ലൂയിസ് പീറ്ററിന്റെ കവിതാസമാഹാരം
ആത്മാവിനെ പൊള്ളിക്കുന്ന അനുഭവങ്ങളുടെ അലകടലിൽനിന്ന് ഒരു കൈക്കുമ്പിളിൽ കോരിയെടുക്കുന്ന കുറച്ച് കടൽ ജലമാകാനാണ് കവിതയുടെ വിധി. ഉപ്പിന്റെ ചവർപ്പും രക്തത്തിന്റെ അമ്ലരസവും കൂടി ചേർന്ന ജനിതക രാസലായനിയാണ് ലൂയിസ് പീറ്ററിന്റെ കവിതകൾ. തന്റെ സർവ്വനാഡിഞരമ്പുകളിലും ദീർഘനിശ്വാസങ്ങളിലും മൗനത്തിലൊളിപ്പിച്ച വേദനയിലും കരച്ചിലിലും കലഹങ്ങളിലും പ്രണയത്തിലും പരിഭവങ്ങളിലും പരതിനടത്തത്തിലും അയാളിൽ കവിതമാത്രമെ ഉണ്ടായിരുന്നുള്ളു. കവിത ലൂയിസ് പീറ്ററിൽ ആളിക്കത്തുന്ന ഒരഗ്നികുണ്ഠം ആയിരുന്നു. സമൂഹത്തിന്റെ അന്തസാരശൂന്യമായ എല്ലാ പൊയ്മുഖങ്ങളെയും ലൂയിസ് പീറ്റർ തന്റെ കവിതയിലൂടെ തുറന്നു കാട്ടി.
എല്ലാ വിശ്വാസികളും അവരുടെ ഒക്കെ ഹൃദയത്തിൽ ദൈവം ഉണ്ടെന്ന് നാട്യസാക്ഷ്യം പറയുമ്പോൾ പീറ്റർ തന്റെ കവിതയിലൂടെ താൻ ദൈവത്തിന്റെ ഹൃദയത്തിൽ ഇടം നേടിയവനെന്ന് പ്രഖ്യാപിച്ചു. കേവലമായ ആത്മസംതൃപ്തിക്കായി കുത്തിക്കുറിച്ച വരികളായിരുന്നില്ല അവ. മനുഷ്യചോദനകളുടെ സർവതല സ്പർശിയായ വികാര വിചാരങ്ങളുടെ വേലിയേറ്റം ഓരോ കവിതയിലും ശിൽപഭംഗിയോടെ കൊത്തിവച്ചു.
താൻ നടന്നുതീർക്കാൻ കൊതിച്ച ഓരോ ഒറ്റയടിപ്പാതകളിലും കണ്ട പൂവ് മുതൽ പുൽക്കൊടിവരെ കവിതയിൽ അനുഭവതീവ്രമായി ലൂയിസ് പീറ്റർ അടയാളപ്പെടുത്തി. കവി അയ്യപ്പനെ സ്മരിച്ചുകൊണ്ടെഴുതിയ അയ്യപ്പൻ എന്ന കവിതയിലെ അവസാന വരികളിൽ പീറ്റർ അയ്യപ്പനെ മാത്രമല്ല കവിതയിലൂടെ വിവർത്തനം ചെയ്യുന്നത് കാലഗണനകൾക്ക് അപ്പുറവും ഈ കവിത മുന്നേറുന്നതായി കാണാം. ആത്മാർഥമായി കവിതയെ പ്രണയിച്ച ഓരോ കവികളും അവരുടെ ജീവിതത്തിൽ നടന്നുതീർത്ത ‘പാത ദൂരങ്ങളെ’ ഇങ്ങനെ അടയാളപ്പെടുത്തുന്നു.
‘പാതയായിപ്പോയതുകൊണ്ടായിരിക്കാം
നിരന്തരം ചവിട്ടേൽക്കുന്നത്.
ഇനിയൊരാകാശമാകണം നക്ഷത്രങ്ങൾ
മാത്രം പൂക്കുന്ന ഒരുമഹാശാഖി’
മലയാളത്തിലെ മഹാകവി ‘പി’ മുതൽ ചങ്ങമ്പുഴയും ഇടപ്പള്ളിയും ലോകസാഹിത്യത്തിൽ ഷെല്ലിയും കീറ്റ്സും തുടങ്ങി അയ്യപ്പനും സുരാസുവും ലൂയിസ് പീറ്ററും ഗുഹനും അങ്ങനെ കവിതയെ പ്രണയിച്ച് മരിച്ച കവികളെ മുഴുവൻ നമുക്ക് വായിച്ചെടുക്കാം. അവസാന വരിയിലെ വാക്ക് മഹാ ശാഖയാകണം എന്നാകിലോ അതിന്റെ കവിത്വം ഊഹിക്കാൻ കഴിയുന്നതേയുള്ളു. അയ്യപ്പൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ മദ്യം കണക്കിലധികം ഞാൻ കഴിച്ചിട്ടും എന്റെ കവിത കവിത അല്ലാതായിട്ടുണ്ടോയെന്നതുപോലെ കവിതയുമായി തെരുവിലലഞ്ഞ ലൂയിസ് പീറ്റർ തന്റെ കവിതയിൽ പുലർത്തിയ സൂക്ഷ്മതക്ക് ഈ ഒരൊറ്റ ഉദാഹരണം മതിയാകും.
മത്സ്യവേട്ടക്കാരൻ എന്ന കവിതയിൽ മനുഷ്യന്റെ പൈശാചികതയെ, കൊന്ന് തിന്നുകയെന്ന മൃഗീയതയെ, തന്റെ തീൻമേശയിൽ ഉചിതമാംവിധം അലങ്കരിച്ച് വിളമ്പിയ ഒരു മത്സ്യത്തോട് ചേർത്തുവച്ച വരികൾ വർത്തമാനകാല സാമൂഹിക വ്യവസ്ഥിതിയെ വിമർശനാത്മകമായി തുറന്നുകാണിക്കുന്നു. ഇരയും വേട്ടക്കാരനും എന്ന പ്രയോഗം ക്ലീഷേയായി മാറിയെങ്കിലും ഇരയോട് ഇല്ലാത്ത സിംപതിയും എംപതിയും വേട്ടക്കാരന് ഭരണകൂട ഭീകരത വാരിക്കോരികൊടുക്കുന്ന അധാർമികതക്ക് എതിരെ ഉള്ള ഒരു വിരൽചൂണ്ടലായി ഈ കവിത അടയാളപ്പെടുത്തന്നു. അധികാരവർഗത്തിന്റെ കസേര ഉറപ്പിക്കാൻ അവരായി രേഖപ്പെടുത്തുന്ന അതിരടയാളങ്ങൾ നുണയായിമാറുകയും ഭൂമി മാത്രം സത്യമായി അവശേഷിക്കുകയും ചെയ്യുമ്പോൾ ഭൂമിയോടുള്ള തന്റെ പ്രണയത്തെ കവി ഭൂപടം എന്ന കവിതയിൽ ഇങ്ങനെ വിലാപകാവ്യമായി കുറഞ്ഞ വരികളിൽ കുറിച്ചുവച്ചത് കാണാം.
‘ഭൂപടം ഒരു നുണയാണ്
എന്റെ കണ്ണുനീർപ്പുഴകളോ
കരളെരിഞ്ഞുതീർന്ന
കനൽ വഴികളോ അതിലില്ല
ഉച്ചസൂര്യൻ തിന്നുപോയ
എന്റെ നിഴലോ
വ്യഥ കടലായിരമ്പിയ
പ്രിയ സഖിയോ ഇല്ല.
ഭൂമി ഒരു സത്യമായിരിക്കെ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായിപ്പോകുന്നത്?’
ചോദ്യരൂപേണ അവസാനിക്കുന്ന ഈ വരികളിൽ എന്തിന്റെ എല്ലാം ഉത്തരങ്ങൾ വായിച്ചെടുക്കാൻ കഴിയും. യുദ്ധവും പ്രണയവും കണ്ണീരും വേദനയും മനുഷ്യനിർമിത മതിൽ കെട്ടുകളും നമ്മുടെ മുമ്പിൽ ഉത്തരം ഇല്ലാസമസ്യകളായി അവശേഷിക്കുന്നു. കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ് കവികൾ. ഋഷിതുല്യ മനസ്സുമായി അലയുന്നവരാണവർ. ഉചിതമായ ഒരു വാക്കിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ തമ്പാനൂരിൽ വെച്ച് ഓ.എൻ.വിയെ കണ്ടപ്പോൾ ഓടിമറഞ്ഞ ‘പി’യെ പറ്റി നമുക്ക് അറിയാം. വാക്കെന്ന കവിതയിൽ ലൂയിസ് ഇങ്ങനെ വരച്ചിടുന്നു.
‘ചിലർക്ക് മടുക്കും
വഴിയും വയലുമൊരുക്കി
വിത്തും വിശ്വാസവും വിതച്ച്
ഒടുവിൽ പക്ഷേ,
വാക്കുകൾ വിതക്കുന്നവന്
മടുക്കുകയില്ല
അത് മുള്ളുകൾക്കിടയിൽ വീണാൽ
മുനയുള്ളതാകും
കല്ലുകൾക്കിടയിൽ വീണാൽ
കരളുറപ്പുള്ളതും
നല്ല നിലത്തുവീഴുന്നതിനെ മാത്രം
ഒന്നു സൂക്ഷിച്ചാൽ മതി’
വാക്ക് എന്ന സത്യത്തെ പതിരായി മാറ്റാതെ കതിരായി മാറ്റുന്നത് ഈ കവിതയിൽ കാണാം. നല്ല നിലത്ത് വീഴുന്ന വാക്കേ നന്നായി മുളക്കൂ. പാഴ് നിലത്ത് വീഴുന്ന വാക്ക് പാഴ്വാക്കായി മാറുക തന്നെചെയ്യും. നല്ല വിത്തായിരിക്കുകയെന്നാൻ നല്ല മരമായി ഇരിക്കുന്നയെന്നതാണ് സത്യം. ‘വിശ്വമൊരുവിത്തിൽ മയങ്ങി ഉണർന്നെഴുന്നേൽക്കുമെന്ന സ്വത്വബോധത്തിനീ ആൽമരം സാക്ഷി’
മധുസൂദനൻ മാഷിന്റെ ഈ വരികളിലെ പ്രപഞ്ച സത്യത്തിന് ലൂയിസ് മറ്റൊരു നിർവചനം നൽകുന്നു.
വിത്ത് എന്ന കവിതയിലെ വരികൾ:
വെട്ടിയൊതുക്കിയാൽ ചെടി.
വിട്ടുകൊടുത്താൽ മരം
വെട്ടിയെടുത്താൽ തടി
കീറിയെനിക്കൊരു
തല്പമൊരുക്കിയാൽ ചിത.
ഒരു വിത്തിന് വളരാൻ വഴികളേറെയുണ്ട്
പക്ഷേ വിത്താകണമാദ്യം.
ഇങ്ങനെ വായനയുടെ തീഷ്ണമായ നോവും നൊമ്പരവും ആയി ലൂയിസ് പീറ്ററിന്റെ കവിത നമ്മളെ സദാ പിന്തുടരുന്നു. അകം, തിരുശേഷിപ്പ്, അഹം, കാവൽക്കാരൻ, അസ്തമയം, ജ്ഞാനം, മത്സ്യവേട്ടക്കാരൻ, തവളകൾ, എന്നെക്കുറിച്ച്, കറുത്തപെണ്ണ് തുടങ്ങി ഓരോ കവിതകളും വായനക്കാരനെ പൊള്ളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.