1999ലാണ് മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ആർ. ചിത്രജകുമാറിന്റെ നേതൃത്വത്തിൽ ‘രചന അക്ഷരവേദി’ രൂപവത്കരിക്കുന്നത്. 1971ലെ ലിപി പരിഷ്കരണം മൂലം താറുമാറാക്കപ്പെട്ട മലയാള അക്ഷരങ്ങളെ ഡിജിറ്റൽ മലയാളത്തിനായി സമഗ്രമായി ആവിഷ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ മലയാളത്തിന്റെ അക്ഷര സാങ്കേതികത നിർണയിക്കുന്നതിൽ ‘രചന’ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ആർ. ചിത്രജകുമാറിനൊപ്പം ഇതിനെല്ലാം പിറകിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. കെ.എച്ച്. ഹുസൈനുമുണ്ടായിരുന്നു.
കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടടക്കം അനേകം പ്രസാധകർ പരിഷ്കരിച്ച ലിപി ഉപേക്ഷിച്ച് ‘രചന’യുടെ തനതു അക്ഷരങ്ങൾ അച്ചടിക്കായി തെരഞ്ഞെടുത്തിരിക്കുന്നു. മലയാളത്തിലെ ഒരു ദിനപത്രം (ജനയുഗം) അച്ചടിച്ചിറക്കാൻ തക്കവണ്ണം ’രചന’ ആധികാരികത നേടിയിരിക്കുന്നു.
ഇന്ത്യയിലെ പ്രശസ്ത ഡിജിറ്റൽ ആർക്കൈവായ ‘സായാഹ്ന ഫൗണ്ടേഷൻ’ (http://www.sayahna.org/) ഡയറക്ടർ സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുറ്റമറ്റ ഭാഷാസാങ്കേതികതയുടെ നിർവഹണത്തിനായി ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി’ (ആർ.ഐ.ടി.) ഒട്ടേറെ യൂനികോഡ് ഫോണ്ടുകൾ ഡിസൈൻ ചെയ്ത് പരിപാലിച്ചുപോരുന്നതിന് പിന്നിലും ഹുസൈന്റെ കരസ്പർശം കാണാം. രചന, മീര, ഉറൂബ്, സുന്ദർ, കുട്ടി, എഴുത്ത്, കരുണ, ചിങ്ങം തുടങ്ങി എല്ലാ ആർ.ഐ.ടി. ഫോണ്ടുകളും സ്വതന്ത്രവും സൗജന്യവുമായാണ് വിതരണം ചെയ്യപ്പെടുന്നത്. രചന ശ്രേണിയിൽ രൂപകൽപന ചെയ്യപ്പെട്ട ഏറ്റവും പുതിയ ഫോണ്ടാണ് ബഹദൂർ (RIT Bahadur.ttf). നിരവധി ഫോണ്ടുകൾക്ക് ജന്മംകൊടുത്ത ഡോ. കെ.എച്ച്. ഹുസൈനാണ് പുതിയ ബഹദൂർ ഫോണ്ടിന്റെയും ശിൽപി..
1978ൽ പ്രസിദ്ധീകരിച്ച ബഹദൂർ സ്മരണികയുടെ ആർട്ടിസ്റ്റ് നമ്പൂതിരി ഡിസൈൻ ചെയ്ത കവർ ചിത്രവും അക്ഷരങ്ങളുമായിരുന്നു ബഹദൂർ ഫോണ്ടിന്റെ പ്രചോദനം. പുസ്തകത്തിനായുള്ള ലേഖനങ്ങൾ സമ്പാദിച്ച് ടൈപ്പ്സെറ്റിങ് ചെയ്യുന്നതോടൊപ്പം ഫോണ്ടിന്റെ നിർമിതിയും പുരോഗമിച്ചു. ഇന്നത് ഒരു ഗ്ലോബൽ യൂനികോഡ് ഫോണ്ടായി http://www.rachana.org.in ൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഈ അക്ഷരങ്ങളിലൂടെ ഭാഷയുടെ ഒരു സൗന്ദര്യാവിഷ്കാരമായി ബഹദൂർ എന്നും നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.