ഗോവയിലെ മഞ്ഞക്കിളി

ഗോവയില്‍ വര്‍ക്ക് ചെയ്തിരുന്ന കാലം. നാട്ടില്‍ വരുമ്പോൾ ചില സുഹൃത്തുക്കള്‍ ചോദിക്കും 'ഡാ... നീ ഇപ്പോ എവിടാ വര്‍ക്ക് ചെയ്യുന്നേ?' ഗോവയിലാണെന്നു പറയുമ്പോൾ അവരുടെ മുഖത്ത് ഒരു ചിരി കാണാം. ആ ചിരിയുടെ അർഥം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ മനസ്സിലാവുമല്ലോ അല്ലേ..? ഏകദേശം മുപ്പതോളം ബീച്ചുകളുള്ള ഗോവയില്‍, സായാഹ്നങ്ങൾ ചെലവഴിക്കാൻ ഞങ്ങളും ബീച്ചുകള്‍തന്നെ തിരഞ്ഞെടുത്തു.

സ്ഥിരം പോകുന്ന ബീച്ചില്‍നിന്നും മാറി അന്ന് ഞങ്ങള്‍ പോയത് പുതിയ ഒരു ബീച്ചിലേക്കായിരുന്നു. സാമാന്യം നല്ല തിരക്കുണ്ട്. അവിടെ വെച്ചാണ് ഞാന്‍ അവളെ ആദ്യമായും അവസാനമായും കാണുന്നത്. മഞ്ഞ ഫ്രോക്കണിഞ്ഞ ഒരു റഷ്യന്‍ സുന്ദരി. അവളെ കണ്ടമാത്രയില്‍തന്നെ നമ്മുടെ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് 'തട്ടത്തിൻ മറയത്തിൽ' ഉണ്ടായ അതേ അനുഭവം, ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിഞ്ഞില്ല!

പിന്നെ വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ആ പ്രത്യേകതരം കാറ്റ്, വിനീത് ശ്രീനിവാസന്റെ തിരക്കഥയെ പൊളിച്ചെഴുതി ഗോവന്‍ തീരത്തേക്ക് വീശി. ആ കാറ്റ് അവളുടെ ചെമ്പന്‍ മുടിയിഴകളെ തഴുകി. മുഖത്തേക്ക് വീണുകിടന്ന മുടിയിഴകള്‍ അവള്‍ കൈകൊണ്ട് പിന്നിലേക്കിട്ടു. അവളുടെ ഓരോ ചലനങ്ങളും എന്നെ പ്രണയാതുരനാക്കി. എന്റെയുള്ളില്‍ ഞാൻതന്നെ എഴുതി ഈണമിട്ട യുഗ്മഗാനം ഉയരാൻ തുടങ്ങി.

ആ ഗാനത്തിനനുസരിച്ച് മണല്‍തരികളില്‍ അവളുടെ നഗ്നപാദങ്ങള്‍ ചുവടുവെച്ചു.പെട്ടെന്ന് എന്റെ പുറത്ത് ഒരു കൈ വന്നു പതിച്ചു.ഗാനം ചരണത്തില്‍വെച്ച് മുറിഞ്ഞു. ഞാന്‍ ഞെട്ടി തിരിഞ്ഞുനോക്കിയപ്പോള്‍, ടാറ്റു അടിക്കാന്‍ പോയ കൂട്ടുകാരന്‍. ചിരിച്ചുകൊണ്ട് അവൻ പറയുന്നു: 'അളിയാ വാ നടക്കാം.' അവന് മറുപടിയായി ഞാന്‍ 'ഉം' എന്ന് മൂളി. അവള്‍ നിന്നിടത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ആ മണല്‍തരികളില്‍നിന്ന് അവളുടെ കാൽപാടുകള്‍ മാഞ്ഞുപോയിരുന്നു. അവളെ തേടി എന്റെ കണ്ണുകള്‍ ആ കടല്‍തീരം മുഴുവന്‍ അലഞ്ഞു.

പക്ഷേ, കണ്ടില്ല. നിരാശയോടെ ഞാന്‍ തിരിച്ച് റൂമിലേക്ക് പോകുമ്പോൾ, എന്റെ ഉള്ളില്‍ ഒരു കൂടുകെട്ടി ആ മഞ്ഞക്കിളിയും ഒപ്പമുണ്ടായിരുന്നു.വടക്കന്‍ കേരളത്തിലെ കാറ്റ്, എന്തായാലും ഗോവയില്‍ വന്നതല്ലേ ഒന്ന് കറങ്ങിയിട്ട് പോകാം എന്നും പറഞ്ഞ് അടുത്ത ബീച്ചിലേക്ക് പോയി. അന്ന് പതിവിലും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രണ്ടുമൂന്ന് ദിവസം എന്റെ സ്വപ്നങ്ങളില്‍ ആ മഞ്ഞക്കിളി പറന്നു നടന്നു.നാലാം ദിവസം ഞാന്‍ നാട്ടിലേക്ക് തിരിച്ചു. വീട്ടില്‍ വന്ന് നേരെ തൃശൂർ അമലയില്‍ അഡ്മിറ്റായി. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, അത് മഞ്ഞപ്പിത്തത്തിന്റെ തുടക്കമായിരുന്നെന്ന്.

Tags:    
News Summary - govayile manjakili

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT