ടീച്ചറെ കുറിച്ചുള്ള അവസാനത്തെ ഓർമ അന്ന്​ കേട്ട കഥയാണ്​; സുഗതകുമാരിയെ ഓർമിച്ച്​ കെ.ആർ മീര

അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചറെ ഒാർമിച്ച്​ നോവലിസ്റ്റ്​ കെ.ആർ മീര. ആരാച്ചാര്‍ നോവലി​െൻറ അമ്പതിനായിരാമത്തെ എഡിഷന്‍ ലേലം ചെയ്തു കിട്ടിയ 50,001 രൂപ സുഗത കുമാരി ടീച്ചറുടെ 'അഭയ' എന്ന സ്ഥാപനത്തിനാണു സമ്മാനിച്ചതെന്ന്​ കെ.ആർ മീര പറഞ്ഞു. അര്‍ഹിക്കുന്ന കരങ്ങളില്‍ ആ തുക ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ മാത്രമല്ല, ത​െൻറ ഭാവനയെയും ഭാഷയെയും പ്രചോദിപ്പിച്ച കവികളില്‍ ഒരാള്‍ എന്ന നിലയില്‍ ആ ചടങ്ങില്‍ ടീച്ചറി​െൻറ സാന്നിധ്യമുണ്ടായതിലും അനുഭവപ്പെട്ട ആഹ്ലാദം നിസ്സീമമായിരുന്നുവെന്നും എന്നാൽ, അന്നു പ്രത്യേകമായി കാണാനോ സംസാരിക്കാനോ അവസരം കിട്ടിയിരുന്നില്ലെന്നും മീര ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പിന്നീട്​ സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവർ തന്നോട്​ പറഞ്ഞ മനോഹരമായ കഥയും കെ.ആർ മീര ഫേസ്​ബുക്കിൽ പങ്കുവെച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

ആരാച്ചാര്‍ നോവലി​െൻറ അമ്പതിനായിരാമത്തെ എഡിഷന്‍ ഒറ്റ കോപ്പിയേ ഉണ്ടായിരുന്നുള്ളൂ. അതു ലേലം ചെയ്തു കിട്ടിയ അമ്പതിനായിരത്തിയൊന്നു രൂപ സുഗത കുമാരി ടീച്ചറുടെ 'അഭയ' എന്ന സ്ഥാപനത്തിനാണു സമ്മാനിച്ചത്.

തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടന്ന ചടങ്ങില്‍ ടീച്ചറും പങ്കെടുത്തു.
അര്‍ഹിക്കുന്ന കരങ്ങളില്‍ ആ തുക ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ മാത്രമല്ല, എ​െൻറ ഭാവനയെയും ഭാഷയെയും പ്രചോദിപ്പിച്ച കവികളില്‍ ഒരാള്‍ എന്ന നിലയില്‍ ആ ചടങ്ങില്‍ ടീച്ചറി​െൻറ സാന്നിധ്യമുണ്ടായതിലും അനുഭവപ്പെട്ട ആഹ്ലാദം നിസ്സീമമായിരുന്നു. എങ്കിലും, അന്നു പ്രത്യേകമായി കാണാനോ സംസാരിക്കാനോ അവസരം കിട്ടിയില്ല.
കുറച്ചു കാലം കഴിഞ്ഞു ടീച്ചര്‍ വഴുതി വീണു കിടപ്പിലാണ് എന്ന് അറിഞ്ഞപ്പോള്‍ ഞാനും ദിലീപും കൂടി കാണാന്‍ ചെന്നു.
അന്ന്, അനിയത്തി സുജാത ദേവിയാണു ടീച്ചറോടൊപ്പം ഉണ്ടായിരുന്നത്.
സംസാരിച്ചു കൊണ്ടിരിക്കെ, ടീച്ചര്‍ ഒരു കഥ പറഞ്ഞു :

മലമുകളില്‍ മൂന്നു മരങ്ങളുണ്ടായിരുന്നു. ആദ്യത്തെ മരം പറഞ്ഞു – എനിക്ക് വലിയൊരു നിധിപേടകമാകണം. ലോകത്തേക്കും വിലപ്പെട്ട നിധിയെ എനിക്ക് ഉള്ളില്‍ വഹിക്കണം.

രണ്ടാമത്തെ മരം പറഞ്ഞു – എനിക്ക് മഹാസമുദ്രങ്ങള്‍ മറികടക്കണം. രാജാക്കന്‍മാരുടെ രാജാവിനെ വഹിച്ചു കൊണ്ട് എനിക്കു തിരമാലകള്‍ക്കു മീതേ പായണം.
മൂന്നാമത്തെ മരം പറഞ്ഞു – എനിക്കു മലമുകളില്‍ ഭൂമിക്കു മീതേ ഉയര്‍ന്നു നില്‍ക്കണം. എന്നെ കാണുന്ന കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ന്നു ദൈവത്തിനു നന്ദി പറയണം.

കുറച്ചു കാലം കഴിഞ്ഞു. മരംവെട്ടുകാര്‍ വന്നു. ‍ മൂന്നു മരവും വെട്ടി. ആദ്യത്തെ മരം വാങ്ങിയ ആള്‍ തൊഴുത്തില്‍ പുല്ലും വയ്ക്കോലും വയ്ക്കാനുള്ള കൂടു പണിതു. രത്നങ്ങള്‍ക്കു പകരം അതില്‍ പുല്ലും വൈക്കോലും നിറച്ചു. നിധിപേടകമാകാന്‍ ആഗ്രഹിച്ചിട്ട് പുല്‍ക്കൂടായതില്‍ മരം വിഷാദിച്ചു.

രണ്ടാമത്തെ മരം വാങ്ങിയ ആള്‍ അതുകൊണ്ട് മീന്‍പിടിക്കാനുള്ള വഞ്ചി പണിതു. കപ്പലായി മാറി മഹാസമുദ്രങ്ങള്‍ കടക്കുന്നതിനു പകരം ഒരു മീന്‍പിടിത്തത്തോണി ആയതില്‍ മരം നിരാശപ്പെട്ടു.
മൂന്നാമത്തെ മരം വാങ്ങിയ ആള്‍ ആ തടിയുടെ ഗുണം നോക്കിയതുപോലുമില്ല. അയാളതു വെട്ടി പണിശാലയുടെ ഒരു മൂലയ്ക്കിട്ടു. മലമുകളില്‍ ഭൂമിക്കു മീതേ ഉയര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിച്ച മരം തന്റെ ജന്‍മത്തെ ഓര്‍ത്തു കഠിനമായി ദു:ഖിച്ചു.

കാലം കടന്നുപോയി. ഒരു മഞ്ഞുകാല രാത്രിയില്‍, ആ തൊഴുത്തില്‍ ഒരു ഭര്‍ത്താവും പൂര്‍ണഗര്‍ഭിണിയായ ഭാര്യയും അഭയം തേടി. ആ സ്ത്രീ അവിടെ പ്രസവിച്ചു. വൈക്കോല്‍ക്കൂടില്‍ അവര്‍ ആ കുഞ്ഞിനെ കിടത്തി. ലോകത്തെ ഏറ്റവും വിലപ്പെട്ട നിധിയെ താന്‍ വഹിക്കുകയാണ് എന്നു മരം തിരിച്ചറിഞ്ഞു.

കാലം പിന്നെയും കഴിഞ്ഞു. രണ്ടാമത്തെ മരം കൊണ്ട് ഉണ്ടാക്കിയ വഞ്ചിയില്‍ തളര്‍ന്ന ഒരു സഞ്ചാരി വന്നു കയറി. വലിയ കൊടുങ്കാറ്റില്‍ വഞ്ചി ഉലഞ്ഞു. സഞ്ചാരി കയ്യുയര്‍ത്തിപ്പിടിച്ചു ശാന്തമാകൂ എന്നു കടലിനോടും കാറ്റിനോടും കല്‍പ്പിച്ചു. പ്രപഞ്ചം ശാന്തമായി. താന്‍ രാജാക്കന്‍മാരുടെ രാജാവിനെ വഹിക്കുകയാണ് എന്നു രണ്ടാമത്തെ മരം തിരിച്ചറിഞ്ഞു.

