‘ഓർമകളെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ബഹുവർണ്ണ ച്ചരടായൊരു കാവ്യഭാഷ’

ബാലകൃഷ്ണൻ മൊകേരിയുടെ ‘നാട്ടുപച്ച’ എന്ന കാവ്യസമാഹാരത്തിന് ഡോ. ​പ്രഭാകരൻ പഴശ്ശി എഴുതിയ അവതാരിക


കവികൾ ഗൃഹാതുരരാണ്. കാവ്യാസ്വാദകരും തഥൈവ. ഗൃഹാതുരതയാണ് കവിത എന്നു പറഞ്ഞാൽപ്പോലും തെറ്റാവില്ല. കാല്പനികതയും ഗൃഹാതുരതയും ഭാവനയുമില്ലാതെ എന്തു കവിത? അനുഭവങ്ങൾ അനുഭവിക്കുമ്പോൾ നമുക്കത്രയേറെ പ്രിയപ്പെട്ടതാകണമെന്നില്ല. എന്നാൽ കാലമേറെക്കഴിയുമ്പോൾ സ്മരണകൾക്കു മേൽ ഭാവനയും കാല്പനികതയും സർഗ്ഗാത്മകതയുമെല്ലാം പറ്റിച്ചേർന്ന് അത് വീര്യമുള്ള നൊസ്റ്റാൽജിയയായി മാറുന്നു. കാലയാപനത്തിനായുള്ള നെട്ടോട്ടത്തിനിടയിൽ നൊസ്റ്റാൽജിയ കുഴിച്ചെടുത്തു രുചിച്ചു നോക്കാൻ സമയം കിട്ടണമെന്നില്ല. ഏതെങ്കിലുമൊരു പനിക്കാലത്തോ ഏകാന്തത വേട്ടയാടുന്ന അസംതൃപ്ത നിമിഷങ്ങളിലോ ഒരല്പം നൊസ്റ്റാൽജിയ നുകരാൻ കഴിഞ്ഞെന്നിരിക്കും. എന്നാൽ വിരസതയേറുന്നതും ഒഴിവു സമയങ്ങൾക്ക് പഞ്ഞമില്ലാത്തതുമായ വാർദ്ധക്യവേളയിൽ മൃതസഞ്ജീവനി പോലെ നൊസ്റ്റാൽജിയ പ്രയോജനപ്പെടും.

അറുപതുകളിലെത്തിയ കവിയായ ബാലകൃഷ്ണൻ മൊകേരിയുടെ, പോയ കാലത്തെ നിറവും മണവുമുള്ള സ്മരണകൾ നൊസ്റ്റാൽജിയയായി മാറുകയും കാവ്യാത്മകമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ അത് സാഹിത്യസൃഷ്ടിയായി സംരക്ഷിക്കപ്പെടുന്നു. നാട്ടുപച്ച എന്ന കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും നൊസ്റ്റാൽജിയയാണ്. ഗ്രാമ സൗഭാഗ്യങ്ങളുടേയും ബാല്യശൈശവാനുഭവങ്ങളുടേയും പച്ചപ്പ് നിറഞ്ഞു നില്ക്കുന്ന ചെറുകവിതകളാണവ. ഒരു പക്ഷേ മയിൽപ്പീലിയും കണ്ണിമാങ്ങാച്ചൂരുമൊഴികെ ഒട്ടെല്ലാ അനുഭവസ്മരണകളും നൊസ്റ്റാൽജിയയിൽ മുക്കി വരച്ചെടുക്കുകയാണ് കവി ചെയ്യുന്നത്. തറവാട്, കുളം, ഊഞ്ഞാൽ, അപ്പൂപ്പൻ താടി, പുല്ലെണ്ണ, വെള്ളില, കടലാസുതോണി, തുമ്പി, കുഴിയാന, മാനത്തു കണ്ണി, തൊട്ടാവാടി, മഷിത്തണ്ട് എന്നിങ്ങനെ തന്റെ കുട്ടിക്കാലത്ത് പ്രിയങ്കരമായ ഓരോ വസ്തുവും നൊസ്റ്റാൽജിക് കാവ്യമായി പുനർജ്ജനിക്കുകയാണ്, ഈ സമാഹാരത്തിൽ.

ഓർമ്മകളും നൊസ്റ്റാൽജിയയും മാത്രമുണ്ടായാൽ കവിതയാകില്ലല്ലോ. കവിത്വമുള്ള ഒരാളിന്റെ മനനത്തിലൂടെ മാത്രമേ അവ കാവ്യമായി വിടരുകയുള്ളൂ. ഓർമ്മകളെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ബഹുവർണ്ണച്ചരടായി ഒരു കാവ്യഭാഷ തന്നെ ബാലകൃഷ്ണൻ മൊകേരിക്ക് സ്വന്തമായുണ്ട്. തെങ്ങിനോടു പിണങ്ങിപ്പിരിഞ്ഞതാം തൊണ്ട്, ചിലന്തിയുടെ ധർമ്മസങ്കടമാകുന്ന ജീവിതയാത്ര, പുല്ലിന്റെ കണ്ണീര്, അടുക്കളക്കൂരിരുൾത്താര, സ്വപ്നത്താൽ നട്ടുനനച്ച ചെടികൾ, താലിദൂരം എന്നിങ്ങനെ കവിത നിറയുന്ന പ്രയോഗങ്ങൾ നൊസ്റ്റാൽജിയയെ കവിതയാക്കി പരിണമിപ്പിക്കാൻ സഹായിക്കുന്നു.

കാട്, ഗ്രാമം, നഗരം എന്നിങ്ങനെ ജീവികളുടെ വാസസ്ഥലികൾ വ്യത്യസ്തമാണ്. മൃഗങ്ങളുടെ കാട്ടുജീവിതത്തിന്റെ ആഖ്യാനം കുട്ടികളിഷ്ടപ്പെടുന്നതിനു കാരണം കുട്ടിയിൽ മൃഗങ്ങളും അധിവസിക്കുന്നു എന്നതാണ്. നഗരത്തിൽ കുടിയേറാനുള്ള ത്വര യൗവനത്തിന്റെ ആവേശമാണ്. ആനന്ദാനുഭവങ്ങളോടുള്ള അഭിനിവേശം നഗരാധിനിവേശത്തിന്റെ പ്രേരണയാണ്. നഗരത്തിലെ അക്ഷയഖനി തേടി ഗ്രാമത്തെ ഉപേക്ഷിക്കുന്നവർ തങ്ങളുടെ പരന്നു പടർന്ന വേരുകളെയാണ് അറുത്തു മാറ്റുന്നത്.

വൃദ്ധനായ കുട്ടി ഗ്രാമജീവിതമാണിഷ്ടപ്പെടുന്നത്. തിരിച്ച് ഗ്രാമത്തിലേക്ക് പറിച്ചു നടാൻ കഴിയാതെ വരുമ്പോൾ നന്മകളാൽ സമൃദ്ധമായ നാട്ടിൻ പുറത്തെ അയാൾ തിരികെ തന്റെ മനസ്സിലേക്ക് പറിച്ചു നടുകയാണ്. ഗ്രാമത്തിലെ ജീവിതാനുഭവങ്ങളാണ് അതു നഷ്ടമായ പില്ക്കാലജീവിതത്തിൽ ബാലകൃഷ്ണൻ മൊകേരിയിലും മധുരമുള്ള ഓർമ്മയായി പുനർജ്ജനിക്കുന്നത്. ആളനക്കമില്ലാത്ത തറവാടും പച്ചപ്പായൽക്കുളവും നാട്ടുവഴികളും തൊട്ടാവാടിയും തുമ്പയും കുഴിയാനയും ചൂണ്ടയുമെന്നു വേണ്ട, കവിയുടെ ഒട്ടുമിക്ക ബാല്യാനുഭവങ്ങളും ഗ്രാമജീവിതം സ്വന്തമായുള്ള ആരിലും മധുരസ്മരണകളുണർത്തും. ഈ കവിതകളിലൂടെ സമാനമനസ്കരായ സഹൃദയരും പുനർജ്ജനിയിലേക്ക് കടന്നുചെല്ലും.

