അക്ഷരപ്പുരകൾക്ക് മേൽ ഫാഷിസം കൈവെക്കുമ്പോൾ...

ഗ്രന്ഥശാലകൾ ഒരു നാടിന്‍റെ സാംസ്കാരിക തലസ്ഥാനങ്ങളാണെന്ന് പൊതുവെ പറയാറുണ്ട്. രാഷ്ട്രീയ ജാതി മത വർണ വർഗ വ്യത്യാസങ്ങളില്ലാതെ ഏവർക്കും ഒന്നിച്ചിരിക്കാനും ആശയങ്ങളുടെ വ്യത്യസ്ത ചിന്താതലങ്ങളിൽ നിന്നുകൊണ്ട് നാടിന്‍റെ ഐക്യത്തിനും വികസനത്തിനും പൊതു ചിന്തകൾ രൂപപ്പെടുത്തിയെടുക്കുന്നതിലും ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആധുനിക കാലഘട്ടത്തിൽ ലൈബ്രറികൾ കേവലം പുസ്തക വിതരണ കേന്ദ്രങ്ങൾ മാത്രമല്ല. മറിച്ച് നിരവധി മാനുഷിക വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹിക കേന്ദ്രങ്ങൾ കൂടിയാണ്

ചരിത്രവും വിദ്യാഭ്യാസവും ശാസ്ത്രവുമെല്ലാം തകർത്ത് മുന്നേറുന്ന രാജ്യഭരണക്കാരുടെ പുതിയ ഉന്നം ഗ്രന്ഥശാലകളാണ്. സംസ്കാരങ്ങളുടേയും ഉപസംസ്കാരങ്ങളുടേയും പൂങ്കാവനമായി വളർന്നുവന്ന ഇന്ത്യൻ ദേശീയതയെ ലോകരാജ്യങ്ങൾ അത്ഭുതത്തോടെയും തെല്ലൊരു അസൂയയോടെയുമാണ് കണ്ടത്. വൈവിധ്യങ്ങൾക്കിടയിലും കണ്ടെത്താൻ കഴിയുന്ന ഏകതയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനും ആറിനും രാജ്യതലസ്ഥാനത്ത് പ്രഗതി മൈതാനിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ ഗ്രന്ഥശാലാ പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ലൈബ്രറി ഫെസ്റ്റിവൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു ആയിരുന്നു ഉദ്ഘാടക. ലൈബ്രറി രംഗത്ത് കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കുന്ന നൂതന പരിഷ്കാരങ്ങൾ വിശദീകരിക്കുന്നതിനും ഇതിനായി വകയിരുത്തിയ തുകയുടെ വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കുമായാണ് ലൈബ്രറി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലൈബ്രറി പ്രവർത്തകരോടൊപ്പം കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രതിനിധികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഗ്രന്ഥശാലാ നവീകരണ പ്രവർത്തനങ്ങൾക്കായി 1500 കോടി നീക്കിവെക്കുമെന്നും അതിന്‍റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കും എന്നുമായിരുന്നു അറിയിപ്പ്. അതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ സംഘാടന ചുമതല കേന്ദ്ര ഗവൺമെന്റിന് കീഴിയുള്ള സ്ഥാപനമായ രാജാറാം മോഹൻ റോയ് ഫൗണ്ടേഷനായിരുന്നു (ആർ.ആർ.എൽ.എഫ്). 

 

ഗ്രന്ഥശാലാ രംഗത്തെ നവീകരണ പ്രവർത്തനങ്ങളേക്കാളുപരി പരിപാടിയുടെ ലക്ഷ്യം ഗ്രന്ഥശാലകളെ സംസ്ഥാന ലിസ്റ്റിൽ നിന്നും മാറ്റി കൺകറന്‍റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്ര ഗവൺമെൻറിന്‍റെ നീക്കങ്ങൾക്ക് തുടക്കംകുറിക്കുക എന്നതായിരുന്നു. രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ കൊൽക്കത്ത നാഷണൽ ലൈബ്രറിയുടെ ഡയറക്ടർ ജനറലുമായ അജയ് പ്രതാപ് സിങ്ങ് പരിപാടിയുടെ തുടക്കത്തിൽ തന്നെ രാജ്യത്തെ മഹാഭൂരിപക്ഷം ലൈബ്രറികളും സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലാണെന്നും ഇത് ലൈബ്രറി മൂവ്മെന്‍റിന് തടസ്സമുണ്ടാക്കുന്നതായും ആയത് കൊണ്ട് പ്രതിനിധികൾ നാട്ടിൽ തിരിച്ചെത്തിയാലുടൻ ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിലേക്ക് മാറ്റണമെന്നും, ഇത് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് അയച്ചു കൊടുക്കണമെന്നും കൃത്യമായ നിർദ്ദേശം പ്രതിനിധികൾക്ക് നൽകി. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ രേഖാമൂലം അവരുടെ പ്രതിഷേധം അപ്പോൾ തന്നെ അറിയിച്ചു. ഒരു രാഷ്ട്രം-ഒരു ഗ്രന്ഥശാല നിയമം, ഒരു രാഷ്ട്രം - ഒരു ഡിജിറ്റൽ ലൈബ്രറി എന്ന ആശയം മുന്നോട്ട് വെച്ചത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആയിരുന്നു.

സമകാലിക ഭരണകൂടം അക്ഷരങ്ങളേയും ആശയങ്ങളേയും സംവാദങ്ങളേയും എത്രമേൽ ഭയക്കുന്നു എന്നത് 2014 മുതൽ പ്രകടമാണ്. ഗ്രന്ഥശാലകളെ കൂടി കൺകറന്‍റ് ലിസ്റ്റിൽ (സമവർത്തി പട്ടിക) ഉൾപ്പെടുത്താനുള്ള നീക്കം വിദ്യാഭ്യാസ രംഗത്തും ചരിത്രരംഗത്തും നടത്തുന്ന കടന്നുകയറ്റത്തിനു ശേഷം സാംസ്കാരിക രംഗത്തുകൂടി പിടിമുറുക്കാനുള്ള സംഘ്പരിവാർ നീക്കത്തിന്‍റെ ഭാഗമായേ കാണാനാവൂ.

ഒരു രാഷ്ട്രം-ഒരു ഡിജിറ്റൽ ലൈബ്രറി എന്ന മുദ്രാവാക്യത്തെ ആശങ്കയോടെയാണ് ഗ്രന്ഥശാലാ പ്രവർത്തകർ നോക്കിക്കാണുന്നത്. ഇന്ത്യയിൽ ലൈബ്രറി ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ലോക ഭാഷകളിലേയും വിവിധ ഇന്ത്യൻ ഭാഷകളിലേയും പുസ്തകളുടെ മൊഴിമാറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കൊൽക്കത്തയിലെ സെൻട്രൽ ലൈബ്രറിയാണ്. ഒരു കമ്പ്യൂട്ടർ സംവിധാനത്തിലൂടെ ശൃംഖലവൽക്കരിക്കപ്പെടുന്ന ഗ്രന്ഥശാലകളിലൂടെ സംഘ്പരിവാർ ആശയപ്രചാരണത്തിനുള്ള വേദിയായി ഗ്രന്ഥശാലാ പ്രവർത്തനം മാറ്റപ്പെട്ടേക്കാം. ഒരു കേന്ദ്രത്തിൽ  തയാറാക്കപ്പെടുന്ന ആശയങ്ങളെ രാജ്യത്തെ ലൈബ്രറി സോഫ്റ്റ്വെയറുകളിലേക്ക് വിന്യസിക്കപ്പെടുകയും ലൈബ്രറികളെ ആശ്രയിക്കുന്ന വിജ്ഞാന സമൂഹത്തിലേക്ക് അതിവേഗം പരിവർത്തനം ചെയ്യാനും സാധിക്കും. 

 

ശാസ്ത്രയുക്തിക്ക് തീരെ നിരക്കാത്തതും അന്ധവിശ്വാസങ്ങൾക്ക് പ്രാണവായു നൽകുന്നതുമായ പുസ്തകങ്ങൾ ലൈബ്രറികൾക്ക് നൽകിക്കൊണ്ട്, കേരളം പോലുള്ള സംസ്ഥാനങ്ങൾ നേടിയെടുത്ത സാംസ്കാരിക മുന്നേറ്റത്തിൽ നിന്നുള്ള പിൻ നടത്തത്തിനാണ് കേന്ദ്ര ഗവൺമെന്‍റ് ശ്രമിക്കുന്നത്. ചില പ്രത്യേക എഴുത്തുകാരുടേയും പ്രസാധകരുടേയും മാത്രം പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യണമെന്ന കേന്ദ്ര ഗവൺമെന്‍റിനാൽ നിയന്ത്രിതമായ രാജാറാം മോഹൻറോയ് ഫൗണ്ടേഷന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുസ്തക ഗ്രാൻറ് തന്നെ ഒഴിവാക്കേണ്ട നിസ്സഹായാവസ്ഥ മുൻ വർഷങ്ങളിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന് ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ജനാധിപത്യപരവും ജനകീയ കൂട്ടായ്മയിലും ഗ്രന്ഥശാലാ പ്രവർത്തനം നടക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഓരോ വർഷവും സംസ്ഥാന ലൈബ്രറി കൗൺസിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും പ്രാതിനിധ്യമുള്ള ഗ്രഡേഷൻ കമ്മിറ്റിയാണ്  ലൈബ്രറികളിൽ പരിശോധന നടത്തി ഗ്രേഡുകൾ നിശ്ചയിക്കുന്നത്. എന്നാൽ രാജാറാം മോഹൻറോയ് ലൈബ്രറി ഫൗണ്ടേഷനെ ഗ്രഡേഷൻ ഏജൻസിയായി പ്രഖ്യാപിക്കുന്നതിലൂടെ ഈ രംഗത്തെ ജനാധിപത്യ ഇടപെടൽ പൂർണമായി അവസാനിക്കുകയും ഗ്രഡേഷൻ പരിശോധന ഉൾപ്പെടെ പൂർണമായി ഉദ്യോഗസ്ഥ കേന്ദ്രീകൃതമാവുകയും ചെയ്യും.

