പാറശ്ശാല: ചെറുകഥാകൃത്തും നാടകകൃത്തും പ്രഭാഷകനുമായ എസ്.വി. വേണുഗോപൻ നായര്‍ (77) നിര്യാതനായി. തിങ്കളാഴ്ച രാത്രി ഒന്നരക്ക് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകകൃത്ത്, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനായ വേണുഗോപന്നായരെ മലയാള ചെറുകഥയിലെ ആഖ്യാന പരീക്ഷണങ്ങളുടെ ഉടമയായി പ്രമുഖ നിരൂപകര്‍ വിശേഷിപ്പിക്കുന്നു.
1945 ഏപ്രില്‍ 18ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടുദേശത്ത് ജനിച്ചു. പിതാവ് പി. സദാശിവന് തമ്പി. മാതാവ് ജെ.വി. വിശാലാക്ഷിയമ്മ. കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്കൂളിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം.എ, എം. ഫില്‍, പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി. 1965ൽ കോളജ് അധ്യാപകനായി.
നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്റ്റ്യന്‍ കോളജ്, തിരുവനന്തപുരം എം.ജി കോളജ്, മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍.എസ്.എസ് എന്നീ കോളജുകളിൽ മലയാളം അധ്യാപകനായി ജോലി ചെയ്തു.
വത്സലയാണ് ഭാര്യ. മക്കള്‍: ശ്രീവല്സന്, ഹരിഗോപന്‍, നിശ ഗോപന്.
വിരുപ ദുഃഖം (1971), കര്‍ത്താവ്, കര്‍മം, ക്രിയ (1979), ഒടുവിലോടുക്കം (1981), വേട്ടയ്ക്ക് ഒരു മകന് (1982), ആത്മാനന്ദന്‍ (1984), എന്റെ മതില് (1984), നീലിമ (1988), പരമ്പര (2002), അഴകമ്മ അക്കന്റെ രണ്ട് ന്യായം (2008), അകച്ചി (2014) എന്നിവയാണ് പ്രധാന രചനകൾ. ഇടശ്ശേരി പുരസ്കാരം (1994), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1990), ഡോ. കെ.എം. ജോര്‍ജ് ട്രസ്റ്റ് ഗവേഷണ പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം, മികച്ച കഥാകൃത്തിനുള്ള കേരള ഗവ. അവാര്‍ഡ്, സി.വി സാഹിത്യ പുരസ്കാരം, പത്മരാജന് പുരസ്കാരം, ബാംഗ്ലൂര്‍ കഥാരംഗ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം ജന്മശതാബ്ദി പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.