഫോർവേഡ് ​ബ്ലോക്കിന്റെ ജനറൽ സെക്രട്ടറി ജി. ദേവരാജൻ കേരളത്തിലും ബംഗാളിലുമായി മാറിമാറിയാണ് നാല് ദശകങ്ങളായി അദ്ദേഹത്തിന്റെ ഓണാഘോഷം

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ രണ്ടു ധ്രുവങ്ങളിലാണെങ്കിലും കേരളവും ബംഗാളും തമ്മിൽ സാദൃശ്യങ്ങളേറെയാണ്. സാംസ്കാരികമായും രാഷ്ട്രീയമായുമെല്ലാം മലയാളികൾക്ക് വംഗനാടിനോട് പ്രിയമേറെയാണുതാനും. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്ത നഗരം ഒരുകാലത്ത് മലയാളികളുടെ പ്രവാസഭൂമിയായിരുന്നു. ഹൂഗ്ലി നദിക്കരയോരത്തെ പുകതുപ്പുന്ന അനേകമനേകം ഫാക്ടറികളിൽ മലയാളികളുടെ പാദസ്പർശമുണ്ടായിരുന്നു. പിന്നീട് മലയാളിസാന്നിധ്യം കുറയുകയും ആരോഗ്യസ്ഥാപനങ്ങളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. മലയാളികളാൽ സമ്പന്നമായിരുന്ന കാലത്ത് കൊൽക്കത്തയിലും കേരളത്തിലേതുപോലെ ഓണാഘോഷമുണ്ടായിരുന്നു. ഇന്നും അതുണ്ട്. അത്ര ആഘോഷങ്ങളില്ലെന്നുമാത്രം. കേരളത്തിൽ പഠിച്ചുവളർന്ന് രാഷ്ട്രീയ നേതൃസ്ഥാനത്തെത്തുകയും പിന്നീട് ബംഗാളിന്റെ മരുമകനായി മാറുകയും ചെയ്തയാളാണ് ഫോർവേഡ് ​ബ്ലോക്കിന്റെ ജനറൽ സെക്രട്ടറിയായ ജി. ദേവരാജൻ. കേരളത്തിലും ബംഗാളിലുമായി മാറിമാറിയാണ് നാല് ദശകങ്ങളായി അദ്ദേഹത്തിന്റെ ഓണാഘോഷം. അതുകൊണ്ടുതന്നെ കൗതുകമുണർത്തുന്നതാണ് ആ വിശേഷങ്ങൾ.

1984 മുതൽ കൊൽക്കത്തയിലെ നിത്യസന്ദർശകനായിരുന്നു ദേവരാജൻ. അന്നദ്ദേഹം വിദ്യാർഥിസംഘടനയായ സ്റ്റുഡന്റ്സ് ​​​ബ്ലോക്കിന്റെ കേന്ദ്രകമ്മിറ്റിയംഗമാണ്. പിന്നീട് ഓൾ ഇന്ത്യ യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. അന്ന് സംഘടനയുടെ ഹൂഗ്ലി ജില്ല സെക്രട്ടറിയാണ് പപ്പിയ ബോസ്. ഫോർവേഡ് ​​ബ്ലോക്കിന്റെ സാംസ്കാരികവിഭാഗത്തിന്റെ ചുമതലയും നടികൂടിയായ പപ്പിയക്കുണ്ട്. ബംഗാൾ സിനിമയിലും സീരിയലിലും അറിയപ്പെടുന്ന നടിയാണ് പപ്പിയ. സംഘടനാപരിചയം പിന്നീട് വിവാഹത്തിലെത്തി. പപ്പിയ കേരളത്തിന്റെ മരുമകളായി. ദേവരാജൻ ബംഗാളിന്റെ മരുമകനും. ബംഗാളായിരുന്നു ഏ​െറക്കാലം ദേവരാജന്റെ കർമമണ്ഡലം. പിന്നീട് ഡൽഹിയും. വിവാഹശേഷം കൊല്ലം രാമൻകുളങ്ങരയിലെ കുടുംബവീട്ടിലെത്തിയപ്പോഴാണ് പപ്പിയ ആദ്യമായി ഓണാഘോഷം കാണുന്നത്. തൂശനിലയിൽ നിരവധി വിഭവങ്ങളുമായി സദ്യ വിളമ്പുന്നതൊക്കെ അത്ഭുത​ത്തോടെ നോക്കിനിന്ന പപ്പിയയെ ദേവരാജൻ ഓർക്കുന്നു.

കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ ഓണസദ്യ പൂർണമായും വെജിറ്റേറിയനാണ്. നോൺ വെജിറ്റേറിയൻമാരുടെ വീടുകളിലും ഓണത്തിനതുണ്ടാവാറില്ല. അത് പപ്പിയക്ക് അത്ഭുതമായിരുന്നു. ബംഗാളിൽ ബ്രാഹ്മണഭവനങ്ങളിലും മത്സ്യം നിർബന്ധമാണ്. മീൻ ഇല്ലാത്ത ഒരു ആഘോഷവുമില്ല. മീൻ ഒഴിവാക്കിയുള്ള സദ്യയുമായി യോജിച്ചുപോകാൻ സമയമെടുത്തെങ്കിലും കേരളത്തിലെ സദ്യവട്ടങ്ങൾ പഠിച്ചെടുത്തിട്ടാണ് പപ്പിയ കൊൽ​ക്കത്തയിലേക്ക് ട്രെയിൻ കയറിയത്. കൊൽക്കത്തയിലെ ഓണത്തിന് പിന്നീട് വെജിറ്റേറിയൻ സദ്യ പതിവായി. അയൽക്കാർക്കും സദ്യ കൗതുകമായി. പായസമൊക്കെ പലരും ആദ്യമായാണ് കഴിക്കുന്നത്. വെള്ളം പോലിരിക്കുന്ന രസമൊക്കെ രുചിച്ചുനോക്കിയിട്ട് അയൽക്കാർ അത്ഭുതം കൂറും. ഇങ്ങനെയൊരു രുചിരസം പൊതുവേ മധുരപ്രിയരായ അവർ അനുഭവിച്ചിട്ടില്ലല്ലോ. മുറ്റത്ത് പൂക്കളമിട്ട് പപ്പിയ ദേവരാജനെ ഞെട്ടിക്കുകയും ചെയ്തു. തിരുവോണദിവസം നോൺ വെജിറ്റേറിയനും ഒഴിവാക്കി. പക്ഷേ, ഒരുകാര്യത്തിൽ മാത്രം മാറ്റംവരുത്തിയില്ല. അത് രബീന്ദ്ര സംഗീതമാണ്. ഓണാഘോഷം പൊടിപൊടിക്കുമ്പോൾ പശ്ചാത്തലത്തിൽ ഗ്രാമഫോൺ റെക്കോഡുകൾ രബീന്ദ്രസംഗീതം പൊഴിച്ചു​കൊണ്ടേയിരുന്നു. ബംഗാളികൾക്ക് രബീന്ദ്രസംഗീതം ഒഴിവാക്കിയുള്ള ജീവിതം അന്നും ഇന്നും ഇല്ല. മക്കൾക്കായി വധുവിനെ തേടുന്ന മാതാപിതാക്കൾ നോക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വീട്ടിൽ കുളമുണ്ടോ എന്നാണ്. മറ്റൊന്ന് പെൺകുട്ടിക്ക് രബീന്ദ്രസംഗീതം അറിയാമോയെന്ന്. കുളമുണ്ടെങ്കിൽ വെള്ളത്തിന് ക്ഷാമമുണ്ടാകില്ലല്ലോ. ഇപ്പോൾ നഗരജീവിതവും ഫ്ലാറ്റുകളുമൊക്കെ വന്നതിനാൽ കുളം വേണമെങ്കിൽ ഒഴിവാക്കിയേക്കാം എന്നായി. പക്ഷേ, രബീന്ദ്ര സംഗീതപ്രാവീണ്യം, അതിൽ വിട്ടുവീഴ്ചയില്ല. മലയാളികൾ നടത്തുന്ന കടകളിൽ പായസം ലഭിക്കും. ഡൽഹിയിൽനിന്ന് വരുമ്പോൾ പായസക്കിറ്റ് വാങ്ങിവരുകയാണ് ഇപ്പോൾ ചെയ്യുന്നത്. ചിലപ്പോൾ സുഹൃത്തുക്കളൊക്കെ ഓണക്കാലത്ത് കൊൽക്കത്തയിലേക്ക് പായസക്കൂട്ട് അടങ്ങിയ കിറ്റ് അയച്ചുതരും. ചൈനീസ് കോൺസുലേറ്റിൽ ജോലിചെയ്യുന്ന മകൻ കൗസ്തവിന് മലയാളത്തിൽ വലിയ ഗ്രാഹ്യമില്ലെങ്കിലും ഓണാഘോഷങ്ങളിൽ വലിയ താൽപര്യമാണ്.

Tags:    
News Summary - onam 2023 g devarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.