നാടക് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം : കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന സമ്മേളനം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്തു.

താൻ ജയിലിൽ അടയ്ക്കപ്പെട്ട കാലത്ത് തൻറെ സഹപ്രവർത്തകർ ജയിലിന് പുറത്ത് പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നുവെന്നും പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്നും എവിടെ മനുഷ്യാവകാശധ്വംസനമുണ്ടാകുന്നോ അവിടെയെല്ലാം മനുഷ്യാവകാശപ്രവർത്തകരുടെ ചെറുത്ത് നിൽപ്പ് ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും അവർ പറഞ്ഞു.



അത് നാടക പ്രവർത്തകർക്ക് പ്രചോദനമാവട്ടെയെന്നും ടീസ്റ്റ ഉദ്ബോധിപ്പിച്ചു. നാടക് സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തി. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സ്വാഗതം ആശംസിച്ചു. നാടക് സംസ്ഥാന കമ്മിറ്റി അംഗം ഡി. രഘുത്തമൻ നന്ദി പറഞ്ഞു.

തുടർന്ന് കല, സംസ്കാരം, മാധ്യമങ്ങൾ എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടന്നു. ഡെക്കാൺ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ ജേക്കബ്, അധ്യാപികയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി, മാതൃഭൂമി ന്യൂസ്‌ ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ, മീഡിയ കൺസൾട്ടന്റ് അനുപമ മോഹൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

തുടർന്ന് വൈകീട്ട് ഏഴിന് മണിപ്പൂരിൽ നിന്നുള്ള നാടകം അന്ധായുഗ് ടാഗോർ തിയേറ്ററിൽ അവതരിപ്പിച്ചു. ധരം വീർ ഭാരതിയുടെ രചനയിൽ ജോയ് മെയ്സനം ആണ് നാടകം സംവിധാനം ചെയ്തത്. കേരളത്തിലെ അഞ്ഞൂറോളം നാടക പ്രവർത്തകരോടൊപ്പം ബാംഗ്ലൂരിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളായി എത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 27 ന് സമാപിക്കും.

Tags:    
News Summary - The drama state conference has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT