അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈദ്യുതി ദീപാലംകൃതമായ
നിയമസഭ മന്ദിരം
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന് ബുധനാഴ്ച തുടക്കം. രാവിലെ ഒമ്പതിന് സ്പീക്കർ എ.എൻ. ഷംസീർ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈക്കം ക്ഷേത്ര കലാപീഠം ഒരുക്കുന്ന പഞ്ചാരിമേളം അരങ്ങേറും. ഏഴുവരെയാണ് നിയമസഭ സമുച്ചയത്തിൽ പുസ്തകോത്സവം നടക്കുക. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര സംഭാവനക്കുള്ള ‘നിയമസഭാ അവാർഡ്’ എം.ടി. വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
കലാ-സാംസ്കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖർ പുസ്തകോത്സവത്തിന്റെ ഭാഗമാകും. നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ പ്രഭാഷണമാണ് ആദ്യദിനത്തിലെ മുഖ്യആകർഷണം. ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിലും മറ്റു മൂന്നു വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികൾ. പുസ്തകോത്സവത്തിൽ 160 ഓളം പ്രസാധകരുടെ 255ൽ അധികം സ്റ്റാളുകളാണുള്ളത്. 240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, പാനൽ ചർച്ചകൾ, ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദ ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയവയും നടക്കും. പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.