Image courtesy: The Wire.in

വിഖ്യാത ചരിത്രസ്മാരകവും മുഗൾ രാജവംശത്തിന്‍റെ ശേഷിപ്പുമായ താജ്മഹലിനെ തീവ്രഹിന്ദുത്വ വാദികൾ ലക്ഷ്യമിട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. ബി.ജെ.പിയും സംഘ്പരിവാറിന് കീഴിലെ വിവിധങ്ങളായ സംഘടനകളും പ്രസ്താവനകളിലൂടെ താജ്മഹലിന്‍റെ അസ്​തിത്വത്തെ ചോദ്യംചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളിലേക്ക് രാജ്യം ഭരിക്കുന്ന തീവ്രഹിന്ദുത്വവാദികൾ അധിനിവേശം തുടരുമ്പോൾ താജ്മഹലിന് വേണ്ടിയുള്ള അവകാശവാദങ്ങളും അതിക്രമങ്ങളും കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്ന് കാണാൻ കഴി‍യും.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്‍റെ പ്രിയ പത്നി മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് യമുനാനദിക്കരയിലെ വെണ്ണക്കൽ കൊട്ടാരം. 1632ൽ നിർമാണം തുടങ്ങി 1653ൽ പൂർത്തിയാക്കിയെന്നാണ് ചരിത്രരേഖകൾ. മുഗൾ-പേർഷ്യൻ സംസ്കാരങ്ങളുടെ സങ്കലനമായ താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചതുമായ ചരിത്രനിർമിതിയാണ്. ദശലക്ഷക്കണക്കിന് സഞ്ചാരികൾ വർഷം തോറും താജ്മഹലിനെ തേടിയെത്തുന്നുണ്ട്.




'താജ്മഹൽ; ദ ട്രൂ സ്റ്റോറി' എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനും പത്രപ്രവർത്തകനും സ്വയംപ്രഖ്യാപിത ചരിത്രകാരനുമായിരുന്ന പുരുഷോത്തം നാഗേഷ് ഒാക്ക് ആണ് താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന വാദം ഉയർത്തിയത്. താജ്മഹൽ യഥാർഥത്തിൽ ഒരു ശിവക്ഷേത്രമാണെന്നും തേജോമഹാലയ എന്ന് പേരുള്ള കൊട്ടാരം ഷാജഹാൻ പിടിച്ചെടുത്ത് ഒരു ശവകുടീരമായി മാറ്റി എന്നുമാണ് ഇദ്ദേഹം പുസ്തകത്തിൽ പറയുന്നത്. ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശ വാദം അംഗീകരിക്കണമെന്ന ഒാക്കിന്‍റെ ഹരജി 2000ൽ സുപ്രീംകോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉന്നം വെച്ചുള്ള ഈ വാദങ്ങൾ സുപ്രീംകോടതി മുഖവിലക്കെടുക്കാതെ തള്ളുകയായിരുന്നു.

എന്നാൽ, രാഷ്ട്രീയാധികാരം കൈയാളിത്തുടങ്ങിയപ്പോൾ തീവ്രഹിന്ദുത്വ വാദികൾ പഴയ വാദം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. സംഘ്പരിവാർ വിഭാവനം ചെയ്യുന്ന ഇന്ത്യയിൽ ഒരു മുഗൾ രാജാവിന്‍റെ നിർമിതി ലോകപ്രസിദ്ധിയോടെ നിലകൊള്ളുന്നത് അവർക്ക് ഉൾക്കൊള്ളാവുന്നതിലപ്പുറമാണ്.




താജ്മഹൽ തേജോമഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്നും അതിനകത്ത് ഹൈന്ദവ ആചാരങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 2015ൽ യു.പിയിലെ ആറ് അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. 12ാം നൂറ്റാണ്ടിൽ രാജാ പരമാദ്രി ദേവാണ് കെട്ടിടം നിർമിച്ചതെന്നും പിന്നീട് ഇത് ജയ്പൂർ രാജാവായ രാജാ മാൻസിങ്ങിന്‍റെ അധീനതയിലായെന്നും ഇവർ വാദിച്ചു. 17ാം നൂറ്റാണ്ടിൽ രാജാ ജയ്സിങ്ങിന്‍റെ കൈവശമായിരുന്ന കെട്ടിടം പിന്നീട് ഷാജഹാൻ കൂട്ടിച്ചേർക്കലുകൾ നടത്തി തന്‍റേതാക്കുകയായിരുന്നുവെന്നാണ് ഇവർ വാദിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച ജില്ല കോടതി, ആഭ്യന്തര വകുപ്പിനും ആർക്കിയോളജിക്കൽ വിഭാഗത്തിനും നോട്ടീസ് നൽകി. താജ്മഹൽ ഒരു ശവകുടീരമാണെന്നും ക്ഷേത്രമല്ലെന്നും സാംസ്കാരിക വകുപ്പ് 2015ൽ പാർലമെന്‍റിൽ വിശദീകരിച്ചു. താജ്മഹൽ ഒരിക്കലും ഒരു ക്ഷേത്രമായിരുന്നില്ലെന്നും മുസ്​ലിം ശവകുടീരമാണെന്നും 2017ൽ പുരാവസ്തു ഗവേഷണ വകുപ്പ് ആഗ്ര കോടതിയെ അറിയിക്കുകയും ചെയ്തു.

എന്നാൽ, ആർ.എസ്.എസ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. പി.എൻ. ഓക്കിന്‍റെ സിദ്ധാന്തത്തെ അവർ പലപ്പോഴായി തങ്ങളുടെ വാദങ്ങളിൽ ഉയർത്തുന്ന കാഴ്ചയാണ് കണ്ടത്. ഒന്നുകിൽ താജ്മഹൽ ഹിന്ദുക്കളുടേതെന്ന് വാദിക്കുക. അല്ലെങ്കിൽ താജ്മഹൽ വിദേശികളുടേതാണെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്തുക. ഈയൊരു തന്ത്രമാണ് പലപ്പോഴായി സംഘ്പരിവാർ സ്വീകരിച്ചുവന്നത്.

താജ്മഹൽ രാജ്യദ്രോഹികൾ നിർമിച്ചതാണെന്നും അതിനാൽ ഇന്ത്യൻ ചരിത്രത്തിൽ ഉൾപ്പെടുത്തരുതെന്നും വാദിച്ചത് ബി.ജെ.പി എം.എൽ.എയായ സംഗീത് സോം ആണ്. പിന്നീട്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ വാദം ആവർത്തിച്ചു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നായിരുന്നു യോഗി പറഞ്ഞത്. ഇതിന് പിന്നാലെ, യു.പി വിനോദസഞ്ചാര വകുപ്പിന്‍റെ ടൂറിസം ബുക്​ലെറ്റിൽ നിന്നും താജ്മഹലിനെ ഒഴിവാക്കി. ലോകപ്രസിദ്ധമായ താജ്മഹലിനെ ടൂറിസം കൈപ്പുസ്തകത്തിൽ നിന്നൊഴിവാക്കിയത് വൻ വിവാദമായിരുന്നു.




താജ്മഹലിനെ തേജോമഹാലയ ക്ഷേത്രമെന്ന് വിശേഷിപ്പിച്ച് അലിഗഢിൽ ഹിന്ദുമഹാസഭ കലണ്ടർ ഇറക്കിയിരുന്നു. ഇസ്‌ലാം വിശ്വാസികളുടെ പുണ്യകേന്ദ്രമായ മക്കയെ 'മക്കേശ്വര്‍ മഹാദേവ ക്ഷേത്രം' എന്നും പേരുമാറ്റിയാണ് ഇവർ അവതരിപ്പിച്ചിരുന്നത്. 2017ൽ താജ്മഹലിനുള്ളിൽ രണ്ട് യുവാക്കൾ പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈന്ദവാചാരപ്രകാരമുള്ള ശിവപൂജയുടെ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. പിന്നീടും പലപ്പോഴായി അതിക്രമങ്ങളും ആരോപണങ്ങളും തുടർന്നു.

കഴിഞ്ഞ വർഷമാണ് താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവ് കപിൽ മിശ്ര രംഗത്തെത്തിയത്. താജ്​മഹലി​​ന്‍റെ യഥാർഥ പേര്​ തേജോമഹാലയ എന്നാണ്​. കഴിഞ്ഞ 300 വർഷമായി താജ്​മഹൽ ഷാജഹാൻ നിർമിച്ചതാണെന്ന രീതിയിൽ കബളിപ്പിക്കപ്പെടുകയാണ്. താജ്​മഹൽ ഹിന്ദുക്ഷേത്രമാണെന്ന്​ സ്ഥാപിക്കുന്ന രീതിയിലുള്ള ചിത്രവും കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

സമാന വാദവുമായി ബി.ജെ.പി നേതാവ്​ വിനയ്​ കത്യാറും രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാവ്​ അനന്ദ്​ കുമാർ ഹെഗ്​ഡെ അവകാശപ്പെട്ടത് താജ്​മഹൽ ഷാജഹാൻ നിർമിച്ചതല്ലെന്നും ജയസിംഹ രാജാവി​​ന്‍റെ പക്കൽനിന്ന്​ വാങ്ങുകയായിരുന്നുവെന്നുമാണ്. മലയാളിയും സംഘ്പരിവാർ ബുദ്ധിജീവിയുമായ രാഹുൽ ഈശ്വറും താജ്മഹൽ ക്ഷേത്രമാണെന്ന വാദം പലപ്പോഴായി ഉയർത്തിയിട്ടുണ്ട്. പി.എൻ. ഓക്കിന്‍റെ വാദമാണ് രാഹുൽ ഈശ്വർ ആവർത്തിക്കുന്നത്.

സമീപകാലത്ത് നിരന്തരം താജ്മഹലിന് നേരെ അതിക്രമങ്ങൾ നടത്തുന്നത് ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടനയുടെ ചുമതലയായിട്ടുണ്ട്. ആർ.എസ്.എസിനോട് അടുത്തു നിൽക്കുന്ന സംഘടനയാണ് ഹിന്ദു ജാഗരൺ മഞ്ച്. കഴിഞ്ഞ ഒക്ടോബറിൽ കാവിക്കൊടിയുമായി താജ്മഹലിൽ ഇവർ അതിക്രമിച്ച് കയറിയിരുന്നു. ഹിന്ദു ജാഗരൺ മഞ്ച് ജില്ല അധ്യക്ഷൻ ഗൗരവ് താക്കൂറിന്‍റെ േനതൃത്വത്തിലായിരുന്നു നടപടി. താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്നും ഹിന്ദുക്കൾക്ക് കൈമാറുന്നത് വരെ ഇതിനായി പോരാടുമെന്നുമാണ് സംഘടനയുടെ തീരുമാനം. തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്നും താൻ അഞ്ച് തവണയെങ്കിലും ഇവിടെയെത്തി പരമശിവനോട് പ്രാർഥിച്ചിട്ടുണ്ട് എന്നുമാണ് ഗൗരവ് താക്കൂർ അവകാശപ്പെട്ടത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസമാണ് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ നാല് പ്രവർത്തകരെ താജ്മഹലിനുള്ളിൽ കാവിക്കൊടി വീശിയതിന് സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറിയത്.




ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം കൂടുതൽ മുസ്​ലിം ആരാധനാലയങ്ങളെ തീവ്രഹിന്ദുത്വവാദികൾ ലക്ഷ്യംവെക്കുന്ന സാഹചര്യത്തിൽ താജ്മഹലിനെതിരായ അതിക്രമങ്ങളെയും അവകാശവാദങ്ങളെയും നിസാരമായി കാണാനാകില്ല. 'അയോധ്യ ബാബ്‌റി സിർഫ്‌ ജാൻകി ഹേ: കാശി മഥുര അബ്‌ ബാക്കി ഹേ' (അയോധ്യ ബാബ്‌റി ഒരു തുടക്കംമാത്രം; അടുത്തത്‌ കാശിയും മഥുരയും) എന്നായിരുന്നു സംഘ്പരിവാർ ഉയർത്തിയ മുദ്രാവാക്യം. അയോധ്യയിലെ ബാബ്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം കാശിയിലെയും മഥുരയിലെയും പള്ളികളാണ് ലക്ഷ്യമെന്ന് പല സംഘ്പരിവാർ നേതാക്കളും വ്യക്തമാക്കിയിരുന്നു. വാരണാസിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. മഥുരയിലെ കൃഷ്ണജന്മ ക്ഷേത്ര സമുച്ചയത്തിന് സമീപമാണ് ഷാഹി ഇൗദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പള്ളികളും പൊളിക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്. സംഘ്പരിവാറിന്‍റെ വിവിധ സംഘടനകൾ ഈ ആവശ്യവുമായി കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.




രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളെയാകെ തകർത്ത് തീവ്രദേശീയതയും തീവ്രഹൈന്ദവതയും അധിനിവേശം നടത്തുമ്പോൾ ഷാഹി ഇദ്ഗാഹ് പള്ളിയും ഗ്യാന്‍വാപി പള്ളിയും താജ്മഹലും ഒക്കെയാണ് വേട്ടക്കാരുടെ കൈയിലെ പട്ടികയിലുള്ളത്. 1993 ജനുവരിയിൽ 'കമ്യൂണലിസം കോമ്പാറ്റ്' ‌എന്ന മാസിക ഹിന്ദുത്വവാദികൾ ലക്ഷ്യംവയ്‌ക്കുന്ന ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 30,000 ആരാധനാലയമാണ്‌ ഇങ്ങനെ സംഘപരിവാർ ലക്ഷ്യമിട്ടിട്ടുള്ളത്‌. രാജ്യത്തിന്‍റെ വർത്തമാനകാല സാഹചര്യം പരിഗണിക്കുമ്പോൾ താജ്മഹലിന്‍റെ പേരിന് പകരം തേജോമഹാലയ എന്ന് കേൾക്കുന്നത് ചിരിച്ചുതള്ളാൻ മാത്രമുള്ള തമാശയല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.