ശ്രീകൃഷ്ണവിലാസം വായനശാല (എസ്.കെ.വി )
പെരുമ്പളം: നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഒരു സാംസ്കാരിക നിലയം പെരുമ്പളം പഞ്ചായത്ത് പത്താം വാർഡിൽ പ്രൗഢിയോടെ ഇന്നും നിലകൊള്ളുന്നു. ശ്രീകൃഷ്ണവിലാസം വായനശാലയാണ് (എസ്.കെ.വി ) ഈ അതിപുരാതന സാംസ്കാരിക നിലയം. 1939ൽ വിജയദശമി ദിവസം കൊച്ചുപറമ്പിൽ വീട്ടിൽ നടീപ്പറമ്പിൽ ശങ്കുണ്ണിപ്പിള്ള കുറച്ചു പുസ്തകങ്ങളുമായി തുടക്കം കുറിച്ച ഈ സംരംഭത്തിന് അന്ന് പേരൊന്നും നിശ്ചയിട്ടില്ലായിരുന്നു. പിന്നീട് 'ഹരിശ്ചന്ദ്രൻ' എന്ന നാടകം നടത്തി മിച്ചം വന്ന 14 രൂപ ഉപയോഗിച്ച് 1941ലാണ് വടക്കനേഴത്ത് വടക്കുവശം ഓലഷെഡ് കെട്ടി അതിൽ പ്രവർത്തനം ആരംഭിച്ചത്.
ആറുകണ്ടത്തിൽ കുട്ടപ്പണിക്കരായിരുന്നു ആദ്യലൈബ്രേറിയൻ. പി.എൻ പെരുമ്പളം പ്രസിഡന്റും ചെത്തിപ്പറമ്പത്ത് ദാമോദരൻ സെക്രട്ടറിയും പൊയ്യത്തറ ഗോപാലൻ നായർ ട്രഷററുമായുള്ള ആദ്യ കമ്മിറ്റിയെ പുതിയ കെട്ടിടം നിർമിക്കുന്നതിനായി തെരഞ്ഞെടുത്തു.
കമ്മിറ്റിക്കാരായി ആറുകണ്ടത്തിൽ കുട്ടപ്പണിക്കർ, തട്ടാരത്ത് കേശവപിള്ള, ഉരയിമ്മത്ത് നാരായണക്കുറുപ്പ്, ഇളയിച്ചുകാട്ട് കരുണാകരപ്പണിക്കർ എന്നിവരെയും രക്ഷാധികാരിയായി നടീപ്പറമ്പിൽ ശങ്കുണ്ണിപ്പിള്ളയെയും നിശ്ചയിച്ചു. കെട്ടിടം പണിയുന്നതിന് കെട്ടുതെങ്ങ് സംഘമുണ്ടാക്കുകയും 100 തെങ്ങുള്ളവർ ഓരോ തെങ്ങ് വിട്ടുകൊടുക്കുകയും ചെയ്തു. അതിലെ ആദായവും നാടുമുഴുവൻ ഗഞ്ചിറ കൊട്ടി ഭജനപ്പാട്ടുപാടി പിരിച്ച തുകയും സമാഹരിച്ച് 1946ൽ ഇന്നു കാണുന്ന ഓടുമേഞ്ഞ കെട്ടിടം നിർമിച്ചു.
പെരുമ്പളം എൻ.എസ്.എസ് കരയോഗം സ്ഥലവും ഒരു പോങ്ങുമരവും സൗജന്യമായി വിട്ടുകൊടുത്തു. കെട്ടിടം പണി തീർന്നപ്പോൾ 374 രൂപയാണ് ചെലവായത്. അന്നത് വലിയ തുകയാണ്. വരാന്തയും മറ്റും പിന്നീടാണ് നിർമിച്ചത്. 1946ൽ തന്നെ ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരവും ഗ്രാന്റും ലഭിച്ചു.
ചേർത്തല താലൂക്കിലെ ആദ്യത്തെ എ ഗ്രേഡ് ഗ്രന്ഥശാലയായി പിന്നീടിത് മാറി. കേരള ഗ്രന്ഥശാല സ്ഥാപകൻ പി.എൻ. പണിക്കർ ജനറൽ സെക്രട്ടറി എന്ന നിലയിൽ സന്ദർശിച്ച് വേണ്ട പ്രോത്സാഹനങ്ങൾ നൽകി. തിരുവിതാംകൂർ-കൊച്ചി സംയോജനത്തെ തുടർന്ന് അരൂക്കുറ്റി ചൗക്ക നിർത്തൽ ചെയ്തപ്പോൾ ലേലത്തിലെടുത്ത രണ്ട് വലിയ അലമാരകൾ ഇപ്പോഴും വായനശാലയിലുണ്ട്. താൽക്കാലിക പ്രസിഡന്റുമാരായി 1956ൽ തട്ടാരത്ത് കേശവപിള്ള, കാക്കനാട്ടിൽ കൃഷ്ണപിള്ള എന്നിവരും ലൈബ്രേറിയന്മാരായി കൊച്ചുപറമ്പിൽ മാധവക്കുറുപ്പ്, കൊച്ചുപറമ്പിൽ ബാലൻ കുറുപ്പ്, മുതിരപ്പറമ്പിൽ നാരായണൻ നായർ, ഇളേച്ചിക്കാട്ട് കരുണാകരപ്പണിക്കർ, പെരുമ്പളം രവി എന്നിവരും ഇരുന്നിട്ടുണ്ട്. സുധിമാഷ്, തട്ടാരത്ത് ബാലൻ കുറുപ്പ്, പെരുമ്പളം രവി എന്നിവർ സെക്രട്ടറിമാരായിരുന്നിട്ടുണ്ട്.
പുതിയ കെട്ടിടം പണിയും
വീനസ് തിയറ്റേഴ്സ്, പിസ (പി.ഐ.എസ്.എ) എന്നീ കലാകായിക സംഘടനകളും വായനശാലയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. 1966ൽ അഞ്ച് ദിവസത്തെ പരിപാടികളുമായി രജത ജൂബിലി ആഘോഷിച്ചു. അന്നത്തെ മന്ത്രി കെ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈ വായനശാല അക്ഷരാർഥത്തിൽ ഒരു സാംസ്കാരിക നിലയമാക്കാനുള്ള പരിശ്രമത്തിലാണ് ഭാരവാഹികൾ.
പുതിയ കെട്ടിടം പണിയും
ശ്രീകൃഷ്ണവിലാസം വായനശാല നിലവിൽ സ്ഥിതി ചെയ്യുന്നത് വർഷങ്ങൾക്ക് മുമ്പ് പെരുമ്പളം എൻ.എസ്.എസ് കരയോഗം വാക്കാൽ അനുവദിച്ചുകൊടുത്ത പുരയിടത്തിലാണ്. പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതിക്കായി വായനശാല കമ്മിറ്റി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്ഥലം അനുവദിച്ചുള്ള രേഖ ലഭിക്കുന്ന മുറക്ക് എം.പി ഫണ്ടിന് അപേക്ഷിക്കും. അത് യാഥാർഥ്യമാകുന്നതോടെ പുതിയെ കെട്ടിടം പണി ആരംഭിക്കും.
കെ.കെ. ശിവരാജൻ നായർ പ്രസിഡന്റ് എസ്.കെ.വി
വായന പ്രോത്സാഹിപ്പിക്കണം
വായന, വായനക്കാരനിൽ ഒരു നവലോകം സൃഷ്ടിക്കുന്നുണ്ട്. ദൃശ്യശ്രവ്യ മാധ്യമങ്ങളിൽനിന്ന് കിട്ടാത്ത അനുഭൂതി വായനയിൽനിന്ന് ലഭിക്കുന്നു. നല്ല ഒരു വായനക്കായി പുതിയ രീതികൾ സൃഷ്ടിച്ചെടുക്കണം. പഴക്കം ചെന്ന കെട്ടിടം ആകർഷകമായ രീതിയിൽ പുതുക്കിപ്പണിയണം. നല്ല പ്രതിഫലം നൽകി രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ ഒരു ലൈബ്രേറിയൻ വേണം. പത്ര- ആനുകാലികങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയും സർക്കാർ ഗ്രാന്റ് ഉപയോഗപ്പെടുത്തി പുസ്തകശേഖരണത്തിന്റെ മാറ്റ് വർധിപ്പിക്കുകയും വേണം.
എം.എസ്. ദേവരാജ്, പെരുമ്പളം
പുസ്തക ശേഖരം വിപുലപ്പെടുത്തണം
83 പിന്നിട്ട എസ്.കെ.വി വായനശാല പുസ്തകങ്ങളുമായി അക്ഷരസ്നേഹികളെ കാത്തിരിക്കുകയാണ്. വീട്ടുമുറ്റത്തെ പുസ്തകങ്ങൾ പദ്ധതി ഇനിയും വിപുലമാക്കേണ്ടതുണ്ട്. പുതിയ അറിവിലേക്കുള്ള പുസ്തകങ്ങളും പുരാണങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഉൾപ്പെടുത്തി പുസ്തകശേഖരം വിപുലപ്പെടുത്തണം. കുട്ടികളിൽ വായനാ സംസ്കാരം വളർത്തിക്കൊണ്ട് വരാനുള്ള പുതിയ സംരംഭങ്ങൾ ഈ വായനശാലവഴി ഉണ്ടാകണം.
ടി.പി. ഉണ്ണികൃഷ്ണൻ അപർണാലയം, പെരുമ്പളം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.