തിരുവനന്തപുരം: രാജ്യത്ത് നിർഭയമായി എഴുത്ത് സാധ്യമാകുന്ന പച്ചത്തുരുത്താണ് കേരളമെന്ന് എൻ.എസ്. മാധവൻ. രാജ്യത്ത് ചരിത്രം ആസ്പദമാക്കി എഴുതുന്നവർ നിശബ്ദരാക്കപ്പെടുകയാണ്. ചരിത്രസത്യങ്ങളെ മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേരളവും തമിഴ്നാടും പോലെ ചുരുക്കം ചില ഇടങ്ങളേ സ്വതന്ത്രമായ എഴുത്ത് അനുവദിക്കുന്നുള്ളൂ.
വടക്കേ ഇന്ത്യയിൽ യാഥാർഥ്യങ്ങൾ എഴുതുന്നവർക്ക് താമസിക്കാൻ വീട് കിട്ടാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. മീറ്റ് ദ ഓതർ സെഷനിൽ എസ്. ഹരീഷുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. എഴുത്തിലും ചലച്ചിത്രങ്ങളിലും പ്രാദേശികഭാഷ വിപണനമൂല്യമുള്ളതായി മാറി. ഇതിന് തുടക്കംകുറിച്ചത് എം.ടിയാണ്.
ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കുറേ ലക്കങ്ങളിൽ വിമർശനം പോലും ഉന്നയിക്കാനാവാത്ത വിധം വിമർശകലോകം സ്തബ്ധരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തേക്കാൾ രാഷ്ട്രീയബോധമുള്ള ജനത വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ജീവൽപ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമല്ലെന്നും എൻ.എസ്. മാധവൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.