മത്സരശേഷം കണ്ണുകൾ തുളുമ്പി
കുനിഞ്ഞു നിന്ന മുയലിനെ
ചേർത്തുപിടിച്ച് ആമ സാന്ത്വനപ്പെടുത്തി.
പരസ്പരം ഫോൺ നമ്പറുകൾ
കൈമാറുമ്പോഴേക്കും ആമയുടെ
തിളക്കമാർന്ന കണ്ണുകൾ
മുയലിന്റെ കണ്ണുകളിലെ ദൈന്യത
ഊറ്റിക്കളഞ്ഞിരുന്നു.
രാപ്പേടിയുള്ള ആമയും
പകലുറങ്ങാത്ത മുയലും
രാപ്പകൽ അറിയാതറിയാതെ
ഫോൺ കോളുകളിൽ മുഴുകി.
ഫിനിഷിങ് ലൈനിലേക്ക് ഓടിയടുക്കുന്ന
മത്സരാർഥികളെപ്പോലെ
അവരുടെ വാക്കുകൾക്ക് വേഗവും
ചിന്തകൾക്ക് ഉന്മാദവും
കൂടിക്കൂടി വന്നു.
മത്സരാവേശത്തിലെ
കൈയടികളും കൂക്കിവിളികളും
കമന്ററികളും പതിയെ
ഫോൺകോളുകൾക്കിടയിൽ
കയറിത്തുടങ്ങി.
വൈബും വേവ് ലെങ്തും
വെവ്വേറെയാണെന്നത്
പ്രാക്ടീസ് സെഷനുകളില്ലാ-
ത്തതിന്റെ കുറവെന്ന നിഗമനത്തിലെത്തി
ഇത്തവണ മത്സരം ഉപേക്ഷിച്ച്,
ഫോൺകോളുകൾ കട്ട് ചെയ്ത്,
രണ്ടു പേരും ട്രാക്കുകൾ
മാറിയകലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.