ഹരീഷിന്‍റെ 'മീശ': വിവാദത്തിന് പിന്നിൽ വർഗീയ ധ്രുവീകരണം; സാഹിത്യത്തെ സാഹിത്യമായി കാണണം -വൈശാഖൻ

തൃശൂർ: എസ്. ഹരീഷിന്‍റെ 'മീശ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിനെതിരെ ഉയർന്ന വിമർശനത്തിൽ മറുപടിയുമായി അധ്യക്ഷൻ വൈശാഖൻ. വിവാദം കൊണ്ട് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്ന് വൈശാഖൻ പറഞ്ഞു.

സാഹിത്യത്തെ സാഹിത്യമായി കാണണം. നോവലിലെ ഒരു കഥാപാത്രത്തിന്‍റെ സംഭാഷണത്തിന്‍റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല. അവാർഡ് നിർണയത്തിൽ പുനർവിചിന്തനമില്ലെന്നും വൈശാഖൻ വ്യക്തമാക്കി.

സാഹിത്യത്തെ കുറിച്ച് അഭിപ്രായം രൂപീകരിക്കാൻ കഴിവുള്ള ഏഴ് വിദഗ്ധർ അടങ്ങുന്ന സമിതിയാണ് ആദ്യം ഇരുപത് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിൽ നിന്ന് പത്ത് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഈ പത്ത് പുസ്തകങ്ങൾ മൂന്നു ജൂറികൾക്ക് കൈമാറും. ജൂറി ഇടുന്ന മാർക്കുകൾ അങ്ങനെതന്നെ കൂട്ടുകയാണ് അക്കാദമി ചെയ്യുന്നത്.  

അവാർഡ് നിർണയത്തിൽ സംസ്ഥാന സർക്കാറിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ല. അക്കാദമി മതേതര സ്ഥാപനമാണെന്നും ഒരു മതത്തെ അധിക്ഷേപിക്കുക എന്ന ലക്ഷ്യമില്ലെന്നും വൈശാഖൻ ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

എസ്​. ഹരീഷിന്‍റെ നോവൽ മീശക്ക്​ സാഹിത്യ അക്കാദമി അവാർഡ് നൽകിയതിൽ കനത്ത പ്രതിഷേധവുമായി​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പുരസ്​കാര ദാനം കാണിക്കുന്നത്​ മുഖ്യമന്ത്രി പിണറായി വിജയന്​ ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നാണ്​ സുരേന്ദ്രൻ പറഞ്ഞത്.

ഒരു വിഭാഗത്തെ അധിക്ഷേപിക്കാൻ എഴുതിയ നോവലാണത്​. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്‍റെ അതേ പ്രതികാര മനോഭാവം തന്നെയാണ്​ ഈ വിഷയത്തിലും കണ്ടിരിക്കുന്നത്​. ഹിന്ദുക്കളെ അപമാനിക്കാൻ പിണറായി വിജയൻ കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT