ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണി

മിന്നും പൊന്നോണം

2019ലെ തിരുവോണദിവസമാണ് ഇന്ത്യ എ ടീമിൽ സെലക്ഷൻ കിട്ടിയ വിവരം അറിയുന്നത്. തിരുവോണ ദിവസം തന്നെ തേടിയെത്തിയ വാർത്ത കേട്ടപ്പോൾ മധുരമിരട്ടിയായി. ജീവിതത്തിൽ കിട്ടിയ ഏറ്റവും മികച്ച ഓണസമ്മാനമായി കേൾക്കാൻ കൊതിച്ച ആ വാർത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണി ഹൃദയത്തിൽ സൂക്ഷിക്കുന്നു

വീട്ടിൽനിന്ന് പതിവായി ബാഗും തൂക്കി പരിശീലനത്തിനിറങ്ങുന്ന മിന്നു മണി, കഴിഞ്ഞ ഓണം വരെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ മാത്രം അറിയുന്ന താരമായിരുന്നു. എന്നാൽ, ഈ ഓണമായപ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല, ലോകമലയാളികളുടെയടക്കം മനസ്സിൽ ഇടംനേടിയ സെലിബ്രറ്റിയായി. എവിടെയും മിന്നുമണി... മിന്നുമണി... വിളികൾ മാത്രം. നാടുമുഴുവൻ ഓടിനടന്ന് സ്വീകരണം ഏറ്റുവാങ്ങുന്നു. വീട്ടിലെപ്പോഴും മന്ത്രിമാരടക്കം വിശിഷ്ടാതിഥികൾ എത്തി ആദരിക്കുന്നു. തിരക്കിനിടയിലും മിന്നുമണി തന്റെ ഓണം ഓർമകൾ പങ്കിടുകയാണ്.

ഓണം എന്നുപറഞ്ഞാൽ മിന്നുമണിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ജീവിതസപര്യയായി കൊണ്ടുനടക്കുന്ന ക്രിക്കറ്റ് തന്നെയാണ്. 2019ലെ തിരുവോണദിവസമാണ് ഇന്ത്യ എ ടീമിൽ സെലക്ഷൻ കിട്ടിയ വിവരം അറിയുന്നത്. തിരുവോണ ദിവസംതന്നെ തേടിയെത്തിയ വാർത്ത കേട്ടപ്പോൾ മധുരം ഇരട്ടിയായി. ജീവിതത്തിൽ കിട്ടിയ ഏറ്റവും മികച്ച ഓണസമ്മാനമായി കേൾക്കാൻ കൊതിച്ച ആ വാർത്ത മിന്നു ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ചെറുപ്പത്തിൽ ഓണത്തിന് പത്തു ദിവസം വീട്ടിൽ പൂക്കളമൊരുക്കുമായിരുന്നു. നാട്ടിൻപുറത്തെ കർഷകകുടുംബത്തിലെ അംഗമായതുകൊണ്ട് പലപ്പോഴും തൊടിയിലും പാടത്തും നിന്നും കിട്ടുന്ന പൂക്കൾ ശേഖരിക്കും. അരിപ്പൂവ്, തുമ്പ എന്നിങ്ങനെ കൂട്ടുകാർക്കും അനുജത്തി മിമിതക്കും ഒപ്പം മിന്നു നടന്ന് ശേഖരിക്കും. ഏറ്റവും മികച്ച പൂക്കളമൊരുക്കണമെന്നാഗ്രഹത്തോടെ അതെല്ലാം എല്ലാ ദിവസവും വ്യത്യസ്തരീതിയിൽ മുറ്റത്തു ചേർത്തുവെക്കും. ഓണത്തിന് അച്ഛൻ എടുത്തുകൊടുക്കുന്ന ഓണക്കോടി ധരിക്കും. അച്ഛന്റെ ചേട്ടന്റെ കുടുംബത്തോടൊപ്പം തിരുവോണം ആഘോഷിക്കും. അടുത്തദിവസം അമ്മ വസന്തയുടെ വീട്ടിൽ പോകും. മൂന്നാം ഓണം അവിടെയും അടിച്ചുപൊളിക്കും.

ഒമ്പതാം ക്ലാസുമുതൽ ഓണാഘോഷങ്ങൾ പലപ്പോഴും വീട്ടിൽനിന്നല്ലാതായി. ക്രിക്കറ്റ് അക്കാദമിയിലെ കുട്ടികൾക്കൊപ്പമായി. അവിടെയും ഓണസദ്യതന്നെയാണ് സ്​പെഷലായി ഉണ്ടാവുക. സ്കൂളിൽ പഠിക്കുമ്പോഴും സാധാരണ പോലെ ഓണപ്പരിപാടികളും മറ്റും മാത്രം. ഒരു കലാപരിപാടികളിലും പ​ങ്കെടുക്കാറില്ല. സാധാരണ കുട്ടികളെ പോലെ തന്നെ സ്കൂൾ ജീവിതം. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയതിനാൽ ഈ ഓണവും മിന്നു മണിക്ക് ചൈനയിലെ ക്യാമ്പിലാകാനാണ് സാധ്യത. ലോക കപ്പ് ടീമിൽ ഇടംനേടി ആ കപ്പിൽ മുത്തമിടണം അങ്ങനെ കുറെ ആഗ്രഹങ്ങളു​ണ്ട് മിന്നുമണിക്ക്.

ക്രിക്കറ്റ് പരിശീലനത്തിനെത്തുമ്പോൾ പരിഹസിക്കുന്ന ആൺകുട്ടികളോട് ധീരയായി അചഞ്ചലമായി ഗെയ്മിന് ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ല... സ്റ്റാമിനയാണ് പ്രധാനം എന്ന് പരസ്യത്തിൽ പ്രതികരിക്കുന്ന പെൺകുട്ടിയെ പോലെ കാലക്രമേണ തെളിയിക്കുകയായിരുന്നു തന്റെ കഴിവുകൾ മിന്നുമണിയെന്ന പെൺകുട്ടി. ചെറുപ്പത്തിൽ പാടത്ത് കളിക്കാനെത്തുമ്പോൾ ബാറ്റും ബാളും നൽകാതിരുന്ന ആൺകുട്ടികൾക്ക് മുന്നിൽ മിന്നുമണി തെളിയിച്ചു, കഠിനപ്രയത്നവും പരിശ്രമവും ഉറച്ച ലക്ഷ്യബോധവും വിജയത്തിലേക്കുള്ള ചുവടുവെപ്പെന്ന്. അന്ന് എത്രയോതവണ ബാറ്റ് ചെയ്യാൻ അനുവദിക്കുമോയെന്ന് കെഞ്ചി ചെല്ലുമ്പോൾ ആരും കൊടുക്കാറില്ല. അവസാനം ബാറ്റ് ചെയ്യാൻ സമയമാകുമ്പോഴേക്കും ഓവറും കഴിഞ്ഞിട്ടുണ്ടാവും. ഇന്ത്യ- ബംഗ്ലാദേശ് വനിത ട്വന്റി20 പരമ്പരയിൽ ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയപ്പോൾ പന്തെറിയാൻ അവസരം കിട്ടുമോയെന്ന ആശങ്കയായിരുന്നു കുട്ടിക്കാലത്തെയെന്നപോലെ മനസ്സുനിറയെ. പക്ഷേ, പന്തെറിഞ്ഞതോടെ മിന്നും പ്രകടനം കാഴ്ചവെക്കാനും ആദ്യ ചുവടുവെപ്പിൽതന്നെ ക്രിക്കറ്റ് പ്രേമികളുടെ മനംകവരാനും മിന്നുമണിക്ക് കഴിഞ്ഞു. രാജ്യാന്തര വനിത ട്വന്റിയിൽ അരങ്ങേറ്റമത്സരത്തിലെ ആദ്യ ഓവറിൽതന്നെ വിക്കറ്റ് സ്വന്തമാക്കിയാണ് മലയാളക്കരയുടെ സ്വന്തം മിന്നുമണി ചരിത്രംകുറിച്ചത്. അതോടെ ഇന്ത്യക്കായി ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാതാരം, രാജ്യാന്തര ട്വന്റി20 മത്സരത്തിൽ വിക്കറ്റ് നേടുന്ന ആദ്യ മലയാളി വനിതാതാരം എന്നി റെക്കോഡുകൾ മിന്നു സ്വന്തമാക്കി.

ഇന്ത്യൻ ടീമിൽ കളിക്കണമെന്നത് വലിയസ്വപ്നമായി കൊണ്ടുനടന്ന പെൺകുട്ടിക്ക് പ്രതീക്ഷിച്ചതിലും നേരത്തെയാണ് ആവിളിയെത്തിയത്. അവൾ ഒഴുക്കിയ വിയർപ്പിന് കഷ്ടപ്പാടിന്റെ ദൂരമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനും വയനാട് ക്രിക്കറ്റ് അസോസിയേഷനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒപ്പംനിന്നു. മക്കൾ വലുതായി നല്ലനിലയിൽ എത്തണമെന്നാണല്ലോ ഏതു രക്ഷിതാക്കളും ആഗ്രഹിക്കാറുള്ളത്. എന്നാൽ, മകളുടെ പേരിൽ ലോകമറിയാനാണ് വയനാട് മാനന്തവാടി അമ്പൂത്തി എടപെടി ചോയിമൂലയിൽ കൈപ്പാട്ട് മാവുംകണ്ടി വീട്ടിൽ മണിക്കും ഭാര്യ വസന്തക്കും ഭാഗ്യമുണ്ടായത്.

ഏത് ​പ്രതിസന്ധിയിലും തണലായി അച്ഛനുണ്ടെന്ന ആത്മവിശ്വാസമാണ് പതറാതെ മുന്നോട്ടുനയിച്ചതെന്ന് മിന്നു പറയുന്നു. മിന്നുമണിയുടെ അച്ഛൻ എന്ന് ബഹുമാനത്തോടെ മറ്റുള്ളവർ പറയുമ്പോൾ മകളെയോർത്ത് അഭിമാനമുണ്ടെന്ന് ആ പിതാവും പറയുന്നു. ദിവസങ്ങൾക്ക് മുമ്പുവരെ സാധാരണ നാട്ടിൻപുറത്തുകാരായ ഈ കുടുംബത്തിനും കൊച്ചുവീടിനും സെലിബ്രിറ്റി പരിരക്ഷ വന്നു.. അനുജത്തി മിമിതയും മുത്തശ്ശിയും ആഹ്ലാദത്തിലാണ്.

Tags:    
News Summary - Indian cricketer Minnu Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.