ശിഹാബ് തങ്ങൾ പുരസ്‌കാരം സി. രാധാകൃഷ്ണന്

മലപ്പുറം: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ഏ​ർപെടുത്തിയ ശിഹാബ് തങ്ങൾ കർമ്മശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 50,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഡിസംബർ രണ്ടിന് കോഴിക്കോട്ട് സമ്മാനിക്കും.

സാഹിത്യ, ശാസ്ത്ര, സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ സി. രാധാകൃഷ്ണൻ കേരളത്തിന് നൽകിയ സമഗ്ര സംഭാവനയും മതമൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന ഉറച്ച നിലപാടുള്ള സാംസ്കാരിക നായകൻ എന്നതും പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്. ചന്ദ്രിക മുൻ പത്രാധിപർ സി.പി സൈതലവി, പ്രമുഖ സാഹിത്യകാരൻ കെ.പി രാമനുണ്ണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെട്ട മുൻപെ പറക്കുന്ന പക്ഷികൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, സ്പന്ദമാപിനികളെ നന്ദി, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, കരൾ പിളരും കാലം, എല്ലാം മായ്ക്കുന്ന കടൽ, ഇവിടെ എല്ലാവർക്കും സുഖം തന്നെ തുടങ്ങി നാൽപതിലധികം കൃതികൾ രചിച്ചിടുണ്ട് സി. രാധാകൃഷ്ണൺ. ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും അനേകം കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. നിരവധി ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ശാസ്ത്ര മാസിക പത്രാധിപരായും മാധ്യമം ദിനപത്രം പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .1962ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1989ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2016ൽ എഴുത്തച്ഛൻ പുരസ്‌കാരം, ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര സമിതിയുടെ മൂർത്തീദേവി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, ലളിതാംബിക അവാർഡ്, മഹാകവി ജി അവാർഡ്, മാതൃഭൂമി സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ഠ അംഗത്വം നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള ചലച്ചിത്ര വികസന കോർപറേഷൻ അംഗം, മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

1939 ഫെബ്രുവരി ഒന്നിന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എ.കെ സൈനുദ്ദീൻ, ഡയറക്ടർ അബ്ദുല്ല വാവൂർ, വൈസ് ചെയർമാൻ എ.എം അബൂബക്കർ, ജോയിന്റ് ഡയറക്ടർ കെ.ടി അമാനുല്ല എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - Shihab Thangal Award to c. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT