വായനയുടെ ഇതളുകളടരുമ്പോൾ

വായന സച്ചിയിലേക്ക്. സച്ചിദാനന്ദൻ കവിതയുടെ ചെറു വസന്തങ്ങളെ പെറുക്കിക്കൂട്ടട്ടെ. കവിത വായിക്കാനറിയാത്തവൾ, കവിത പറയാൻ അറിയാത്തവൾകവിത എഴുതാൻ ശീലമില്ലാത്തവൾ, കവിതയെ

ക്ലാസ് മുറിയുടെ കുഞ്ഞി കൗതുകങ്ങൾക്ക് മുന്നിൽ മാല കോർക്കും പോലെ വാഴനാരിൽ കൊരുത്തു കൂട്ടി അറിയാൻ ശ്രമിക്കുന്നവൾ, സച്ചിദാനന്ദനെ പോലൊരു കവിയെ വായിക്കുമ്പോൾ കുറവുകളുടെ നൂലാമാലകളിൽ ബോധരഹിതയാകുന്നു. കൈയിൽ കിട്ടിയ മറ്റൊരു സന്തോഷം ഒരു കവിതാ വസന്തമാണ്.

സച്ചിദാനന്ദന്‍റെ 'ഒരു ചെറിയ വസന്തം' (ഡി.സി ബുക്സ്)

"ഇല്ലിനിയാ മഴയിൽ കുളിക്കില്ല ഞാൻ

വെള്ളം ചിതറിത്തെറിപ്പിച്ചിടവഴി

ക്കല്ലുകൾ മുല്ലകളാക്കി, ഉടുപ്പിലു_

മുള്ളിലുമീറനും പേറി, ഓലക്കുട

വെള്ളത്തിൽ വള്ളമായ് വിട്ടു, പെരുമഴ

ത്തള്ളിലെൻ വീട്ടിലേക്കണയില്ല ഞാൻ"

- ഇല്ലിനി -

എത്ര സുന്ദരമാണ് ഭാഷ. കാവ്യ ബിംബങ്ങളുടെ ഘോഷയാത്ര തന്നെ.

"ഇല്ല ഞാൻ ചൂളമടിക്കില്ല കാറ്റിന്‍റെ

കല്യാണി മൂളി; മഴയുടെ സാവേരി -

യെന്നെത്തരിപ്പിക്കയില്ല, ഞാൻ പാടില്ല -

യിന്നു തുലാവർഷ നാനാർത്ഥ ഭംഗികൾ"

കവിതയുടെ മഴയേൽക്കാതെ

കാറ്റിന്‍റെ കല്യാണി കവിതയിൽ തിരയാതെ

തുലാവർഷത്തിന്‍റെ നാനാർത്ഥ ഭംഗികളിൽ ഒന്ന് മുഖം പൂഴ്ത്താതെ

ഈ വരികളെ ഞാൻ എങ്ങനെ തൊടും ?

എഴുത്തിൽ ആനന്ദവും ദുഃഖവും അഭിന്നമാണെന്ന് പറയുന്ന കവിയോടൊപ്പമാണ് ഞാൻ.

"രണ്ടു വേദനകൾക്കിടയ്ക്കുള്ള

ഒരിടുങ്ങിയ സ്ഥലമാണ് ആനന്ദം

സൂര്യകാന്തി പോലെ

പൂത്ത ഇളം വെയിലുള്ള ഒരിടം.

ഒരാൾക്ക്, ഏറിയാൽ രണ്ടാൾക്ക്

മാത്രം ഇരിക്കാവുന്നത്,

ഏറെ നിറങ്ങളില്ലാത്ത ഒരു പൂമ്പാറ്റയ്ക്കും..."

ഭൂമിയെ കെണിയിലാക്കിയ ശൂന്യാകാശം പോലെ, വേദനകൾ ശാശ്വതമാണ്, അവയുടെ ഇടം വിശാലവും എന്നു പറയുന്ന കവി ഉറപ്പിക്കുന്നു

"പ്രകാശ വർഷങ്ങൾ സഞ്ചരിച്ച്

നിങ്ങളുടെ ആത്മാവ്

ഒരു നക്ഷത്രത്തിൽ ചേക്കേറിയേക്കാം

അവിടെ അതിന് പുതിയ

ഒരുടൽ കൈവരും

അപ്പോൾ നിങ്ങളറിയും

രണ്ടു വേദനകൾക്കിടയിലുള്ള

ഒരു ഇടുങ്ങിയ സ്ഥലമാണ്

ആനന്ദം "

ആ ഇടുങ്ങിയ സ്ഥലത്ത് പൂക്കുന്ന ഒരു വസന്തമാണ് സച്ചിദാനന്ദന്‍റെ എഴുത്ത്.

