കറുത്തവൻ പാടുമ്പോൾ
ഭൂമിയാകെ വിയർക്കുന്നു
ചെയ്തുപോയ അപരാധത്തിന്
മാപ്പിരക്കുന്നു.
കറുത്തവൻ പറയുമ്പോൾ
കാടിളകുന്നു കറുത്ത സ്വപ്നങ്ങൾ
നിലവിളിക്കുന്നു,
കറുത്തവന്റെ ഒച്ചയിൽ തെറിക്കും
തീക്ഷ്ണാനുഭവത്തിന് മുള്ളുകൊണ്ടല്ലോ
മുറിവേറ്റവർ പുളയുന്നു.
കറുപ്പെഴും ഉടലിലെ കതിർമണി വിയർപ്പുണ്ട്
വെടിവെട്ടവും കളിയുമായ് ഉണ്ടുറങ്ങിയ
കൂട്ടർക്ക് മനം പിരട്ടുന്നു,
ഇരിപ്പുറക്കാതവർ ഉറഞ്ഞെണീക്കുന്നു
വിഷച്ചൂരു തുപ്പി ഭൂമിയെ കൊല്ലുവാൻ...!
‘ഓഹോയ്’ വിളികളാൽ മനുഷ്യനെ
മണ്ണിട്ടു മൂടിയ ജാത്യാധികാര-
കൃമിപ്പെരുകിയോർ.
കറുത്തവരേ, മേദിനിക്കുടയവരേ...
നിങ്ങൾ തുടരുക, പാട്ടും
പറച്ചിലും നിർത്താതെ....!
വിറച്ചു തീരട്ടെ, അതുകേൾക്കെ, യവർ.
നിനക്കാതെ, ശിരസ്സിലേറ്റതാം
അടികൊണ്ട പോലഹോ...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.