മുഖ്യമന്ത്രി; നാട്ടാരറിയാൻ പുസ്തകം, ഡോക്യൂമെന്ററി, വാഴ്ത്തുപാട്ടുകൾ ഇനിയും വരാനിരിക്കുന്നു...

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുളള മത്സരം മറനീക്കി പുറത്ത് വരുന്നു. എല്ലാ സീമകളും ലംഘിക്കപ്പെടുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. കെ.സി. വേണുഗോപാൽ, ​രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പുസ്തകം, ഡോക്യൂമെന്ററി എന്നിവയുമായി കളം നിറയുകയാണ്. ഇതിനെല്ലാം പുറമെ പ്രവർത്തകരുടെ വക വാഴ്ത്തുപാട്ടുകൾ നിറയുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. എല്ലാ നേതാക്കളും സകല നമ്പറും പുറത്തെടുക്കയാണ്.

ചെന്നിത്തലയെ കുറിച്ച് ജനനായകൻ എന്ന പേരിൽ ഡോക്യൂമെന്ററി പുറത്തിറങ്ങി കഴിഞ്ഞു. കെ.സി. വേണ​ുഗോപാലിനെ കുറിച്ച് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററി അവസാനഘട്ടത്തിലാണ്. വി.ഡി സതീശന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും.  ഈ പോരിൽ മുതിർന്ന നേതാക്കളിൽ പലരും അമർഷത്തിലാണ്. എന്നാൽ, ആരാകണം മുഖ്യമ​ന്ത്രിയെന്ന് തീരുമാനിക്കുന്നതിൽ ചേരിതിരിഞ്ഞ് പ്രവർത്തകർ കൊമ്പുകോർക്കുകയാണ്. 

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഫേസ്ബുക്കിലൂടെയാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. ‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം കെ.സി. വേണുഗോപാലിന്റെ ദീര്‍ഘകാലത്തെ പാര്‍ലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്‌സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതല്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, നഴ്‌സുമാരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുതിർന്ന നേതാവ് അജയ് തറയിൽ ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടിൽ കുറിപ്പെഴുതി മുഖ്യമന്ത്രി ചർച്ചക്ക് ആക്കം കൂട്ടുകയാണ്. 

കുറിപ്പ് പുർണരൂപത്തിൽ

എന്റെ സ്വപ്നത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി

വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം.സമരമുഖത്ത് നിന്ന് പിന്നോട്ടില്ലാതെ, പൊലീസ് മർദ്ദനവും അടിച്ചമർത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയിൽ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം. സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആയിരിക്കണം. നിലപാടുകളിൽ സ്ഥിരത ഉള്ളവൻ ആയിരിക്കണം . ഇത്തരം ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം. ഇതെല്ലാം അനുഭവിച്ച വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് സ്വപ്നം കാണുന്നത്.

— അജയ് തറയിൽ

Tags:    
News Summary - A collection of K.C. Venugopal speech for readers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT