പണ്ടൊരിക്കല്‍ ഞാന്‍ ‘ചന്ദ്രിക’യില്‍ പോയി, അറുപതുകളുടെ രണ്ടാം പകുതിയിലാണ്. പത്രാധിപര്‍ വി.സി. അബൂബക്കർ സാഹിബിനെ കണ്ട് ഒരു ‘വലിയ കാര്യം’ സാധിക്കുകയായിരുന്നു ലക്ഷ്യം. െഡസ്കിൽ നിറയെ ആളുകൾ. ആരും പരിചയക്കാരല്ല. വി.സിയുടെ മുന്നിലെത്തി ഞാൻ കാര്യം പറഞ്ഞു: ‘മാവൂരില്നിന്നും മറ്റും ഞാൻ അയക്കുന്ന റിപ്പോര്‍ട്ടുകളുടെ താഴെ ഒ.ലേ എന്നാണ് എഴുതാറുള്ളത്. അത് മാറ്റി എന്റെ റിപ്പോര്‍ട്ടുകളുടെ താഴെ സ്വ.ലേ എന്നാക്കാന്‍ വല്ല മാർഗവുമുണ്ടോ’ –ഇതറിയാനായിരുന്നു ഞാന്‍ പോയത്. എന്റെ വെപ്രാളമെല്ലാം കണ്ട് വി.സി ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു:
‘ഇപ്പോഴത്തെ സ്ഥിതിക്ക് എന്താണ് കുഴപ്പം.’
ഞാന്‍ പറഞ്ഞു: ‘സ്വ.ലേ എന്നാകുമ്പോള്‍ സ്വന്തം ലേഖകന്‍ എന്ന സ്ഥിതി വരും. ആളുകള്‍ക്കൊക്കെ ഞാന്‍ ചന്ദ്രികയുടെ സ്വന്തമാണെന്ന ഒരു തോന്നല്‍ ഉണ്ടാകും. എന്റെ വാക്കുകള്‍ അദ്ദേഹത്തെ ചിരിപ്പിച്ചു. വളരെ സൗമ്യമായിട്ട് അദ്ദേഹം പറഞ്ഞു.
‘ശരി, ഇനിയങ്ങോട്ട് സ്വ.ലേ എന്നാക്കാം.’
ഒരു വലിയ കാര്യം നേടിയ സംതൃപ്തിയായിരുന്നു എനിക്ക്. ഇക്കാര്യം അപ്പോൾതന്നെ വി.സി. െഡസ്കിൽ പ്രഖ്യാപിച്ചു. ഞാൻ പറഞ്ഞ ന്യായീകരണവും അദ്ദേഹം പറഞ്ഞു. അതുകേട്ട് ഡെസ്കിൽ കൂട്ടച്ചിരി മുഴങ്ങി. അബദ്ധം വല്ലതും സംഭവിച്ചുപോയോ എന്ന ശങ്കയില്‍ ഞാൻ ‘ചന്ദ്രിക’യില്നിന്നിറങ്ങി. അത് കഴിഞ്ഞിട്ടിപ്പോള്‍ 55 വർഷം കഴിഞ്ഞു. പിന്നീടങ്ങോട്ട് പല നിലയിലും ചന്ദ്രികാ ബന്ധം തുടർന്നു. ഇപ്പോൾ ഡയറക്ടർ പദവിയിലെത്തിനിൽക്കുന്നു.
പത്രം പലസ്ഥലത്തും തപാലിൽ വന്ന ഒരു കാലമുണ്ടായിരുന്നു. എന്റെ നാട്ടിലും അങ്ങനെ തന്നെ. വാഴക്കാട് പോസ്റ്റ് ഓഫിസിൽ വൈകുന്നേരങ്ങളിലാണ് വിതരണം. വീടുകളിൽ എത്തിക്കുകയല്ല, ഓഫിസിൽവെച്ചുതന്നെയാണ് വിതരണം ചെയ്യാറ്. അക്കാലത്ത് ‘ചന്ദ്രിക’യുടെ വരിക്കാരനായിരുന്നു എന്റെ പിതാവ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഇപ്പോൾ ‘ചന്ദ്രിക’യെപ്പറ്റി ഞാൻ ഓർക്കുന്നത് കടമ്മനിട്ട കവിതയിലെ ഒരു വാചകമാണ്,
‘നിങ്ങളോർക്കുക
നിങ്ങളെങ്ങനെ നിങ്ങളായെന്ന്.’
ശരിയാണ് എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകന്മാർ നടന്നുകയറിയ ഗോവണിപ്പടികൾ ‘ചന്ദ്രിക’യുടേതായിരുന്നു എന്ന വസ്തുത ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണ്. പ്രിയ സ്നേഹിതൻ നവാസ് പൂനൂർ എഴുതിയ ‘ചന്ദ്രിക’യുടെ ചരിത്രം ഞാൻ സൂക്ഷ്മമായി വായിച്ചു. മുൻ പത്രാധിപരായ നവാസ് പൂനൂരിന് ‘ചന്ദ്രിക’ യുമായി വലിയ അനുഭവസമ്പത്തുണ്ട് . ഏതു ഘട്ടത്തിലായിരുന്നാലും ചന്ദ്രികാ ബന്ധം അഭിമാനപൂർവം പ്രകടിപ്പിക്കാൻ മടിക്കാത്ത ഒരാളാണദ്ദേഹം.
