വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞു, 'ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ'

ദ്യ സിനിമയായ 'അന്യരുടെ ഭൂമി'ക്കു ശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ മാമുക്കോയ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറാണ് അതിനു കാരണം. കലാസംവിധായകനായ എസ്. കൊന്നനാട്ട്, പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ എന്ന നോവൽ സിനിമയാക്കുന്നു. കൊന്നനാട്ട് ആദ്യമായി സിനിമ സംവിധാനം ചെയ്യുകയാണ്.

ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപായി ഗുരുവിന്‍റെ അനുഗ്രഹം വാങ്ങാനായി കൊന്നനാട്ടും പി.എ. മുഹമ്മദ് കോയയും ബേപ്പൂരിൽ ബഷീറിന്‍റെ വീട്ടിലെത്തി. അപ്പോൾ മാമുക്കോയയും കുറച്ചാളുകളും മാങ്കോസ്റ്റിന്റെ ചുവട്ടിലുണ്ട്. മടങ്ങുന്നതിന് മുൻപായി കൊന്നനാട്ടിനോട് ബഷീർ ചോദിച്ചു ‘അതേ ഇത് കോഴിക്കോട് പശ്ചാത്തലമായിട്ടുള്ളൊരു കഥയാണ്. ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ. എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ’. പിന്നെന്താ കൊടുക്കാലോ എന്നായി കൊന്നനാട്ട്. സിനിമാ സംഘം മടങ്ങിയ ശേഷം ചായയൊക്കെ കുടിച്ചു പോകാൻ നേരം ബഷീർ ഓർമിപ്പിച്ചു, ‘പോയി നോക്കണം’. അങ്ങനെ ലൊക്കേഷനിലെത്തി. അപ്പോളാണ് മനസിലാകുന്നത് സത്യത്തിൽ ആ സിനിമയിൽ വേഷമൊന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിന്നെ ബഷീർ പറഞ്ഞതായതിനാൽ ഒഴിവാക്കാനും വയ്യ.

സിനിമയിൽ കെ.പി. ഉമ്മർ ഒരറബിയാണ്. അറബിക്കല്യാണവും മറ്റുമൊക്കെയാണ് കഥ. ഇതിൽ അറബിക്ക് പോകാനും വരാനും ഒരു കുതിരവണ്ടിയുണ്ട്. നാടകത്തിലൊക്കെ അഭിനയിച്ചിരുന്ന സ്നേഹിതനായ കൃഷ്ണൻ കുട്ടിക്കാണ് കുതിരവണ്ടിക്കാരന്റെ വേഷം. എന്നാൽ കുതിരയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന ആളായി നിൽക്കട്ടെയെന്ന് തീരുമാനിച്ചു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിൽ അഭിനയിക്കുന്ന ബഹദൂറിനും നെല്ലിക്കോട് ഭാസ്കരനും മാമുക്കോയയോട് സഹതാപം തോന്നി. അങ്ങനെ അവര് സംവിധായകനോട് പറ‍ഞ്ഞ് ചായക്കടയിലൊക്കെയുള്ള കുറച്ചു സീനുകളിൽ കൂടി ഉൾപ്പെടുത്തി. ഇതായിരുന്നു രണ്ടാമത്തെ സിനിമ.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം

ശ്രീനിവാസൻ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയാണ് തന്നെ ശരിക്കും സിനിമാ നടനാക്കിയതെന്ന് മാമുക്കോയ പറയാറുണ്ടായിരുന്നു. അതിനു കാരണക്കാരൻ ശ്രീനിവാസനും. നാടകാഭിനയവുമായി നടക്കുന്ന കാലത്തുതന്നെ ശ്രീനിവാസനുമായി പരിചയമുണ്ട്. നാടക പ്രസ്ഥാനവുമായി ശ്രീനിവാസൻ തലശ്ശേരിയിലുണ്ട്. ഇടയ്ക്ക് കോഴിക്കോട്ടും വരും. അപ്പോഴാണ് അരോമ മണി ശ്രീനിവാസന്റെ സ്ക്രിപ്റ്റിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ചെയ്യുന്നതിനായി കോഴിക്കോട്ട് എത്തുന്നത്. എന്നെ കിട്ടാതെ വന്നപ്പോൾ ശ്രീനിവാസൻ സുഹൃത്ത് അശോകനെ വിളിച്ചു. അശോകൻ ചെന്നു കണ്ടപ്പോൾ പറഞ്ഞു. ‘സ്കൂൾ പശ്ചാത്തലത്തിലുള്ളൊരു കഥയാണ്.

കുറേ അധ്യാപക കഥാപാത്രങ്ങളുണ്ട്. അതിൽ അറബി മുൻഷിയുടെ വേഷം മാമുവിനെക്കൊണ്ട് ചെയ്യിക്കാം എന്ന്. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. ആദ്യത്തെ ചില സീനുകളൊക്കെ കണ്ടപ്പോൾ സിബി മലയിൽ ശ്രീനിവാസനോട് പറഞ്ഞു, ‘അറബി മുൻഷി തരക്കേടില്ലല്ലോ’. രണ്ടുമൂന്ന് സീൻ മാത്രമേ സ്ക്രിപ്റ്റിലുണ്ടായിരുന്നുള്ളൂ. പിന്നീട് സീൻ കൂട്ടി. അങ്ങനെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി മാറി.

ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ല. ഈ സിനിമ കഴിഞ്ഞ ഉടൻ തന്നെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ ശ്രീനിവാസന്റെ ശുപാർശയിൽ വേഷംകിട്ടി. മോഹൻലാലിന്‍റെ കൂട്ടുകാരിലൊരാൾ. ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ തന്നെ സത്യൻ അന്തിക്കാട്–ശ്രീനിവാസൻ ടീമിന്‍റെ സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമ. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം രാരീരം. അങ്ങനെ മാമുക്കോയയിലെ അഭിനയപ്രതിഭ യാത്ര തുടർന്നു.

Tags:    
News Summary - actor mamukkoyas relation with vaikom muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT