കടവ്
ഇന്നൊരു
സ്ഥലനാമം മാത്രമാണ്.
പാലം വന്നതിൽ പിന്നെ
ജലംകൊണ്ട് മുറിവേറ്റ
കടത്തുകാരനെ
ആരും തിരഞ്ഞതേയില്ല.
കാത്തിരുന്ന
കാലിന്റെ ദൂരം
അക്കരെ നിന്ന
പച്ചപ്പുകൾ
ആറ്റുവഞ്ചിയുടെ
സല്ലാപങ്ങൾ
എല്ലാം വിസ്മൃതിയിലാണ്ടു പോയ
കെട്ടുകാഴ്ചകൾ
ഒരു കൂവലിൽ
മറുകരതാണ്ടി
കൂരിരുട്ടിലിടക്ക്
നക്ഷത്രങ്ങൾ
മിന്നാമിന്നികളായി
തുഴഞ്ഞതെത്രകാലം
പാലത്തിനു കുറ്റിയടിച്ച
അന്നാണ്
ഒരു കണമ്പ്
കരയിൽ ചാടി
ആത്മഹത്യ ചെയ്തത്.
രാവിലെ
കുനിയനുറുമ്പുകളുടെ
കൂട്ടപ്രാർഥന.
വേലിയേറ്റങ്ങളിറക്കങ്ങളെ
നെഞ്ചോട് ചേർത്ത
ഉള്ളൊഴുക്കിലൊന്നായ
കടത്തുകാരനെ
പിന്നെയാരും കണ്ടതേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.