പ്രിയ എ.എസ്
വൈകാരികമായ കുറിപ്പുമായി സാഹിത്യകാരി പ്രിയ എ.എസ്. എനിയ്ക്ക് ഇനിയൊരു ജന്മം വേണ്ടേ വേണ്ട. അനുഭവിച്ച തൊക്കെയും ധാരാളം. സ്വയം ഒരു കഥയാണെന്ന് തോന്നാറുണ്ട് പലപ്പോഴും. എല്ലാവരും തന്നെ ഓരോരോ പ്രത്യേക കഥകളാണല്ലോ പ്രത്യേകിച്ച് എഴുത്തുകാർ എന്ന് അപ്പോത്തന്നെ ചിരിയും വരും.
ആശുപത്രിയിരുട്ടുകളിൽ ഇക്കാലമത്രയും അനുഭവിച്ച ദുരിതപർവ്വങ്ങൾക്ക് കണക്കില്ല. ആ ഇരുട്ടു കടഞ്ഞപ്പോൾ കിട്ടിയ വെളിച്ചമാണെൻ്റെ ജീവൻ്റെ ഉപ്പ് എന്നറിയുകയും ചെയ്യാം. എന്നാലോ ഒരത്യാഗ്രഹം പോലെയോ പ്രാർത്ഥന പോലെയോ മനസ്സ് പറയുന്നു, സ്വയം ബുദ്ധിമുട്ടാതെ ആരെയും ബുദ്ധിമുട്ടിക്കാതെ(അപ്പാകത്തിലാരുമില്ല താനും) ഒഴുക്കിലൊരു ഇല പോലെയാവും ഞാൻ കടന്നു പോവുക എന്ന്... ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെ തന്റെ മാനസികാവസ്ഥ എഴുത്തുകാരി പങ്കുവെക്കുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
ആശുപത്രിയിരുട്ടുകളിൽ ഇക്കാലമത്രയും അനുഭവിച്ച ദുരിതപർവ്വങ്ങൾക്ക് കണക്കില്ല. ആ ഇരുട്ടു കടഞ്ഞപ്പോൾ കിട്ടിയ വെളിച്ചമാണെൻ്റെ ജീവൻ്റെ ഉപ്പ് എന്നറിയുകയും ചെയ്യാം. എന്നാലോ ഒരത്യാഗ്രഹം പോലെയോ പ്രാർത്ഥന പോലെയോ മനസ്സ് പറയുന്നു, സ്വയം ബുദ്ധിമുട്ടാതെ ആരെയും ബുദ്ധിമുട്ടിക്കാതെ(അപ്പാകത്തിലാരുമില്ല താനും) ഒഴുക്കിലൊരു ഇല പോലെയാവും ഞാൻ കടന്നു പോവുക എന്ന്...
തായ് വേരായ അമ്മയുടെയും 'നിൻ്റെ കൈയൊന്നീ നെറുകയിൽ വയ്ക്കുക സങ്കടം പോലെ പതുക്കെ' എന്ന് കണ്ണുകൊണ്ട് പറഞ്ഞാൽപ്പോലും മനസ്സിലാവുന്ന അച്ഛൻ്റെയും കാലം കഴിഞ്ഞാൽ ഒരു മനോഹരമായ റിട്ടയർമെൻ്റ് ഹോമിൻ്റെ കനമില്ലായ്മയിലേക്ക് ഊർന്നിറങ്ങണം...
എനിയ്ക്ക് ഇനിയൊരു ജന്മം വേണ്ടേ വേണ്ട. അനുഭവിച്ച തൊക്കെയും ധാരാളം. സ്വയം ഒരു കഥയാണെന്ന് തോന്നാറുണ്ട് പലപ്പോഴും. എല്ലാവരും തന്നെ ഓരോരോ പ്രത്യേക കഥകളാണല്ലോ പ്രത്യേകിച്ച് എഴുത്തുകാർ എന്ന് അപ്പോത്തന്നെ ചിരിയും വരും.
കഥയെഴുത്തിലും ഇല്ല വലിയ കാര്യമൊന്നും എന്നുമറിയാം. വഴിയോര സത്രത്തിൽ അപരാഹ്ന വേളയിൽ ഒരുമിച്ചുകൂടി പിരിഞ്ഞു പോകും വരെ പറയുക പറയുക കഥകൾ നിരന്തരം കഥ പറഞ്ഞങ്ങനെ കഥകളായ് കാലത്തിലലിയുക അതിലൊരു കഥയില്ലയെങ്കിലും എന്ന് റഫീക്ക് എഴുതി ബിജിബാൽ ഈണമിട്ട് പി ജയചന്ദ്രൻ പാടിയത് ഞാൻ പേർത്തും പേർത്തും കേൾക്കുന്നു ജീവിതം തട്ടിത്തടഞ്ഞു നിൽക്കുമ്പോഴൊക്കെയും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.