ഒരു ചെറിയ വസന്തം എന്ന കവിത കാവ്യ ഭാഷയുടെ വസന്തം തന്നെ തരുന്നു.

"ഒരു ചെറിയ വസന്തം ,

ഒരളുക്കിലൊക്കാവുന്നത്

അഥവാ ഒരു കൃഷ്ണമണിയിൽ.

അത്ര മേൽ തീക്ഷ്ണമായിരുന്നു

അതിന്‍റെ നിറങ്ങളും മണങ്ങളും

നീണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല,

ചില കൗമാര പ്രണയങ്ങൾ പോലെ.

ഒരു ചെറിയ വസന്തം

ഹേമന്തം വന്നതറിയാതെ

തെറ്റിപ്പൂത്ത വാകമരം പോലെ

....................

കവിതയെ സമകാലികതയുടെ പെരുവഴിയിൽ കൊണ്ടു നിർത്താനും കവി മറക്കുന്നില്ല,

"എന്‍റെ ഹൃദയത്തിന്‍റെ

ഇല പൊഴിഞ്ഞ ചില്ലയിൽ

രണ്ടു കുഞ്ഞു ജഡങ്ങൾ തൂങ്ങിയാടുന്നു

അവരുടെ കീറിയ ഉടുപ്പുകൾ കാറ്റിൽ

കീഴക്കപ്പെട്ടവരുടെ കൊടികൾ പോലെ

നിറമറ്റു തളർന്നു കിടക്കുന്നു

.................

കവിയുടെ മാത്രമല്ല, നമ്മുടെയൊക്കെയും ഊൺ തളികയിൽ ഇളം ചോര ഇറ്റിറ്റു വീഴുന്നുണ്ട്. വസന്തത്തെ സ്വപ്നം കാണൽ കവിയെപ്പോലെ നമ്മളും ചിലപ്പോഴെങ്കിലും നിർത്തി വയ്ക്കാറുണ്ട്. കുറ്റവാളികൾക്കൊക്കെ എന്‍റെ മുഖം എന്ന തിരിച്ചറിവിൽ നമ്മളും എത്തുന്നുണ്ട്.

"പരിചിതമാണീ മുഖമെന്നാൽ

പരിചിതമല്ലത്രത്തോളം..."

എന്ന വരികൾ ആവർത്തിക്കുന്നു. ആരോ വാതിലിൽ മുട്ടുന്നു എന്ന കവിതയിൽ മരണം മണക്കുമ്പോഴും കൊതിപ്പിക്കുന്നു

ആ വരികൾ.

"പലകുറി വന്നിവൾ മുറ്റത്ത്

പലകുറി, വാതിൽപ്പടിയോളം

ജ്വരമൂർഛയിലെൻ ബാല്യത്തിൽ

പതറും ധൂസര വേളകളിൽ

വിരലിൽ തൊട്ടു വിളിക്കാറു-

ണ്ടിവൾ, ഉണ്ടാകാറുണ്ടപ്പോൾ

വളകൾ കിലുങ്ങുമിടംകയ്യിൽ

വലിയൊരിലഞ്ഞിപ്പൂങ്കുലയും

ചെറു പാവാടച്ചെമ്പുള്ളി

യ്ക്കിടയിൽ മിന്നും താരകളും

ചെറുമണി കോർത്തോരു പാദസരം

പതിയെയുതിർക്കും തരിനിനദം

ചെവിയിൽ മൃദു സംഗീതം പോൽ

വരികെന്നുള്ളൊരു വിളിയാകെ

അയമോദകവും ചന്ദനവും"

ഏതോ പോയൊരു പൂക്കാലം കൊതിയോടെ വിളിക്കുന്നു. പണ്ടെന്നോ മുതയായോരെൻ മുത്തശ്ശി, പാരിനെ മൂടുന്ന ഹേമന്തം വിളി ആരുടേതുമാകട്ടെ പോകാതിരിക്കാൻ നമുക്ക് കാരണങ്ങളുണ്ടാകുമ്പോൾ.

പറഞ്ഞില്ലേ, കവിത വായിക്കാനറിയില്ല. പെറുക്കി കൂട്ടിയതാണ് ഒരു ചെറു വസന്തത്തെ. ക്ലൈമാക്സിൽ കവിത മാത്രം മിച്ചമാകുന്ന ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഞാനും തൊടട്ടെ സച്ചിദാനന്ദന്‍റെ കവിതയെ.

Tags:    
News Summary - book review -oru cheriya vasantham by sachidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.