‘ചന്ദ്രിക’യിലുള്ള അനുഭവസമ്പത്തും ‘ചന്ദ്രിക’യുടെ വീക്ഷണങ്ങളോടുള്ള ഉദാത്തമായ ബന്ധവും അദ്ദേഹം കുറിച്ചിട്ട ഈ വരികളിൽ ഓരോന്നിലുമുണ്ട്. ഒമ്പത് പതിറ്റാണ്ട് പിന്നിട്ടു ‘ചന്ദ്രിക’. അതിന്റെ ഉത്ഭവം വളർച്ച, തളർച്ച എല്ലാം ഹൃദ്യമധുരമായി അവതരിപ്പിച്ചിരിക്കുന്നു നവാസ്. ‘ചന്ദ്രിക’ നിർവഹിച്ചത് ഒരു പത്രത്തിന്റെ ജോലി മാത്രമായിരുന്നില്ല. പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനുള്ള വഴികൾ തുറന്നിടുന്നതിനും അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതിനും ഇന്നത്തെപ്പോലെ അന്ന് ‘ചന്ദ്രിക’ക്ക് കൂട്ടുണ്ടായിരുന്നില്ലല്ലോ. അന്നത് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു. ഇന്നിപ്പോൾ ‘മാധ്യമം’, ‘സുപ്രഭാതം’ തുടങ്ങിയ പത്രങ്ങളും ഈ പോരാട്ടത്തിന്റെ മുന്നിലുണ്ട്. സാമൂഹിക നീതിയുടെ കാര്യത്തിൽ ചരിത്രം മുന്നോട്ടു നടക്കുന്നതിന്റെ ഒരൽപംകൂടി മുന്നിൽ ‘ചന്ദ്രിക’ നടന്നു.
‘ചന്ദ്രിക’ എന്നും സങ്കടപ്പെട്ടവന്റെ കൂടെയുണ്ടായിരുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നു. നവതി പിന്നിട്ട ‘ചന്ദ്രിക’യുടെ സംഭവബഹുലമായ ചരിത്രം സത്ത തെല്ലും ചോർന്ന് പോകാതെ ആറ്റിക്കുറുക്കി എടുത്തിരിക്കുന്നു ഗ്രന്ഥകാരൻ. 1930കൾ മുതലുള്ള കേരളത്തിന്റെ, മുസ്ലിം നവോത്ഥാനത്തിന്റെ, ജനാധിപത്യ മുന്നേറ്റത്തിന്റെ ഒക്കെ കഥകൾ അടുക്കും ചിട്ടയായും അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധം, ദേശീയ നേതാക്കളുടെ വിയോഗം തുടങ്ങിയ സംഭവങ്ങൾ ആ കാലഘട്ടത്തിൽ ‘ചന്ദ്രിക’ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചിത്രങ്ങൾ കൊടുത്തു കൊണ്ട് വിവരിക്കുന്നു.
ഇത്ര പഴക്കം ചെന്ന ഈ മുസ്ലിം പത്രത്തിന്റെ ചരിത്രം ഏറെക്കാലമായി മലയാളക്കര കാത്തിരിക്കുകയായിരുന്നു. ഭാര്യയുടെ കെട്ടുതാലി പണയപ്പെടുത്തി പത്രമടിക്കാൻ ന്യൂസ് പ്രിന്റ് വാങ്ങിയ ശങ്കുണ്ണി എന്ന ജീവനക്കാരൻ ഉൾപ്പെടെ നമ്മെ വിസ്മയിപ്പിക്കുന്ന കുറേ കഥാപാത്രങ്ങളുണ്ട് ഈ ചരിത്രത്തിൽ. സി.പി.എം വിരുദ്ധ ലേഖനമുള്ള ‘ചന്ദ്രിക’യുടെ എഡിറ്റോറിയൽ പേജ് ‘ദേശാഭിമാനി’യിൽ എഡിറ്റോറിയൽ പേജായി അടിച്ചു വന്നതുൾപ്പെടെയുള്ള കൗതുകവർത്തമാനങ്ങളും ഏറെയുണ്ട് ഈ പുസ്തകത്തിൽ.
ഇന്ത്യൻ പത്രങ്ങളെക്കുറിച്ച് പൊതുവിലും മലയാള പത്രങ്ങളുടെ ചരിത്രം പ്രത്യേകമായും പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. പത്രപ്രവർത്തക വിദ്യാർഥികൾക്ക് മാത്രമല്ല പത്രപ്രവർത്തകർക്ക് തന്നെ ഒരു ഗൈഡായി ചന്ദ്രികാ ചരിത്രം മാറും. ‘ചന്ദ്രിക’ക്ക് ചില പ്രത്യേകമായ ദൗത്യങ്ങൾ നിർവഹിക്കാൻ ഉണ്ടായിരുന്നുവെന്ന് നവാസ് പൂനൂരിന്റെ ഓരോ വരിയിലും പ്രകടമാണ്. രണ്ട് ഡസനോളം പുസ്തകങ്ങൾ എഴുതിയ ആളാണ്, സി.എച്ച് അടക്കമുള്ള നേതാക്കന്മാരെ കുറിച്ച് വളരെ നല്ല നിലവാരമുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
എന്നോട് നവാസ് പൂനൂർ അടക്കമുള്ള ആളുകൾ ചോദിച്ച ഒരു ചോദ്യമുണ്ട്, നിങ്ങൾക്കും എന്തുകൊണ്ട് ഒരു ആത്മകഥ എഴുതിക്കൂടാ എന്ന്. ഞാൻ വിചാരിക്കാഞ്ഞിട്ടല്ല. പക്ഷേ, എഴുത്ത് എന്നത് പ്രസംഗം പോലെയല്ല, ഇതിലുള്ള എന്റെ നൈപുണ്യം അത്ര മെച്ചപ്പെട്ടതാണെന്ന അഭിപ്രായമെനിക്കില്ല. ഒരു പുസ്തകം നവാസിനെപ്പോലുള്ള ആളുകൾ ഒളിമങ്ങാത്ത ഓർമകളിൽനിന്നും എടുത്ത് അതിമനോഹരമായി സംവിധാനം ചെയ്തുെവച്ചതുപോലെ ചെയ്യാനുള്ള രചനാവൈഭവവും കരവിരുതും എനിക്കില്ലെന്ന തോന്നലാണ് ആത്മകഥാ രചനയിൽനിന്ന് എന്നെ പിറകോട്ട് വലിക്കുന്നത്.
ചന്ദ്രിക ഒരുകാലത്ത് ചെയ്തിരുന്ന ധർമം ഞാൻ ഓർക്കുകയാണ്. കോഴിക്കോട് പാർട്ടിയുമായോ സംഘടനയുമായോ ഒരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥർ വന്നാൽ അവരെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് കൊടുക്കും. അവരുടെ മേഖലയിലെ സംഭാവനകളും മറ്റും സൂചിപ്പിച്ച് കൊണ്ട്. ഇതൊരു വലിയ ഇൻഫർമേഷനായിരുന്നു.
ഉദ്യോഗസ്ഥർക്കാവട്ടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. ‘ചന്ദ്രിക’ മുഖേന വളർന്നുവന്ന മലയാളക്കരയിലെ മിക്ക സാഹിത്യകാരന്മാരെക്കുറിച്ചും ഈ ഗ്രന്ഥം പരാമർശിക്കുന്നു. അതുമായി ബന്ധപ്പെട്ട ചില ഒളിമങ്ങാത്ത ഓർമകൾ നവാസ് പകർത്തിയിട്ടുണ്ട്. മറക്കാൻ കഴിയാത്ത ഓർമക്കുറിപ്പായിട്ടാണ് അത് അദ്ദേഹം ഈ പുസ്തകത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. പ്രമുഖരായ എഴുത്തുകാർ പലരും ചന്ദ്രികാ ഓർമകൾ പരസ്യമായി പങ്കുവെച്ചത് അഭിമാനപുരസരം ഞാൻ കേട്ടുനിന്നിട്ടുണ്ട്.
ഒരു കാലത്ത് ‘ചന്ദ്രിക’യിൽ ഒരു കഥ വരുന്നത് അല്ലെങ്കിൽ ഒരു ലേഖനം വരുന്നത് അഭിമാനാർഹമായ ഒരു കാര്യമായി എഴുത്തുകാർ കണ്ടു. നവാസ് പൂനൂർ ഏതുകാലത്തും മർമപ്രധാനവും അർഥവത്തായതുമായ ആശയങ്ങളെ തെല്ലും അരോചകമാവാത്തവിധം അവതരിപ്പിക്കുന്നതിൽ നൈപുണിയുള്ള എഴുത്തുകാരനാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു.
ഒരു എഴുത്തുകാരന് പ്രത്യേകിച്ചും ചരിത്രവുമായി ബന്ധപ്പെട്ട ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അനിവാര്യമായിട്ടും വേണ്ടത് ഓർമയാണ്. നല്ല ഓർമശക്തി ദൈവം അനുഗ്രഹിച്ചു നൽകിയ വ്യക്തിയാണ് നവാസ്. എത്രയോ പുസ്തകങ്ങൾ എഴുതിയിട്ടും പ്രസിദ്ധരാവാത്തവരും ഒറ്റ പുസ്തകം എഴുതി ലോകത്തിലെ പ്രശസ്തമായ അവാർഡുകൾ വാങ്ങിച്ചവരുമുണ്ട്. എഴുതുന്നത് കുറച്ചാണെങ്കിലും അതിലൂടെ തനിക്ക് നിർവഹിക്കാനുള്ള ഒരു ദൗത്യം ഭംഗിയായി നിർവഹിച്ച എഴുത്തുകാരുടെ കൂട്ടത്തിൽ കരവിരുതുള്ള ശിൽപിയാണ് താനെന്ന് ഈ പുസ്തകത്തിലൂടെ നവാസ് ഓർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.