മലയാളത്തിലെ ഏറ്റവും മഹാനായ കവി വൈലോപ്പിള്ളിയാണ്. വൈലോപ്പിള്ളിയുടെ ഹൃദയത്തിലേക്ക് തീർത്ഥയാത്ര നടത്താൻ എം.എ. ക്ലാസിൽ ബാലകൃഷ്ണന്റേയും എന്റേയുമൊക്കെ വഴി കാട്ടിയായത് പ്രൊഫ. എം.എൻ. വിജയന്റെ വിശകലനവിമർശനപാടവമാണ്. ചെറുശ്ശേരിയും ചങ്ങമ്പുഴയും കടമ്മനിട്ടയും ബാലചന്ദ്രനുമൊക്കെ അനുകരണങ്ങൾ കാരണം പ്രതീതിശോഷണം നേരിട്ട കവികളാണ്. എന്നാൽ വൈലോപ്പിള്ളിക്കവിതകൾ പൊതുവെ അനുകരണത്തിന് വഴങ്ങുന്നവയല്ല. അധികമാരും ആ സാഹസത്തിന് മുതിരാറുമില്ല. എങ്കിലും

സ്വന്തമായ ഒരു കാവ്യശൈലിയുള്ള ബാലകൃഷ്ണൻ മൊകേരിയുടെ ഈ നൊസ്റ്റാൽജിയക്കവിതകൾക്ക് വഴി വെളിച്ചം നല്കിയത് വൈലോപ്പിള്ളിയാണോ എന്നു സംശയിക്കേണ്ടതാണ്. നാട്ടുപച്ച മണക്കുന്ന വഴിവരികൾ വൈലോപ്പിള്ളിക്കവിത കഴിഞ്ഞാൽപ്പിന്നെ ദർശിക്കാൻ കഴിയുന്നത് ബാലകൃഷ്ണൻ മൊകേരിയുടെ ഈ കവിതാസമാഹാരത്തിലാണ്.

സ്വന്തമായി പരസ്യക്കമ്പനി നടത്തിക്കൊണ്ടു പോകുകയോ പരസ്യക്കമ്പനിയെ ആശ്രയിക്കുകയാ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കു മാത്രമേ നേട്ടങ്ങൾ കൊയ്യാൻ കഴിയുകയുള്ളൂ. മാർക്കറ്റിൽ സജീവമായ പലതും ഗുണമേന്മയിൽ പിറകിലായിരിക്കാം. സാഹിത്യത്തിൽ പരസ്യത്തിനു പണവും അദ്ധ്വാനവും മാറ്റി വയ്ക്കുന്നവർക്കേ നിലനില്പുള്ളൂ. സ്വന്തമായി പത്രാധിപന്മാരും പ്രസാധകരും നിരൂപകരും ആരാധകരുമുള്ള സാഹിത്യകാരനേ വിറ്റഴിക്കപ്പെടുകയുള്ളൂ.

കല്ലുപ്പും കടലപ്പിണ്ണാക്കും അയമോദകവും വെള്ളുള്ളിയുമൊക്കെ പരസ്യത്തിന്റെ പിൻബലമില്ലാതെ വിറ്റുപോകുന്നതു പോലെ സാഹിത്യ മേഖലയിലും പരസ്യത്തിന്റെ അകമ്പടിയില്ലാതെ ചില കൃതികൾ ആസ്വദിക്കപ്പെടാറുണ്ട്. അവ സാംസ്കാരികാരോഗ്യത്തിന് ഉതകുന്നവയാണെന്ന് തിരിച്ചറിയപ്പെടാറുമുണ്ട്. പരസ്യം നോക്കി നികുതിപ്പണം ചെലവഴിച്ച് പുസ്തകം വാങ്ങുന്ന വായനശാലാ സെക്രട്ടറിമാർ അവയെ അവഗണിച്ചെന്നു വരും. എന്നാൽ സമാനഹൃദയർ അവയെ തേടിപ്പിടിക്കും. അത്തരമൊരു കാവ്യപുസ്തകമായി ബാലകൃഷ്ണൻ മൊകേരിയുടെ നാട്ടുപച്ചയും പ്രചരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Dr Prabhakaran Pazhassi on Balakrishnan Mokeri's poems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.