കോഴിക്കോട്: സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ പത്രാധിപരുമായ കെ.എ. കൊടുങ്ങല്ലൂരിന്‍റെ സ്മരണക്ക് ‘മാധ്യമം’ റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം വത്സലൻ വാതുശ്ശേരിക്ക്. ‘ഗ്രന്ഥാലോകം’ സാഹിത്യ മാസികയിൽ പ്രസിദ്ധീകരിച്ച ‘ആകസ്മികം’ എന്ന കഥയാണ് അദ്ദേഹത്തെ 2024ലെ പുരസ്കാരത്തിന് അർഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് മേയ് അവസാനവാരം സമ്മാനിക്കും.
എഴുത്തുകാരായ കെ.പി. രാമനുണ്ണി, യു.കെ. കുമാരൻ, പി.കെ. പാറക്കടവ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഥാ സന്ദർഭങ്ങളെ ധ്വനിപ്പിച്ചുകൊണ്ട് തന്നെ കഥയെ എങ്ങനെ തീവ്ര അനുഭവമാക്കി മാറ്റാൻ കഴിയും എന്ന് തെളിയിക്കുന്ന കഥയാണ് വത്സലൻ വാതുശ്ശേരിയുടെ 'ആകസ്മികം' എന്ന് ജൂറി വിലയിരുത്തി.
ചാലക്കുടി സ്വദേശിയായ വത്സലൻ വാതുശ്ശേരിക്ക് നേരത്തെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡ്, വി.ടി. കുമാരൻ അവാർഡ്, ഇടശ്ശേരി അവാർഡ്, എസ്.ബി.ടി അവാർഡ്, അപ്പൻ തമ്പുരാൻ നോവൽ പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ബി. പാർവതി, മകൾ: അഭിരാമി.
വാർത്തസമ്മേളനത്തിൽ ജൂറി അംഗം പി.കെ. പാറക്കടവ്, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡന്‍റ് ഹാഷിം എളമരം, പുരസ്കാര സമിതി കൺവീനർ എ. ബിജുനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.