കുറച്ചു കാലം കൂടി കടന്നു. മൂന്നാമത്തെ മരം കിടന്ന പണിശാലയില്‍ സൈനികര്‍ ഇരമ്പി വന്നു. അവര്‍ അതിനെ വെട്ടിമുറിച്ച് നെടുകെയും കുറുകെയും രണ്ടു തടിക്കഷ്ണങ്ങള്‍ തറച്ചു. മലമുകളില്‍ ഭൂമിക്കു മീതേ അതുയര്‍ന്നു. അതിന്‍മേല്‍ ഒരു മനുഷ്യനെ അവര്‍ തറച്ചുവച്ചു. മലമുകളില്‍ ഉയര്‍ന്നു നില്‍ക്കെ, മൂന്നാമത്തെ മരം താന്‍ ആഗ്രഹിച്ചതു പോലെ ഭൂമിക്കു മീതേ ഉയര്‍ന്നു നില്‍ക്കുകയാണെന്നും തന്നെ നോക്കുന്ന കണ്ണുകളെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് ഉയരുന്നുണ്ടെന്നും തിരിച്ചറിഞ്ഞു.

അങ്ങനെ മൂന്നു മരങ്ങളുടെയും ആഗ്രഹങ്ങള്‍ സഫലമായി. – അതായിരുന്നു കഥ.

ടീച്ചറെ കണ്‍മുമ്പില്‍ കണ്ടു കൊണ്ടും കേട്ടു കൊണ്ടും ഇരിക്കുമ്പോള്‍, ജീവിതത്തി​െൻറ ഏറ്റവും ഇരുണ്ട കാലത്ത്
പറയട്ടെ ലോകം വെറും ഭ്രാന്തിയാം മീര–
യൊരുപാട്ടു മാത്രമേ പാടൂ
എന്നും
ഞാനറിയുന്നു ഞാനറിയാത്തോരിടത്തിലെങ്ങാമോ
നീ വാഴുന്നൂ സമാന ഹൃദയ നിനക്കായ് പാടുന്നേന്‍
എന്നും
ഇനിയീ മനസ്സില്‍ കവിതയില്ല,
മണമില്ല മധുവില്ല മധുരമില്ല
എന്നും ഒക്കെ ഉരുവിട്ടു രാത്രികള്‍ പകലാക്കിയ ഒരുവള്‍ക്ക് അനുഭവപ്പെട്ട അനുഭൂതി ടീച്ചര്‍ അറിയുന്നുണ്ടായിരുന്നില്ല.
അതു ടീച്ചര്‍ അറിയണമെന്ന് എനിക്കു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല.
അതില്‍പ്പിന്നെ ഒന്നു രണ്ടു തവണ കൂടി കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമുണ്ടായില്ല.
അതുകൊണ്ട്, ടീച്ചറെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ അന്നു കേട്ട കഥയാണ്.
ടീച്ചര്‍ യാത്രയാകുമ്പോള്‍ മരങ്ങളെയും മഹത്വത്തെയും കുറിച്ചുള്ള ആ കഥയുടെ ഭാവതലങ്ങള്‍ ഞാന്‍ ഹൃദയം കൊണ്ട് അനുഭവിക്കുന്നു.
പുഴുവും പ്യൂപ്പയുമായിരുന്ന ഒരുവള്‍ക്കു കവിതയുടെ മരച്ചില്ല സമ്മാനിച്ച സുഗതകുമാരി ടീച്ചര്‍ക്കു പ്രണാമം.

ആരാച്ചാര്‍ നോവലിന്റെ അമ്പതിനായിരാമത്തെ എഡിഷന്‍ ഒറ്റ കോപ്പിയേ ഉണ്ടായിരുന്നുള്ളൂ. അതു ലേലം ചെയ്തു കിട്ടിയ...

Posted by K R Meera on Wednesday, 23 December 2020

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.