തോട്ടത്തിൽ നിന്ന് കിട്ടിയ വിചിത്രക്കല്ല് 3000 വർഷം പഴക്കമുള്ള വെങ്കലയുഗ ആയുധ നിർമാണ ഉപകരണമാണെന്ന് കണ്ടെത്തൽ
ചെക്ക് റിപ്പബ്ലിക്കിലെ ഒരാളുടെ തോട്ടത്തിൽനിന്ന് 2007ൽ ലഭിച്ച സാധാരണ കല്ലിന് പിന്നിൽ ഒളിഞ്ഞിരുന്നത് 3,000 വർഷം പഴക്കമുള്ള ചരിത്രം. വെങ്കലയുഗത്തിൽ കുന്തമുനകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അച്ചാണ് ഇതെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി. വർഷങ്ങളോളം ഒരു തൊഴുത്തിന്റെ അടിത്തറയിൽ നിർമ്മാണാവശ്യത്തിനായി ഉപയോഗിച്ചിരുന്ന കല്ലാണ് ഒടുവിൽ അപൂർവമായ പുരാവസ്തുവായി തിരിച്ചറിഞ്ഞത്.
ചെക്ക് റിപ്പബ്ലിക്കിലെ ദക്ഷിണ മൊറാവിയ മേഖലയിലുള്ള മോർകൂവ്കി ഗ്രാമത്തിലാണ് സംഭവം. 2007ൽ ജെ. ടൊമാനെക് എന്ന പ്രദേശവാസിയാണ് തന്റെ തോട്ടത്തിൽ ചതുരാകൃതിയിലുള്ള കല്ല് കണ്ടെത്തിയത്. പിന്നീട് മൊറാവിയൻ മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിലാണ് കല്ലിന്റെ യഥാർഥ പ്രാധാന്യം വ്യക്തമായത്. ഏകദേശം 1350 ബി.സിയിലേതാണ് ഈ അച്ചെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഏകദേശം 23 സെന്റിമീറ്റർ നീളവും ഒരു കിലോഗ്രാമിലധികം ഭാരവുമുള്ളതാണ് കല്ല്. ഇതിന്റെ ഒരു വശത്ത് കുന്തമുനയുടെ ആകൃതിയിലുള്ള പ്രത്യേക അറയുണ്ട്. ആവർത്തിച്ച് ചൂടാക്കിയതിന്റെ അടയാളങ്ങളും ലോഹനിർമാണത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെങ്കലം ഉരുക്കി ഒഴിച്ചാണ് ഇതുപയോഗിച്ച് ആയുധങ്ങൾ നിർമിച്ചിരുന്നത്.
യഥാർഥത്തിൽ രണ്ട് കല്ലുകൾ ചേർത്തുവെച്ചാണ് അച്ച് ഉപയോഗിച്ചിരുന്നത്. ചെമ്പുകമ്പി ഉപയോഗിച്ച് ഇവ ബന്ധിപ്പിച്ചശേഷം കുന്തമുനയുടെ ആകൃതിയിലുള്ള അറയിലേക്ക് ഉരുക്കിയ വെങ്കലം ഒഴിക്കുകയായിരുന്നു രീതി. കുന്തത്തിന്റെ പിടി ഘടിപ്പിക്കുന്നതിനായി ഉള്ളിൽ പൊള്ളയായ ഭാഗവും രൂപപ്പെടുത്തിയിരുന്നു. ഒരേ ആകൃതിയിലും വലുപ്പത്തിലുമുള്ള ആയുധങ്ങൾ ആവർത്തിച്ച് നിർമിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചിരുന്നു.
കല്ലിന്റെ ഉറവിടവും ഗവേഷകരെ അമ്പരപ്പിച്ചു. റയോലൈറ്റ് ടഫ് എന്ന അഗ്നിപർവതശിലയിലാണ് അച്ച് നിർമിച്ചിരിക്കുന്നത്. വടക്കൻ ഹംഗറിയിലെ ബുക്ക്ക് മലനിരകളാണ് ഇതിന്റെ പ്രധാന ഉറവിടമെന്നാണ് ജിയോളജിസ്റ്റുകളുടെ കണ്ടെത്തൽ. അതിനാൽ പുരാതന വ്യാപാരപാതകളിലൂടെ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചായിരിക്കാം കല്ല് ചെക്ക് റിപ്പബ്ലിക്കിലെത്തിയതെന്നാണ് നിഗമനം.
വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തിൽ മധ്യ യൂറോപ്പിൽ വ്യാപിച്ചിരുന്ന അർൺഫീൽഡ് സംസ്കാരവുമായി ഈ അച്ചിന് ബന്ധമുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിച്ച് ചാരം കലങ്ങളിൽ ശേഖരിച്ച് സംസ്കരിക്കുന്ന രീതിയായിരുന്നു ഈ സംസ്കാരത്തിന്റെ പ്രത്യേകത. ലോഹനിർമാണത്തിലും ആയുധങ്ങളുടെ ഉത്പാദനത്തിലും ഇവർക്ക് മികച്ച അറിവുണ്ടായിരുന്നു.
2019ൽ അച്ച് മൊറാവിയൻ മ്യൂസിയത്തിന് കൈമാറി. 2024ൽ മ്യൂസിയത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുത്തി. മസാറിക് സർവകലാശാലയിലെ ഗവേഷകരുടെ സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ 2025ൽ 'ആർക്കിയോളജിക്കൽ റോസ്ഡ്ലെഡി' എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ചു.
3,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആയുധനിർമാണത്തിൽ പുനരുപയോഗിക്കാവുന്ന ഉപകരണങ്ങളും ഒരേ നിലവാരത്തിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യയും നിലനിന്നിരുന്നുവെന്നതിന്റെ തെളിവാണ് ഈ കണ്ടെത്തൽ. പുരാതന മനുഷ്യരുടെ സാങ്കേതികവിദ്യ, വ്യാപാരബന്ധങ്ങൾ, ലോഹനിർമാണ വൈദഗ്ധ്യം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അപൂർവ പുരാവസ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.