കേരളത്തിൽ സാമൂഹികപുരോഗതിക്ക് അടിത്തറ പാകിയത് ഇ.എം.എസ്-പിണറായി

തിരുവനന്തപുരം: കേരളം ഇന്ന് കൈവരിച്ച സാമൂഹിക പുരോഗതിക്ക് അടിത്തറ പാകിയത് ഇ.എം.എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.എസിന്റെ ഓർമ്മദിനത്തിന്റെ ഭാഗമായി ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് ഭൂപരിഷ്കരണ നടപടികൾ ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമിക്ക് മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേർത്തതെന്ന് പറയുന്നത്.

​കുറിപ്പി​​െൻറ പൂർണരൂപം:

സഖാവ് ഇഎംഎസിന്റെ ഓർമ്മദിനമാണിന്ന്. സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ സഖാവ് സംഘടിതതൊഴിലാളി പ്രസ്ഥാനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ ദിശാബോധം നൽകുന്നതിൽ മുൻനിരയിൽ നിന്ന കമ്മ്യൂണിസ്റ്റാണ്. മികച്ച സൈദ്ധാന്തികനെന്ന നിലയിലുളള നിരന്തരമായ ഇടപെടലുകൾക്കൊപ്പം പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ചിട്ടുണ്ട്.

1957 ൽ ഐക്യകേരളത്തിലെ ആദ്യമുഖ്യമന്ത്രിയായി ചുമതലയേറ്റ സഖാവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പല ചുവടുവെപ്പുകളുമാണ് കേരളം ഇന്നു കൈവരിച്ച സാമൂഹികപുരോഗതിക്ക് അടിത്തറ പാകിയത്. ഇഎംഎസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്കരണ നടപടികൾ ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമിക്ക് മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേർത്തത്. പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ മേഖലയിലും വരുത്തിയ സമൂലമാറ്റങ്ങളും ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന് അടിത്തറയിട്ടു.

ആദ്യ ഇഎംഎസ് സർക്കാരിന്റെ വികസന നടപടികളുടെ ഗുണഫലം നേരിട്ടനുഭവിച്ചവരുടെ പിൻഗാമികളാണ് ഇന്നത്തെ സമൂഹം. ഈ തലമുറ മാറ്റത്തിന്റെ അനുരണനങ്ങൾ സമസ്ത മേഖലകളിലുമുണ്ട്. നല്ല വിദ്യാഭ്യാസം ലഭിച്ചതും നൂതന ആശയവിനിമയ രീതികളുമായി ഏറെ ഇണങ്ങിയവരുമായ പുതിയ തലമുറയെ മികച്ച അവസരങ്ങളിലേക്ക് ഉയർത്തേണ്ടതുണ്ട്. അതിനു പര്യാപ്തമായ തരത്തിൽ സജ്ജരാക്കുകയും സൗകര്യങ്ങളൊരുക്കുകയും വേണ്ടതുണ്ട്. അത്തരം പുതുതലമുറ പ്രശ്നങ്ങൾ ഉൾക്കൊണ്ട്, സമൂഹത്തിന്റെ സമഗ്രമായ വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്തും, പൊതുജനാരോഗ്യ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചു. അറിവും നൈപുണിയും കൈമുതലായ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ നമുക്കാകണം. ഇതിനാവശ്യമായ ഒരു ജനകീയ വികസന മാതൃകയെ രൂപപ്പെടുത്തുകയാണ് ഈ എൽഡിഎഫ് സർക്കാർ.

കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം എന്നിവയിലൂടെ ഏവര്‍ക്കുമനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കിയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചും പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ സഖാവ് ഇഎംഎസിന്റെ ഓർമ്മകൾ നമുക്ക് കരുത്തുപകരട്ടെ.

Tags:    
News Summary - Chief Minister Pinarayi Vijayan about EMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT