പരീക്ഷിത്ത് തമ്പുരാന് പുരസ്കാരം ഡോ.എം. ലീലാവതിക്ക് കാക്കനാട്ടെ വസതിയിലെത്തിമന്ത്രി വി.എന്‍. വാസവന് കൈമാറുന്നു
തൃപ്പൂണിത്തുറ: പൈതൃക പഠനകേന്ദ്രത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി സമ്പുഷ്ടമാക്കുന്നതിന് സര്‍ക്കാറിന്റെയും സാംസ്കാരിക വകുപ്പിന്റെയും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി വി.എന്‍. വാസവന്. കേരള സാംസ്കാരിക വകുപ്പിന് കീഴില്‍ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാന് പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. എം. ലീലാവതിക്ക് മന്ത്രി പുരസ്കാരം വിതരണം ചെയ്തു. പ്രായാധിക്യം മൂലം ടീച്ചറുടെ കാക്കനാട്ടെ വസതിയില്‍ എത്തിയാണ് പുരസ്കാരം നല്‍കിയത്.
ഹില്‍പാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൈതൃക പഠനകേന്ദ്രം പ്രസിദ്ധീകരിച്ച 'മലനാട്ടു തിരുപ്പതി ലിഖിതങ്ങള്‍', 'തൃപ്പൂണിത്തുറ ഹില്‍പാലസിലെ വൃക്ഷങ്ങള്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനം അനൂപ് ജേക്കബ് എം.എല്‍.എക്ക് നല്കി മന്ത്രി നിര്‍വഹിച്ചു.
പുസ്തകത്തിന്റെ രചയിതാക്കളായ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്. രാഘവവാരിയര്‍, ഹില്‍പാലസ് മുന്‍ ഹോര്ട്ടികള്ചറിസ്റ്റ് കെ. ജിഗീഷ് ആലപ്പുഴ, എസ്.ഡി കോളജ് അസി. പ്രഫ. ജോസ് മാത്യു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്പേഴ്സൻ രമ സന്തോഷ്, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ്, പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്. രാഘവ വാരിയര്‍, കെ.വി. ശ്രീനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.