ഇന്ത്യയിലാകെ46,746 രജിസ്ട്രേഡ് ലൈബ്രറികൾ (സ്കൂൾ, കോളജ് വായനശാലകൾ ഒഴികെ) ഉണ്ടെന്നാണ് ആർ.ആർ.എൽ.എഫിന്‍റെ കണക്ക്. ഇതിൽ 9516 വായനശാലകളും കേരളത്തിലാണ് എന്നുള്ളതാണ് പ്രത്യേകത. മഹാഭൂരിപക്ഷവും പ്രവർത്തിക്കുന്നത് നാലോ അഞ്ചോ സംസ്ഥാനങ്ങളിലാണ്. പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെ മാത്രമാണ് ലൈബ്രറികളുടെ എണ്ണം. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ലൈബ്രറികൾ ഉള്ളതും കേരളത്തിലാണ്. കേരളത്തിൽ 8987 ആളുകൾക്ക് ഒരു ലൈബ്രറി ഉള്ളപ്പോൾ മേഘാലയയിൽ 29,66,889 ആളുകൾക്കാണ് ഒരു ലൈബ്രറി ഉള്ളത് എന്ന സർക്കാർ കണക്ക് കേരളത്തിന്‍റെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ കരുത്ത് വിളിച്ചോതുന്നതാണ്. ഇവയിൽ 99 ശതമാനം ഗ്രന്ഥശാലകളും ജനകീയ അടിത്തറയിൽ പടുത്തുയർത്തിയതാണ്. ഈ ജനകീയാടിത്തറയും ജനാധിപത്യസ്വഭാവവുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ ഗ്രന്ഥശാലകളെ വേർതിരിച്ച് നിർത്തുന്നത്. ഈ ജനകീയ ജൈവബന്ധം തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന് പറയാതെവയ്യ. 

 

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെയും നിർഭയരായ വഴികാട്ടികളുടെ അനുപമമായ ഭാവനയുടേയും ധിഷണാ ശേഷിയുടേയും ഉലയിൽ പരുവപ്പെട്ടതാണ് നാട്ടിൻപുറത്തെ സാധാരണ ഗ്രന്ഥശാലകൾ മുതൽ സംസ്ഥാനതലം വരെയുള്ള ഗ്രന്ഥശാലാ സംഘം സമിതികൾ വരെ. കാലഘട്ടത്തിനു മുന്നേ സഞ്ചരിച്ച യുഗപ്രഭാവരായ മുഴുവൻ നേതാക്കളുടേയും ഹൃദ്രക്തത്താൽ ബലപ്പെട്ടതാണ് ഈ പ്രസ്ഥാനം.

എന്ത് വായിക്കണം, എപ്പോൾ വായിക്കണം, എങ്ങനെ വായിക്കണം എന്നത് ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നിന്നുള്ള തിട്ടൂരത്തിന് വിധേയപ്പെടേണ്ടതല്ലെന്നും അത് പൗരന്‍റെ മൗലിക അവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ ഗ്രന്ഥശാലാ ദിനത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന് ഗ്രന്ഥശാലാ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് വായനശാലകളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളിലൂടെ. ഇതിന്‍റെ ഭാഗമായി സെപ്റ്റംബർ 14ന് നടത്തുന്ന ഗ്രന്ഥശാല സംരക്ഷണ സദസ്സിലേക്കും അക്ഷരദീപം തെളിയിക്കൽ പരിപാടിയിലേക്കും എല്ലാ ജനാധിപത്യ വിശ്വാസികളേയും ക്ഷണിക്കുന്നു.

(സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - When fascism takes over libraries...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.