ലക്ഷദ്വീപ് തരിശുഭൂമിയാക്കാതെ ഇബലീസുകൾ അവിടം വിട്ടുപോകണമെന്ന് കെ.ജി. ശങ്കരപ്പിള്ള

കൊച്ചി: കരയിൽ നിന്ന് വിഷത്തിരയിൽ വന്നടിഞ്ഞ അഡ്മിനിസ്‌ട്രേറ്ററും വർഗ്ഗീയ കാളികൂളികളുമാണ് ലക്ഷദ്വീപിലെ ഭീകരന്മാർ എന്ന് പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള. മാനുഷികമൂല്യങ്ങളുടെ ആ വിശുദ്ധഭൂമി കളങ്കപ്പെടുത്താതെ ഫാസിസ്റ്റുകൾ ദ്വീപ് വിട്ടു പോവുകയും ലക്ഷദ്വീപിനെ അതിന്റെ ആത്മാഭിമാനത്തിൽ ജീവിക്കാൻ അനുവദിക്കുയുമാണ് വേണ്ടതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഗുജറാത്തിൽ ആർമാദിച്ച വംശഹത്യയുടെ വാൾ ചോരക്ക് ദാഹിക്കുന്നു. ആ സ്വൈരഭൂമി തരിശുഭൂമിയാക്കാതെ ഇബ്‌ലീസുകൾ അവിടം വിട്ട് പോകുകയാണ് വേണ്ടതെന്ന് കെ.ജി.എസ് പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണരൂപം:

ലക്ഷദ്വീപിൽ ഭീകരവാദികൾ ഉണ്ടെന്ന് കേന്ദ്രൻ. ഉണ്ട്; കരയിൽ നിന്ന് വിഷത്തിരയിൽ വന്നടിഞ്ഞ അഡ്മിനിസ്‌ട്രേറ്ററും വർഗ്ഗീയ കാളികൂളികളും.

***

അധികാരഭീകരത അവസാനിപ്പിക്കുക. മാനുഷികമൂല്യങ്ങളുടെ ആ വിശുദ്ധഭൂമി കളങ്കപ്പെടുത്താതെ ഫാസിസ്റ്റുകൾ ദ്വീപ് വിട്ടു പോവുക. ലക്ഷദ്വീപിനെ അതിന്റെ ആത്മാഭിമാനത്തിൽ ജീവിക്കാൻ അനുവദിക്കുക.

***

ഏതാനും ദിവസങ്ങൾ കവരത്തിയുടെ സ്നേഹ ഹരിതത്തിൽ ജീവിക്കാൻ എനിക്കും കുടുംബത്തിനും കഴിഞ്ഞിട്ടുണ്ട്. എന്റെ പ്രിയ സുഹൃത്ത് ശ്രീകുമാർ കാരണം. മറക്കില്ലൊരിക്കലും നന്മയുടെ ആ ആവാസവ്യവസ്ഥയുടെ അപൂർവ്വാനുഭവം.

അവിടെ ഒരു ജയിലുണ്ട്. ഉണ്ടാക്കി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും അതിലിട്ട് പൂട്ടാൻ ഒരു കുറ്റവാളിയെ ദ്വീപിൽ നിന്ന് കിട്ടിയില്ല. എല്ലാ സെല്ലുകളും എന്നും ഒഴിഞ്ഞു കിടന്നു. ഞങ്ങൾ കാണുമ്പോൾ അവിടം സർക്കാർ ഫയലുകളുടെ സൂക്ഷിപ്പ് കേന്ദ്രം. ഒപ്പം, മനുഷ്യനന്മയുടെ ദീപസ്തംഭവുമാണതെന്ന് തോന്നി. അപ്പുറത്തെ കവരത്തിദീപസ്തംഭംത്തേക്കാൾ ധർമ്മത്തിന്റെ ദിശ കാണിക്കുന്ന ദീപസ്തംഭം. വീമ്പുകളുടെ വൻകരയിൽ തടവറകൾ നിറഞ്ഞു കവിയുന്ന കാലത്താണെന്നോർക്കണം, ദ്വീപിൽ ഈ സാമൂഹിക സ്വച്ഛത . അവിടെ ഗൂണ്ടാ ആക്റ്റുമായി വരാൻ പതിവ് വർഗ്ഗീയമൗഢ്യം പോരാ. കണ്ണീരും ചോരയും ദളിതരുടെ കുടികളിലും നാഗരിക തെരുവുകളിലും പ്രളയം തിളയ്ക്കുന്ന കാലത്ത്. ഗുജറാത്തിൽ ആർമാദിച്ച വംശഹത്യയുടെ വാൾ ചോരയ് ക്ക്‌ ദാഹിക്കുന്നു. അത്തരം ദുർഭരണക്കാർ എന്ത് ശാന്തി, എന്ത് നന്മ, എന്ത് സമൃദ്ധി, എന്ത് സ്വാതന്ത്ര്യം, ലക്ഷദ്വീപിന്റെ ഉർവ്വരസ്വച്ഛന്ദതയിൽ വിളയിക്കും? ആ സ്വൈരഭൂമി തരിശുഭൂമിയാക്കാതെ ഇബ്‌ലീസുകൾ അവിടം വിട്ട് പോണം.

കവരത്തിയിൽ എനിക്കിപ്പോഴുമുണ്ട് നിരവധി ആത്മമിത്രങ്ങൾ. മഹാരാജാസിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്നവർ. അവർ ഞങ്ങടെ സുഹൃത്തുക്കളാക്കിയ അവരുടെ സുഹൃത്തുക്കൾ. ലഗൂണിന്റെ പവിത്ര നീലിമയിൽ നീന്താനും ആഴത്തിൽ പവിഴപ്പുറ്റുകളുടെ പ്രകാശഗ്രാമങ്ങളിലേക്കും കടൽപ്പൂന്തോട്ടങ്ങളിലെ വർണ്ണവിസ്മയങ്ങളിലേക്കും മുങ്ങാങ്കുഴിയിടാനും ലക്ഷ്ദ്വീപിന്റെ ദേശീയ മത്സ്യമായ ' പക്കി ഖദീജ' യെ ഉള്ളം കൈയിൽ കോരിയെടുത്ത് കാണിക്കാനും കൂടെയുണ്ടായിരുന്നവർ. അവരിൽ സ്നേഹക്കയമായിരുന്ന ഷെബീർ രണ്ടാഴ്ച മുമ്പ് കടലുകളുടെ കടലിൽ മറഞ്ഞു. ഹൃദ്രോഗം.

ദ്വീപിലെ മനുഷ്യർ, തെളിമലയാളികൾ. അവരിപ്പോൾ സഹിക്കുന്നതൊന്നും അവരർ ഹിക്കുന്നതല്ല. അവരറിഞ്ഞിട്ടില്ലാത്ത ഭയം, അവിശ്വാസം, പീഡനം, അസ്വാതന്ത്ര്യം, മഹാമാരി, അവരിപ്പോൾ അനുഭവിക്കുന്നു. രക്ഷകനാട്യത്തിൽ വന്ന ദുർഭരണഭീകരൻ അവരെ അവരുടെ സ്വർഗ്ഗത്തിൽ നിന്ന് നരകത്തിലേക്കാണ് ചവിട്ടിത്തുരത്തുന്നത്.

അവരുടെ വിശുദ്ധജീവിതം ജിവിക്കാൻ അനുവദിക്കായ്കയാണ് ഭീകരത.

മൂല്യസാക്ഷരതയുള്ള ഒരു ജനനേതാവിന് മാത്രമേ ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. ദ്വീപ് നിവാസികളുടെ സുഹൃത്തും രക്ഷകനുമാവാൻ കഴിയൂ. മാനുഷികമായ ആധുനികതയിലേക്ക് ലക്ഷദ്വീപിനെ ഉയർത്താൻ കഴിയൂ. അങ്ങനെയൊരാളുണ്ടെങ്കിൽ വരട്ടെ.

ഇപ്പോഴത്തെ സാഡിസ്റ് കങ്കാണി പോയി ഗുജറാത്തിലെ സ്വന്തം വീട് നന്നാക്കട്ടെ.

കെ ജി എസ്

Tags:    
News Summary - KG Sankara pillai post on Lakshadweep issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT