സ്വന്തത്തേക്കാൾ മറ്റുള്ളവരുടെ കവിതകൾ കണ്ടെത്തുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന കവിയാണ്​ താങ്കൾ. ഇരുമ്പുതരികള്‍ സഞ്ചരിക്കുന്ന കാന്തത്തെ എന്നപോലെ ഭാഷയില്‍നിന്ന് കവിത താങ്കളെ പൊതിയുകയാണ് എന്നാണ്​ പി.പി. രാമചന്ദ്രൻ വിശേഷിപ്പിച്ചത്​. കവിതയുടെ ഇൗ ലഹരി താങ്കളെ ​എങ്ങനെയാണ്​ ആവേശിച്ചത്​?

എന്നെ സംബന്ധിച്ചിടത്തോളം കവിത എ​െൻറ ആശ്രയമോ ലഹരിയോ നിലനിൽപോ ഒക്കെയാണ്. ഞാൻ ഞാനായിരിക്കുന്ന വിധമാണ് എ​െൻറ കവിത. എനിക്കു പ്രിയപ്പെട്ട എല്ലാ കവിതകളുടെയും കർത്താവ് ഞാനാണെന്നാണ് എ​െൻറ വിചാരം. അതിനു മുന്നിൽ ഞാൻ സ്വയം എഴുതിയവ നിസ്സാരമാണ്. കാവ്യകലയുടെ ഉപാസകനായിട്ടാണ് ഞാനെന്നെ കാണുന്നത്. ആ ഉപാസനയുടെ ഒരു വഴി മാത്രമാണ് ഞാനെഴുതുന്ന കവിത.

മറഞ്ഞിരിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണമല്ലേ 'കവിതയുടെ കാർണിവലി'​െൻറ സംഘാടനത്തിലേക്കും കവിതക്കു മാത്രമുള്ള 'തിളനില' പതിപ്പിലേക്കും നയിച്ചത്​?

ആദ്യമേ പറയട്ടെ, കവിതയുടെ കാർണിവൽ എന്നത് എ​െൻറ ഒരാശയമല്ല. അത് പട്ടാമ്പി കോളജ് മലയാള വിഭാഗത്തി​െൻറ ആശയമാണ്. അവിടത്തെ പൂർവവിദ്യാർഥിയും നാട്ടുകാരനുമായ കവി എന്ന നിലയിൽ ഞാൻ അവരോടൊപ്പം നിൽക്കുന്നു. എന്നാൽ, തിളനില എ​െൻറ ഒരാശയമാണ്. ഗൗരവമുള്ള ഒരു കവിത ജേണൽ ആണ് മനസ്സിൽ. അതി​െൻറ ആദ്യ ലക്കം പ്രസിദ്ധീകരിക്കാൻ ലോഗോസ് ബുക്സ് തയാറായി. രണ്ടാം ലക്കം പ്രസാധകരെ കിട്ടാത്തതുകൊണ്ട് കൈയിൽനിന്നു പൈസയിറക്കി അച്ചടിച്ചു കൈ പൊള്ളി. മൂന്നാം ലക്കം കഴിഞ്ഞ വർഷം കാർണിവൽ ബുക്കായിത്തന്നെ ഇറക്കാൻ സാധിച്ചു. ഇനി മുതൽ അത് കവിത കാർണിവലി​െൻറ ഔദ്യോഗിക പ്രസിദ്ധീകരണമായിത്തന്നെ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുക. അശോകൻ മറയൂർ, ഒ. അരുൺകുമാർ, സി.പി. രമേഷ്, അമ്മു ദീപ, ഡി. അനിൽകുമാർ, കാർത്തിക് കെ, ആദിൽ മഠത്തിൽ, രേഷ്മ സി തുടങ്ങി ഒട്ടേറെ പുതിയ കവികളുടെ രചനകൾ ഫോക്കസ് കിട്ടുന്ന തരത്തിൽ 'തിളനില'യിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു എന്നാണു കരുതുന്നത്. വായിച്ച് ഇഷ്​ടപ്പെടുന്ന കവിതകളുടെ സുവിശേഷകനാണ് ഞാൻ. എന്നുവെച്ച് വായിക്കുന്ന എല്ലാം ഇഷ്​ടപ്പെടുന്ന ഉദാരത ഉള്ളയാളുമല്ല. എ​െൻറ അഭിരുചിയുടെ പരിമിതിയും ശക്തിയും 'തിളനില'യിലെ കവിതകളുടെ തിരഞ്ഞെടുപ്പിലുണ്ടാകാം.കുറ്റം പറയാനും പരിഹസിക്കാനും മാത്രം താൽപര്യം കാട്ടുന്ന സമകാലിക സംസ്കാരത്തിൽ അതൊന്നും ശ്രദ്ധിക്കപ്പെടണമെന്നില്ല. മുൻകാല മലയാള കവിതയിലെ ശ്രദ്ധിക്കപ്പെടാതെ പോയ കവികളുടെ രചനകളുടെ വീണ്ടെടുപ്പ് 'തിളനില'യുടെ ഒരു പ്രധാന ലക്ഷ്യമാണ്. അതുപോലെ, മലയാളത്തിലെ മാസ്​റ്റർപീസുകളായ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകൾക്ക് പ്രത്യേകം ഊന്നലുണ്ട്. കണ്ണീർപ്പാടത്തി​െൻറയും കളിയച്ഛ​െൻറയും പരിഭാഷകൾ പ്രസിദ്ധീകരിക്കാൻ സാധിച്ചു.

'കനം' എന്ന സമാഹാരത്തി​െൻറ മുഖമൊഴിയിൽ താങ്കൾ എഴുതി: ധാർമികമോ അധാർമികമോ അല്ലാത്ത, കാൽപനികമോ അകാൽപനികമോ അല്ലാത്ത, സുന്ദരമോ വിരൂപമോ അല്ലാത്ത ഒരു കവിതക്കായുള്ള പരതലാണ്​ എ​െൻറ കവിജീവിതം എന്ന്​. മലയാള കവിതയിൽ മൂന്ന്​ പതിറ്റാ​ണ്ടോളം പിന്നിടു​േമ്പാൾ താങ്കൾക്ക്​ എന്താണ്​ കവിത?

കവിതയെക്കുറിച്ച് ഒരിരുപത്തെട്ടുകാര​െൻറ അന്നത്തെ കാഴ്​ചപ്പാടാണ് 'കന'ത്തി​െൻറ ആമുഖത്തിൽ. കേരളീയ സാഹിത്യാന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഹിപ്പോക്രസിക്കെതിരായ കുറിപ്പാണിത്. നിത്യജീവിതത്തിൽ ഇല്ലാത്ത ആദർശങ്ങൾ കപടമായി കുത്തിനിറച്ച ഒരു കവിതയല്ല എനിക്കെഴുതേണ്ടിയിരുന്നത്. മറിച്ച്, എ​െൻറ ചെറുതും പരിമിതവുമായ അനുഭവ ജീവിതമാണ്. ആ കുറിപ്പുമതെ, ഞാനുദ്ദേശിച്ച ഈയർഥത്തിലല്ല വായിക്കപ്പെട്ടത്. ഹിപ്പോക്രസിക്കെതിരായ രാഷ്​ട്രീയം മുന്നോട്ടുവെച്ച ആ കുറിപ്പി​െൻറ പേരിൽ ഞാൻ അരാഷ്​ട്രീയവാദിയായി മുദ്രകുത്തപ്പെട്ടു എന്നതാണ് തമാശ. ഇന്നെനിക്ക് കവിത സ്വയം അഴിച്ചുപണിയാനുള്ള വഴിയാണ്. വീണ്ടും വീണ്ടും അഴിക്കാനും വീണ്ടും വീണ്ടും പണിയാനും ഞാൻ ആഗ്രഹിക്കുന്നു. അതിലൂടെ എ​െൻറ ലോകത്തേയും.

കവിതയിലെ ബഹുസ്വരതയെപ്പറ്റിയും വൈവി​ധ്യ​ങ്ങ​ളാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ്​ താ​ങ്ക​ൾ. കാർഷിക കവിതകളിലും മന്ത്രവാദ, നിലത്തെഴുത്ത്​ പാരമ്പര്യങ്ങളിലും കടൽ, ഗോത്ര,പുതുതലമുറക്കവിതകളിലും വരെ അത്​ എത്തിനിൽക്കുന്നു. മലയാള കവിതയിൽ താങ്കൾ കാണുന്ന പ്രതീക്ഷകളും പരിമിതികളും എ​ന്തൊക്കെയാണ്​?

വ്യത്യസ്തതയും വൈവിധ്യവുമുള്ള അനേകം തരം കവിതകളുണ്ടാവുക എന്നതാണ് ഞാൻ പ്രധാനമായി കാണുന്നത്. ഭാഷയും പ്രമേയവുമെല്ലാം യൂനിഫോംവത്​കരിക്കപ്പെടുമ്പോൾ കലഹക്കാരനായി ഞാനുണ്ടാകും. ഓരോ കാലവും ഒരു പൊതു കാവ്യഭാഷ ഉണ്ടാക്കുന്നുണ്ട്. അതിനെതിരെയുള്ള ജാഗ്രതയാണ് എനിക്കു പ്രധാനമായി തോന്നുന്നത്. നിലനിൽക്കുന്ന പൊതു കാവ്യരീതികളെ പൊളിച്ചുകൊണ്ടേ പുതിയ കവികൾക്ക് ശ്രദ്ധ നേടാൻ കഴിയൂ.

മൊഴിമാറ്റത്തിലൂടെ മലയാളേതര കവിതകളും താങ്കൾ അവതരിപ്പിച്ചു. പ്രധാനം തമിഴ്​ കവിതകളായിരുന്നു. ഇശൈ, ദേവതച്ചൻ, ജ്ഞാനക്കൂത്തൻ തുടങ്ങിയ നിരവധി കവികളെ പരിചയപ്പെടുത്തി. തമിഴ്^ മലയാളം താരതമ്യ പഠനത്തി​െൻറ അനുഭവം എന്താണ്?

എ​െൻറ കവിതലോകം വിപുലമാക്കാൻ തമിഴ് ഭാഷാ പരിചയം തീർച്ചയായും സഹായിച്ചിട്ടുണ്ട്. വ്യത്യസ്തമായ നോട്ടനിലകൾ മനസ്സിലാക്കാൻ വിശേഷിച്ചും. പൊതുവെ കാൽപനികമല്ല തമിഴ് കവിത. സാധാരണത്വത്തിലേക്കാണ്, അതിയായി മുഴച്ചുനിൽക്കുന്നതിലേക്കല്ല തമിഴ് കവികളുടെ ശ്രദ്ധ പൊതുവേ പതിയുക. മലയാളത്തിലാകട്ടെ, ഓവർ പ്രൊജക്​ഷനാണ്, അതിയായി മുഴച്ചുനിൽക്കുന്നതാണ് പെട്ടെന്നു ശ്രദ്ധിക്കപ്പെടുക. എന്നാൽ, വൃത്തങ്ങളേയും താളങ്ങളെയുമൊക്കെ കർശനമായി നിഷേധിച്ചതു വഴി തമിഴ് കാവ്യഭാഷ കാലം ചെൽകെ കൂടുതൽ കൂടുതൽ ഏകതാനമായിട്ടുണ്ട്. ഈ രണ്ടു പാരമ്പര്യത്തിൽനിന്നും എടുക്കാൻ കഴിയുന്നത് എടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

