ടി.ടി. ദീപു
പത്തനംതിട്ട: യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താന്നിമൂട്ടിൽ ടി.ടി. ദീപുവാണ് (37) കോയിപ്രം പൊലീസിന്റെ പിടിയിലായത്. ബന്ധു ബാറിൽവെച്ച് മർദിച്ച യുവാവിനെ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ചുവരുത്തി അപമാനിച്ചുവിട്ടത് ബന്ധുക്കൾ ചോദിക്കാൻ പോയതിലുള്ള വിരോധത്തിലാണ് യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദിച്ചത്.
ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്ച മുമ്പ് കോഴഞ്ചേരി ബാറിൽവെച്ച് തൊട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ മർദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചക്കായി ഹരിദാസിന്റെ വീട്ടിലെത്തിയ അജിത്തിനെയും ബന്ധുക്കളെയും ദീപുവും ഹരിദാസും ചേർന്ന് അപമാനിച്ച് ഇറക്കിവിട്ടു. തുടർന്ന് അജിത്തിന്റെ ഭാര്യ വിനീതയുടെ ബന്ധുക്കൾ, ദീപു ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചോദിക്കാനെത്തി. ഇതിലെ വിരോധം കാരണം, വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെയും ഭർത്താവിനെയും ദീപു മർദിക്കുകയായിരുന്നു. ഭർത്താവിനെ തള്ളിത്താഴെയിടുന്നതുകണ്ട വിനീതയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചു പുറത്താക്കിയശേഷം, മുറ്റത്തിട്ട് മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. പ്രതിയെ വൈകീട്ടോടെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സി.പി.ഒമാരായ അഭിലാഷ്, അരുൺ, സാജൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.