കാമുകനൊപ്പം ജീവിക്കാന്‍ ഭർത്താവിനെ കൊലപ്പെടുത്തി യുവതി; തോക്കും വെടിയുണ്ടകളും വാങ്ങാൻ പണം കണ്ടെത്തിയത് താലിമാല പണയം വച്ച്
ഭുവനേശ്വർ: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ സുബർണപൂർ ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് പണം കണ്ടെത്തുന്നതിനായി യുവതി മംഗൾസൂത്ര പണയം വെച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി കവിത നാഗ് (34), ഇവരുടെ കാമുകൻ ത്രിലോചൻ എന്ന ടിങ്കു എന്ന ടികേചന്ദ് ബാഗ് (34), യുവരാജ് സാഹു (42) എന്നിവരാണ് അറസ്റ്റിലായത്. കവിതയുടെ ഭർത്താവ് സുദാം നാഗാണ് കൊല്ലപ്പെട്ടത്.
യുവതിയും ത്രിലോചനുമായി രണ്ടുവർഷത്തോളമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും ബന്ധം അറിഞ്ഞ സുദാം അത് അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകുമായിരുന്നു. തുടർന്നാണ് സുദാമിനെ കൊലപ്പെടുത്താൻ മൂന്നുപേരും ചേർന്ന് തീരുമാനിച്ചതെന്ന് സുബർണപൂർ പൊലീസ് സൂപ്രണ്ട് നാരായൺ നായക് വ്യക്തമാക്കി.
കവിത നൽകിയ മംഗൾസൂത്ര ജ്വല്ലറിയിൽ പണയം വെച്ച് 45,000 രൂപ കൈപ്പറ്റിയത് ത്രിലോചനാണ്. ഈ പണം ഉപയോഗിച്ച് നാടൻ തോക്കും വെടിയുണ്ടകളും വാങ്ങിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനായി ഓൺലൈൻ വഴി പണം കൈമാറിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് കൃത്യം നടത്തിയത്. വെൽഡിങ് തൊഴിലാളിയായ സുദാം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ യുവരാജ് സാഹു ഫോണിലൂടെ സുദാമിന്റെ യാത്രയും നീക്കങ്ങളും നിരീക്ഷിച്ച് വിവരങ്ങൾ കവിതക്ക് കൈമാറി. കവിത മെസേജിങ് ആപ്പ് വഴിയും ഫോൺ കോളുകളിലൂടെയും ഈ വിവരങ്ങൾ ത്രിലോചന്‍ കൈമാറിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ത്രിലോചൻ സുദാമിനെ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. ആദ്യ വെടിയുണ്ട കാലിൽ പതിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ വെടിയുണ്ട പുറത്ത് തറച്ചു. നിലത്തുവീണ സുദാമിന് നേരെ തൊട്ടടുത്തുനിന്ന് വീണ്ടും രണ്ടുതവണ വെടിയുതിർത്തു. നെഞ്ചിലും തലയിലും വെടിയേറ്റ സുദാം സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് കവിത പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.