വാരിയൻകുന്നനിൽ നിന്ന് മഹാത്മാഗാന്ധിയിലേക്കുള്ള ദൂരം

ഫാഷിസം നീതിയുക്തമായ പ്രത്യയശാസ്ത്രമല്ല എന്ന് വീണ്ടും വിളിച്ചോതുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരി ക്കുന്നു. സ്വാതന്ത്ര്യ സമരമുഖത്ത് അധിനിവേശ ശക്തികൾക്കെതിരെ നിർഭയമായി പോരാടിയ ധീര ദേശാഭിമാനികൾ ഒരു ദു:സ്വപ്നം കണക്കെ സംഘ്പരിവാരത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്ന് സമീപകാലത്തെ അവരുടെ പ്രതികരണങ്ങളിൽ നിന്നും അനുമാനിക്കാം. ദേശവിരുദ്ധ കൊളോണിയൽ ശക്തികളോട് രാജിയായി, മാപ്പെഴുതി കൊടുത്ത സവർക്കറുമാരുടെ അനുയായികൾക്ക്​​ ദേശസ്നേഹവും, രാജ്യാഭിമാനവും അയിത്തമാകുന്നത്​ സ്വാഭാവികമാണ്​.

അസഹിഷ്ണുത വളർത്തി ന്യൂനപക്ഷ വേട്ടയിലൂടെ ഭീകര സാഹചര്യം രൂപപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയത്തിനനുകൂലമായ ഭൂമിക വളർത്തുക എന്ന ജന്മസാഫല്യത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണല്ലോ ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികൾ. മതേതര-ജനാധിപത്യ മൂല്യങ്ങൾ തകർത്തെറിഞ്ഞ് വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള തീവ്ര പ്രയത്നത്തിന്‍റെ കേരള പതിപ്പുകൾക്ക് ചെറുതല്ലാത്ത സ്വാധീനം ലഭ്യമാകുന്നുണ്ടെന്ന് സമകാലീന സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നു.

സ്വന്തം നിലപാടിൽ വിശ്വാസമില്ലാത്തതിന്‍റെ എല്ലാ ലക്ഷണങ്ങളും ഫാഷിസത്തിന്‍റെ ചെയ്തികൾക്കുണ്ട്. ജനാധിപത്യത്തിന്‍റെ ചൈതന്യം വളർത്തണമെങ്കിൽ അസഹിഷ്ണുത വർജിച്ചേ തീരൂ എന്ന ഗാന്ധിയൻ ആഹ്വാനത്തിന് കടക വിരുദ്ധമായൊരു സമീപനം കൈകൊള്ളാൻ മടിയൊന്നും ഗാന്ധിയെ തന്നെ ഇല്ലാതാക്കിയ പ്രത്യയശാസ്ത്രത്തിനുണ്ടാവില്ലല്ലോ?. ഗാന്ധിയും നെഹ്റുവും തീർത്ത ജനാധിപത്യ മതേതര മൂല്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യ വളർച്ചക്ക് വിരുദ്ധമാണെന്ന ബോധ്യം ഉള്ളതുകൊണ്ടാണല്ലോ, സവർക്കർമാരുടെ രാഷ്​ട്ര രക്ഷാസമസ്യകൾ ഏച്ചുകെട്ടി പുതിയ സ്വതന്ത്ര്യ മിത്തുകൾ വാർത്തെടുക്കുന്നത്.


നെഹ്റുവിയൻ തത്വങ്ങൾ ഓർത്തെടുക്കുന്ന സാമൂഹിക പശ്ചാതലത്തിൽ ഫാഷിസ്റ്റ് ആശയധാരകൾക്ക് വളർച്ച നേടാനാവില്ല എന്ന വിശ്വാസം ഒരു ഭാഗത്ത് പ്രവർത്തിക്കുമ്പോൾ, അധിനിവേശ ശക്തികൾക്ക് ഭയപ്പാടു തീർത്ത മലബാർ പോരാളികളുടെ ചരിത്ര ധ്വംസന യജ്ഞവും നടക്കുന്നു എന്നത് യാദൃശ്ചികമല്ല. 

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യ ഘട്ടം മുതൽ ശക്തമായ ദേശീയ പ്രതിരോധങ്ങൾ തീർത്ത കടലോര ചരിത്രങ്ങളാണ്​ മലബാറിന്‍റെ മണ്ണിൽ അന്തിയുറങ്ങുന്നത്​. പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള കൊളോണിയൽ ശക്തികൾക്കെതിരെ സന്ധിയില്ലാതെ പോരാടി ധീര രക്തസാക്ഷിത്വം വഹിച്ച ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ പോരാട്ട ചരിതം നൽകുന്ന പ്രചോദനങ്ങളുടെ അടിവേരറുക്കാൻ കണ്ടെത്തിയ ലളിതമായ മാർഗ്ഗമാണ് അഭിനവ ഹിച്ച്കോക്കുമാരുടെ ചരിത്രത്താളടർത്തൽ.

മമ്പുറം തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളിൽ ഭയചകിതരായ ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ നാടുകടത്തൽ നാടകം പോലെ മറ്റൊരു നിരർഥക ശ്രമം. നെഹ്റുവിനും ഗാന്ധിക്കും ഇടം കിട്ടുന്ന ദേശീയ ബോധത്തിൽ സവർക്കർമാർ ഒറ്റുകാരാകുന്ന പോലെ,  അധിനിവേശ ശക്തികളുടെ ആനുകൂല്യങ്ങൾ പറ്റി നാടിനെ ഒറ്റിയ ജന്മി ചരിത്രത്തിന്‍റെ അപമാനം കഴുകിക്കളയാനുള്ള കുതന്ത്രം. ചരിത്രം നീതിയുക്തമാണ്, അത് വഞ്ചകരെ പുറം കാലിനാൽ ചവിട്ടിയോടിക്കും എന്ന അടിസ്ഥാന ബോധത്തെ രാഷ്ട്രീയാധികാരവും വെറുപ്പിന്‍റെ പ്രത്യയശാസ്ത്രവുമുപയോഗിച്ച് ശുദ്ധികലശം നടത്താം എന്ന ഉട്ടോപ്യൻ സങ്കൽപ്പമാണ്​ അവരെ മുന്നോട്ട്​ നയിക്കുന്നത്​.

ആലി മുസ്ലിയാരും, വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരിതങ്ങളും, പാലക്കാംതൊടി അബൂബക്കർ മുസ്ലിയാരുമൊക്കെ രക്തം ചിന്തിയത് ഒരു രാജ്യത്തിന്‍റെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കുന്നതിനാണ്. ആ ചരിത്ര ഘട്ടത്തോട് ഒരു തരത്തിലുള്ള കടപ്പാടും കാണിക്കാനില്ലാത്തതിന്‍റെ ജാള്യത തീർക്കുന്നതിന്‍റെ പരിഹാസ്യതകളാണ് സംഘ പരിവാർ കേന്ദ്രങ്ങൾ കപട ദേശീയതയിൽ വാർത്തെടുത്ത് ഡൽഹിയിൽ ചുട്ടെടുക്കുന്നത്.


ഓർമകളെ മായ്​ച്ചുകളയുക, അതു പൊളിഞ്ഞാൽ തർക്കിക്കുക, പിന്നെ ഭയപ്പെടുത്തി വിധേയത്വം സൃഷ്ടിക്കുക എന്നീ വഴികളിലൂടെ തങ്ങളുടെ രാഷ്ട്രീയ സ്വാർഥത സംരക്ഷിക്കാമെന്നാണ്​ ഫാഷിസത്തിന്‍റെ മനസ്സിലിരിപ്പ്​. കാലങ്ങളായി രാജ്യത്തുടനീളം അവർ നടപ്പിലാക്കി വിജയിച്ച ഈ തന്ത്രം കേരളത്തിന്‍റെ മതേതര മണ്ണിലേക്ക് ഇറക്കുമതി ചെയ്യുക എന്നത്​ മാത്രമാണ് മുസ്ലിം പോരാളികളുടെ ചരിത്ര വധം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

രാഷ്ട്ര സുരക്ഷയുടേയും രാജ്യസ്നേഹത്തിൻ്റെയും അപ്പോസ്തലന്മാരായി അവതരിച്ച സംഘി സംഹിതകൾക്ക് ചരിത്രത്തോട് നീതി പുലർത്തി നിലനിൽക്കാനാവില്ല എന്ന വസ്തുത മറ്റാരേക്കാളും പരിപൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരം ചരിത്ര നെറികേടുകൾ ചെയ്തു കൂട്ടുന്നത്. ഇന്ന് ദീരദേശാഭിമാനികളായ മുസ്​ലിം പോരാളികളുടെ അറുത്തുമാറ്റലിൽ മൗനം ഭുജിക്കുന്നവരേ.. നാളെ ഗാന്ധിയും നെഹ്റുവുമെല്ലാം ചരിത്ര ഏടുകളിൽ നിന്ന് നിഷ്കാസിതരായി ഗോഡ്സേയും, സവർക്കരുമെല്ലാം പകരക്കാരാകുന്നതിനും സ്വാതന്ത്ര്യ ചരിത്രത്തിന്‍റെ പ്രശോഭിത വഴികളിൽ അന്ധകാരം നിറയുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവരും. അതിനുമുമ്പ്​ ഒരു വാക്കെങ്കിലും പറക നീ.. എന്തെന്നാൽ മൗനം മരണമാകുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.