നാലാം തരത്തിലെ മലയാളം പാഠപുസ്തകം - എസ്.എം. ജീവൻ
മൂന്നുപീടിക (തൃശൂർ): ‘‘കുട്ടി ഒരു ചിത്രപുസ്തകം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അതിൽ ഒരു പട്ടാളക്കൂട്ടത്തിന്റെ ചിത്രം കണ്ടത്. ഈ യുദ്ധം രസികൻ തന്നെ. ഞാനൊരു യുദ്ധവീരൻ! എനിക്കും ഒരു പടയുണ്ടാക്കണം...’’ ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നാലാം തരത്തിലെ കേരളപാഠാവലി മലയാളം പുസ്തകത്തിലെ രണ്ടാം യൂനിറ്റിലെ ‘യുദ്ധം അത്ര നല്ലതിനല്ല’ എന്ന കഥയിലെ തുടക്കം ഇങ്ങനെയാണ്.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കയ്പമംഗലം മൂന്നുപീടിക സ്വദേശി എസ്.എം. ജീവന്റെയാണ് കഥ. യുദ്ധത്തിലേക്ക് ആകർഷിക്കപ്പെടുന്ന കുട്ടി സ്വയം പട്ടാളക്കാരനായും തനിക്കു ചുറ്റും കാണുന്ന പൂച്ചയും തേരട്ടയും തുമ്പിയുമെല്ലാം പുസ്തകത്തിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് കടുവയും ട്രെയിനും ഹെലികോപ്ടറുമായി മാറ്റുകയും യുദ്ധസന്നാഹത്തിനുള്ള ഒരുക്കം പൂർത്തിയാക്കുകയും ചെയ്യുന്നു. അവസാനമായി കുട്ടി കാണുന്ന ആടാണ് യുദ്ധത്തിൽ ശത്രുപക്ഷത്തുള്ളത്.
ശത്രുവായി മാറാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ആട് കുട്ടിയെ ആക്രമിക്കുകയും ആരും ശത്രുവല്ല എന്ന തോന്നൽ കുട്ടിയിലുണ്ടാക്കുകയും ചെയ്യുന്നു. യുദ്ധത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള കുട്ടി യുദ്ധം അത്ര നല്ലതിനല്ല എന്ന തിരിച്ചറിവ് നേടുന്നതോടെ കഥയും പൂർണമാകുന്നു. മാസങ്ങൾക്കുമുമ്പ് കുട്ടികളുടെ മാസികയായ യുറീക്കയിൽ എഴുതിയ കഥയാണ് സമകാലിക പ്രസക്തി മുൻനിർത്തി പൊതു വിദ്യാഭ്യാസ വകുപ്പ് മലയാള പാഠാവലിയിലേക്ക് തിരഞ്ഞെടുത്തത്.
ഏഴു വർഷം മുമ്പ് ഒരു ശസ്ത്രക്രിയയുടെ അനന്തരഫലമായി സ്പൈനൽ കോഡിനുണ്ടായ തകരാർ മൂലം ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന ജീവന് കഥയെഴുത്ത് പ്രാണവായുപോലെയാണ്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് പെരിഞ്ഞനം ശാഖയിലെ ക്ലർക്കായി പ്രവർത്തിച്ചുവരുന്ന ജീവൻ യുറീക്കയുടെ അസോസിയേറ്റ് എഡിറ്റർ കൂടിയാണ്. പുസ്തകങ്ങളോടു കൂട്ടുകൂടി എഴുത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ജീവൻ ഇതിനകം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ട് നീണ്ട യുവാവിന്റെ കഥയെഴുത്തിനുള്ള അംഗീകാരം കൂടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.