"കഠിനകഠോരമീ

അണ്ഡകടാഹ' ത്തിൽ

ശ്രീജ രവി

അണ്ഡകടാഹം നിറയെ സ്നേഹം

സ്റ്റേറ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവി ഓണം ഓർമകൾ പങ്കുവെക്കുന്നു

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് ഭാഷകളിൽ ശബ്ദം നൽകുന്ന ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ശ്രീജ രവി. കണ്ണൂരിൽ ജനിച്ച അവർ 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിൽ കുട്ടികൾക്ക് ശബ്ദം നൽകിയാണ് സിനിമാ രംഗത്തെത്തിയത്. പിന്നീട് ബേബി ശാലിനി, ബേബി ശ്യാമിലി, മാസ്റ്റർ പ്രശോഭ് തുടങ്ങിയവർക്കും നിരവധി നടിമാർക്കും ശബ്ദംനൽകി. ഡബ്ബിങ്ങിന് സ്റ്റേറ്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട്, റോഷാക്ക്, കഠിനകഠോരമീ അണ്ഡകടാഹം, 2018, സൂപ്പർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിലടക്കം ഒരുപാട് മലയാള സിനിമകളിലും അഭിനയിച്ചു. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, റിലീസാകാനിരിക്കുന്ന കടൈസി തോട്ട, കരുണം തുടങ്ങി ഒരുപാട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗായകനായിരുന്ന രവിയാണ് ഭർത്താവ്. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ രവീണ രവി ഏക മകളാണ്. ശ്രീജ രവി ഓണം ഓർമകൾ പങ്കുവെക്കുന്നു.

കുഞ്ഞുനാളിലേതന്നെ കണ്ണൂരിൽനിന്ന് ചെന്നൈയിലേക്ക് ജീവിതം പറിച്ചുനട്ടതിനാൽ അത്ര നിറമുള്ള ഓർമകളൊന്നും എന്റെയുള്ളിൽ ഓണത്തെക്കുറിച്ചില്ല. അന്നെനിക്ക് ആറ് വയസ്സാണ്. അതിനാൽ കണ്ണൂർ സിറ്റിയിലുള്ള വീടും താമസവും ഓണാഘോഷവുമൊക്കെ വിദൂര ഓർമകളാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണസദ്യ, വിവിധതരം കളികൾ, മത്സരങ്ങൾ ഒക്കെ പറഞ്ഞുകേട്ട ഓർമകളാണ്. അതിൽ പങ്കുകൊള്ളാനോ ആസ്വദിക്കാനോ ഉള്ള ഭാഗ്യമൊന്നും ഉണ്ടായില്ല. പിന്നീടുള്ള ജീവിതപ്പാതകൾ മുഴുവൻ ചെന്നൈയുടെ നാലതിരുകൾക്കുള്ളിലായിരുന്നു. ആ വഴികളിൽ നിറമുള്ള ഓണക്കോടികളോ ഓണപ്പൂക്കളോ പൂക്കളങ്ങളോ ഓണക്കളികളോ ഓണനിലാവോ ഒന്നുമില്ലായിരുന്നു. ആഘോഷകാലങ്ങളിൽ നാട്ടിൽ പോകാറില്ലാത്തതിനാൽ നാട്ടിലെ ഓണക്കാലവും അന്യമായിരുന്നു. വല്ല കല്യാണത്തിനോ മറ്റോ മാത്രമേ നാട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ.

മകൾ വലുതായതിൽ പിന്നെയാണ് ഓണമൊക്കെ ആഘോഷിക്കുന്നത്. അക്കാലങ്ങളിൽ രവിയേട്ടനും (ഭർത്താവ്) മകളും മാർക്കറ്റിൽ പോയി പൂക്കൾ വാങ്ങി വരുമായിരുന്നു. ഞാനതുകൊണ്ട് പൂക്കളമൊരുക്കും. പിന്നെ സദ്യയൊരുക്കും. പായസവുമുണ്ടാക്കും. എന്റെയത്ര പോലും നാടോ ഓണക്കാലമോ കണ്ടിട്ടില്ലാത്ത മകൾ അതിലൂടെ ഓണത്തിനെ അടുത്തറിയും. അന്ന് മിക്കവാറും എനിക്ക് ഡബ്ബിങ് ഉണ്ടാകും. അതിനാൽ അവിടെയുള്ള സ്റ്റാഫിനെ വിളിച്ച് സദ്യ നൽകും. അങ്ങനെ ഉള്ളതുകൊണ്ട് ഓണം എന്ന രീതിയിൽ ഓണമാഘോഷിക്കും. സിനിമയിൽ അഭിനയത്തിൽ കുറച്ചൊക്കെ സജീവമായ ശേഷവും സെറ്റുകളിൽ ഓണമാഘോഷിക്കാനുള്ള അവസരവുമുണ്ടായിട്ടില്ല. ഇപ്പോൾ രണ്ടുവർഷമായി രവിയേട്ടൻ പോയതിൽപിന്നെ ആഘോഷങ്ങളൊന്നുമില്ലാതായി.

 

 ശ്രീജ രവി, ഭർത്താവ് രവി, മകൾ രവീണ

 

Tags:    
News Summary - dubbing artist Actress Sreeja Ravi Onam memories Sharing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.