കവിതയിൽ രാഷ്​ട്രീയം പറയാത്തയാൾ എന്നാണ്​ പൊതുവെ താങ്കളെക്കുറിച്ചുള്ള പറച്ചിൽ. എന്നാൽ, ആഗസ്​റ്റ്​ അഞ്ചിന്​ രാമക്ഷേത്ര ശിലാസ്ഥാപന കർമം ലൈവായി പ്രക്ഷേപണം ചെയ്യാനുള്ള ദൂരദർശൻ തീരുമാനത്തിനെതിരെ താങ്കൾ ശക്തമായ നിലപാടുമായി രംഗത്തുവന്നു. പൗരത്വ നിയമത്തിനെതിരായും ഉറച്ച ശബ്​ദമായിരുന്നു താങ്കളുടേത്​. കവിതക്ക്​ അകത്തും പുറത്തും താങ്കളുടെ രാഷ്​ട്രീയം എന്താണ്​?

കവിതയിൽ രാഷ്​ട്രീയം പറയാത്തയാളാണ് ഞാൻ എന്നത് കനത്തി​െൻറ മുഖക്കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ച ചിലർ പരത്തിയ അഭിപ്രായം മാത്രമാണ്. സ്വന്തം ജീവിതത്തിൽ നിങ്ങൾക്ക് ആദർശങ്ങളൊന്നും വേണ്ട, കവിതയിലും പ്രസംഗങ്ങളിലും ആദർശവാനായി കാണപ്പെട്ടാൽ മതി എന്ന മനോഭാവത്തിനെതിരാണ് ഞാൻ. ഞാൻ എ​െൻറ ജീവിതത്തിൽ കൃത്യമായ നിലപാടുകൾ എടുക്കാൻ ശ്രമിച്ചിട്ടുളള ആളാണ്. പത്തു കൊല്ലം തുണിക്കച്ചവടമുൾപ്പെടെ പല പണികൾ ചെയ്ത ആളാണ് ഞാൻ. എയ്​ഡഡ് സ്കൂളിൽ പണം കൊടുത്തു ചേരാൻ ഞാൻ തയാറായിട്ടില്ല. എ​േൻറത് വിജാതീയ പ്രണയ വിവാഹമാണ്. എ​െൻറ മക്കളെ ജാതി മത അതീതരായി വളർത്താനാണ് ശ്രമിക്കുന്നത്. അവർ പഠിക്കുന്നത് പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ്.

നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ നിലപാടുകൾ ഉണ്ട്. എല്ലാത്തരം മനുഷ്യാവകാശങ്ങളോടെയും അന്തസ്സോടെയും എല്ലാവർക്കും ജീവിക്കാൻ കഴിയണം എന്നതാണ് എ​െൻറ രാഷ്​ട്രീയം. കവിതയിലും പ്രസംഗത്തിലും ആദർശവും മൂല്യങ്ങളും തിളച്ചുമറിയുകയും വ്യക്തിജീവിതത്തിൽ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ. ജീവിതത്തിലില്ലാത്തതു സൂക്ഷിക്കാനുള്ള സ്ഥലമല്ല എനിക്കു കവിത.

'കന'ത്തിൽ നേരിട്ട് രാഷ്​ട്രീയ വിഷയങ്ങൾ വരുന്നില്ല എന്നത് ശരിയാണ്. എന്നാൽ, 'തുരുമ്പ്' മുതലുള്ള സമാഹാരങ്ങളിൽ കൃത്യമായ രാഷ്​ട്രീയ നിലപാടുകൾ തന്നെ ആവിഷ്കരിച്ചിട്ടുള്ള പല കവിതകളുണ്ട്. അലറിപ്പറഞ്ഞാലേ കേൾക്കൂ എങ്കിൽ നിങ്ങൾ എന്നെ കേൾക്കേണ്ട എന്നേ പറയാനുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT