സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ല -കെ. സച്ചിദാനന്ദൻ

തൃശൂർ: സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ലെന്നും സർക്കാറിന്റെ ഇടപെടൽ സൂചിപ്പിക്കുന്ന ഉത്തരവ് കോൺഗ്രസ്‌ ഭരണകാലത്ത് തുടങ്ങിയതാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. അക്കാദമിയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കും സർക്കാറിന്റെ അനുവാദം വാങ്ങാറില്ല.

അതിനാൽത്തന്നെ, ഉത്തരവിൽ പുതുമയില്ല. സർക്കാർ പതിവായി അയക്കുന്ന റിപ്പോർട്ട് മാത്രമാണെന്നും അനുവാദത്തിന് വേണ്ടിയല്ല ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി കഴിഞ്ഞദിവസം ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സച്ചിദാനന്ദന്റെ പ്രതികരണം. സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും മാർഗനിർദേശം നൽകുന്നതാണ് പുതിയ ഉത്തരവ്. അടുത്ത കാലങ്ങളിൽ അക്കാദമിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന ഉത്തരവിറക്കിയത്. സ്വയംഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലാണ് സർക്കാർ ഇടപെടൽ.

സാംസ്കാരിക സ്ഥാപനങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള യോഗങ്ങൾ ചേരുമ്പോൾ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യമുറപ്പാക്കുന്ന രീതിയിൽ ക്രമീകരിക്കണം, നിയമസഭ സമ്മേളനം, വർക്കിങ് ഗ്രൂപ് എന്നിവ ചേരുന്ന സമയങ്ങളിൽ യോഗങ്ങൾ ഒഴിവാക്കണം, യോഗ തീയതിക്കു മുമ്പ് അജണ്ട വിശദമായി അറിയിക്കണം എന്നീ കാര്യങ്ങൾ ഉത്തരവിൽ പറയുന്നു.

യോഗത്തിൽ ഔട്ട്‌ ഓഫ് അജണ്ടയായി ഒന്നും വരാൻ പാടില്ല, മിനിറ്റ്സ് 10 ദിവസത്തിനകം സർക്കാറിന് ലഭ്യമാക്കണം തുടങ്ങിയവയും ഉത്തരവിൽ പറയുന്നുണ്ട്.

പുറത്തിറക്കിയത് അക്കാദമികൾക്കായുള്ള മാർഗരേഖ -മന്ത്രി സജി ചെറിയാൻ

കൊല്ലം: വിവിധ അക്കാദമികളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള ഗൈഡ്ലൈനുകളാണ് സർക്കാർ പുറത്തിറക്കിയതെന്ന് മന്ത്രി സജി ചെറിയാൻ. ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തനം മികവുറ്റതാക്കുമെന്നത് സംസ്ഥാന സർക്കാറിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഇതിനായുള്ള 12 കാര്യങ്ങളാണ് അക്കാദമികൾക്കായി സർക്കാർ ഗൈഡ്ലൈനായി ഇറക്കിയത്. പ്രവർത്തനരീതികൾ, വരവുചെലവ് കണക്കുകൾ പോലുള്ള കാര്യങ്ങൾ ഇപ്പോൾ നിശ്ചയിക്കപ്പെട്ട മാർഗരേഖ അനുസരിച്ച് കൊണ്ടുപോകണമെന്നതാണ് ഉദ്ദേശ്യം. അതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

Tags:    
News Summary - It is not the first time that the government has brought control over cultural institutions -K. Satchidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT